ലഖ്നൗ: സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങൾ നൽകുന്ന സ്കൂൾ തുടങ്ങാൻ ആർഎസ്എസ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷറിലാണ് സ്കൂൾ ആരംഭിക്കുന്നത്. ഏപ്രിൽ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് ആർഎസ്എസിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാഭാരതി എന്ന സംഘടന പറയുന്നത്. വിദ്യാഭാരതിയാണ് സ്കൂൾ നടത്തുക. നാഷണൽ ഡിഫൻസ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്നിക്കൽ എക്സാമിനേഷൻ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും പ്രസ്തുത സ്കൂളിൽ നൽകുക. സ്കൂളിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 23ന് തുടങ്ങും. പ്രവേശനം എൻട്രൻസ് മുഖേനെ ആയിരിക്കും. മാർച്ച് ഒന്നിനാണ് രജിസ്റ്റർ ചെയ്ത കുട്ടികൾക്കായി പ്രവേശന പരീക്ഷ നടത്തുക. പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ അവഗാഹം വിലയിരുത്തുന്ന പരീക്ഷയ്ക്ക് ശേഷം അഭിമുഖവും, ആരോഗ്യ പരിശോധനയും നടത്തിയതിന് ശേഷം മാത്രമേ യോഗ്യരായവരെ കണ്ടെത്തുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഏപ്രിൽ ആറുമുതൽ ക്ളാസുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. അന്തരിച്ച ആർഎസ്എസ് മുൻ മേധാവി രജ്ജു ഭയ്യയുടെ പേരിലാണ് സ്കൂൾ. ഔദ്യോഗിക വിദ്യാഭ്യാസത്തിന് പുറമെ സൈനിക മേഖലയിൽ പ്രവേശിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. സിബിഎസ്ഇ പാഠ്യപദ്ധതിയാണ് സ്കൂളിൽ പിന്തുടരുക. ആകെ 160 സീറ്റാണ് ഇവിടെ ഉള്ളത്. സൈനികസേവനത്തിനിടെ വീരമൃത്യുവരിച്ചവരുടെ മക്കൾക്കായി എട്ട് സീറ്റുകൾ സംവരണം ചെയ്തിട്ടുമുണ്ട്. ഇളം നീല ഷർട്ടും കടുംനീല പാന്റുമാണ് വിദ്യാർഥികളുടെ യൂണിഫോം. അധ്യാപകർക്ക് വെള്ള ഷർട്ടും ചാരനിറത്തിലുള്ള പാന്റുമാണ് യൂണിഫോമായി നിശ്ചയിച്ചിരിക്കുന്നത്. പൂർണമായും റെസിഡൻഷ്യൽ രീതിയിലുള്ള സ്കൂളാണ് തുടങ്ങാൻ പോകുന്നത്. വിദ്യാർഥികൾക്ക് ആത്മീയവും ധാർമികവുമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ ഈ രീതിയാണ് അഭികാമ്യമെന്നാണ് വിദ്യാഭാരതി അധികൃതർ പറയുന്നത്. Content Highlights:First RSS Army school to begin from April in UP
from mathrubhumi.latestnews.rssfeed https://ift.tt/2uyZGkL
via IFTTT
0 അഭിപ്രായങ്ങള്‍