പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭ പ്രമേയം പാസാക്കില്ല -അജിത് പവാർ

പുണെ: രാഷ്ട്രപതി ഒപ്പുവെച്ചു പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭയിൽ പ്രമേയം പാസാക്കാൻ സാധ്യമല്ലെന്ന് ഉപ മുഖ്യമന്ത്രി അജിത് പവാർ. പുണെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ എടുത്ത നിലപാട് മഹാരാഷ്ട്രയിൽ നടപ്പാക്കാൻ പ്രയാസമാണ്. ഈ സംസ്ഥാനങ്ങളിലെ നിയമസഭകൾ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രമേയം പാസ്സാക്കാൻ എടുത്ത താത്പര്യം മഹാരാഷ്ട്ര നിയമസഭയുടെ കാര്യത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ സംസ്ഥാനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമായ ഒരു കൂട്ടുകക്ഷി ഭരണമാണ് മഹാരാഷ്ട്രയിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി.യുമായുള്ള ബന്ധം ഉപേക്ഷിച്ച ശിവസേനയോടൊപ്പം ചേർന്നാണ് എൻ.സി.പി.യും കോൺഗ്രസും ഇവിടെ ഭരണം പങ്കിടുന്നത്. ചൊവ്വാഴ്ചയോടെ രണ്ട് മാസം പൂർത്തിയാക്കിയ പുതിയ സർക്കാരിന്റെ രൂപവത്കരണ സമയത്ത് ഇക്കാര്യത്തിൽ ശിവസേന എടുത്ത നിലപാടിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം ഒരു പ്രമേയത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നൽകില്ലെന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. പൗരത്വനിയമ ഭേദഗതിയെ ലോക് സഭയിൽ പിന്തുണച്ച ശിവസേന രാജ്യസഭയിൽ ഇതിന്റെ വോട്ടിങ് സമയത്ത് സഭയിൽനിന്ന് ഇറങ്ങിപ്പോക്ക് നടത്തുകയാണുണ്ടായത്. മഹാരാഷ്ട്രയിൽ നിയമം നടപ്പാക്കില്ലെന്ന് ശിവസേന നേരത്തേ പറഞ്ഞെങ്കിലും കഴിഞ്ഞദിവസം വ്യത്യസ്ത നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്ലിങ്ങളെ ഇന്ത്യയിൽനിന്ന് പുറത്താക്കണമെന്ന പ്രഖ്യാപനം കഴിഞ്ഞദിവസം പാർട്ടിയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന നടത്തിയത്. സംസ്ഥാനത്ത് പാർട്ടിയുടെ പ്രധാന വെല്ലുവിളിയായി തുടരുന്ന രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അനധികൃത കുടിയേറ്റക്കാരായ മുസ്ലിങ്ങൾക്ക് എതിരെ സംസ്ഥാനത്ത് റാലി നടത്താൻ തീരുമാനിച്ചതിനെത്തുടർന്നാണ് ശിവസേനയും തങ്ങളുടെ ഹിന്ദു അജൻഡയിലേക്ക് ഇപ്പോൾ തിരിഞ്ഞിട്ടുള്ളത്. Content Highlights:Maharashtra Assembly will not pass a resolution challenging caa-ajit pawar

from mathrubhumi.latestnews.rssfeed https://ift.tt/36CyIpA
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍