ഇസ്ലാമാബാദ്: വെട്ടുകിളികളുടെ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബിൽ വൻതോതിൽ വിളകൾ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്ഥാൻ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാൻ ഖാനും നാല് മന്ത്രിന്മാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. നിലവിലെ പ്രതിസന്ധി മറികടക്കാൻ 7.3 ലക്ഷംകോടി രൂപയുടെ ദേശീയ കർമ പദ്ധതിയും യോഗത്തിൽ അംഗീകരിച്ചു. 2019 മാർച്ചിലാണ് വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. തുടർന്ന് സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിച്ചു. കൂടാതെ, ദക്ഷിണ പഞ്ചാബ്, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിൽ ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളുമാണ് ഇവ നശിപ്പിച്ചത്. പ്രാദേശികമായി ടദ്ദിസ് എന്ന് വിളിക്കുന്ന ഈ വെട്ടുകിളികൾ മിക്കവാറും ഏതു തരത്തിലുള്ള സസ്യങ്ങളെയും ഭക്ഷണമാക്കും. 10 ആനകൾ അഥവാ 2500 മനുഷ്യർക്ക് വേണ്ട ഭക്ഷണം ഇവയുടെ ഒരു സംഘം ഒരു ദിവസംകൊണ്ട് തിന്നുതീർക്കും. ഇലകൾ, പൂക്കൾ, പഴങ്ങൾ, വിത്തുകൾ, എന്തിന് മരങ്ങളുടെ തോലു പോലും ഇവ കാർന്നുതിന്നും. കൂട്ടത്തോടെ വന്നിരുന്നാൽതന്നെ അവയുടെ ഭാരം മൂലം ചെടികൾ നശിച്ചുപോകുമെന്നാണ് കർഷകർ പറയുന്നത്. പകൽ സമയങ്ങളിൽ പാടങ്ങളിലും കൃഷിയിടങ്ങളിലും പറന്നുനടക്കുന്ന പ്രാണികൾ, രാത്രിയിൽ സസ്യങ്ങളിൽ ഇരിക്കും. ഇവയെ ഓടിക്കുന്നതിനായി ചെണ്ട കൊട്ടുകയും പാത്രങ്ങളിൽ അടിച്ച് ശബ്ദമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഇല്ലെന്നാണ് കർഷകർ പറയുന്നത്. Content Highlights: Emergency declared in Pakistan due to Locust attack
from mathrubhumi.latestnews.rssfeed https://ift.tt/2RNMNfK
via IFTTT
0 അഭിപ്രായങ്ങള്‍