അങ്കാറ: ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടത്തിന്റെ അവിശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ അമ്മയേയും രണ്ട് വയസ്സുകാരി മകളേയും മണിക്കൂറുകൾക്ക് ശേഷം ജീവനോടെ പുറത്തെടുത്തു. 28 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങൾക്കുളളിൽ കുടുങ്ങിക്കിടന്നതിനു ശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്. കിഴക്കൻ തുർക്കിയിലെ എലസിഗ് മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കുള്ളിലാണ് 35കാരി അയ്സെ യിൽദിസും രണ്ട് വയസ്സുകാരി മകൾ യുസ്രയും അകപ്പെട്ടത്. ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിനൊടുവിലാണ് അമ്മയേയും മകളേയും ജീവനോടെ പുറത്തെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ ഇരുവർക്കും സാരമായ പരിക്കുകളൊന്നുമില്ല. വിദഗ്ധ നിരീക്ഷണത്തിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വലിയ ദുരന്തമായിട്ടും പരിക്കുകളൊന്നുമില്ലാതെ ഇരുവരും രക്ഷപ്പെട്ടത് അത്ഭുതകരമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. തുർക്കിയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിന് 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ദുരന്തത്തിൽ 38 പേർ കൊല്ലപ്പെടുകയും 1500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൻ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. Content Highlights:2-yr-old girl found alive under collapsed building 28 hrs after earthquake
from mathrubhumi.latestnews.rssfeed https://ift.tt/36tXGYn
via IFTTT
0 അഭിപ്രായങ്ങള്‍