തിരുവനന്തപുരം: നാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിച്ച് കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ഇടപെടലുകളും നടപടികളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി സംഘടിപ്പിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്ഥാനതല പ്രദർശനമായ 'കേരള നിർമിതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ഗുണനിലവാരമില്ലാത്തത് കണ്ടെത്തിയാൽ നിർത്തിവയ്ക്കും. അവ ഗുണനിലവാരത്തിലാക്കാനുള്ള പരിഹാരം നിർദ്ദേശിക്കും. ഇക്കാര്യത്തിലൊന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. നാടിന്റെ വികസനത്തിനുള്ള പ്രവർത്തനങ്ങൾക്ക് ഒരു ന്യൂനതയുമുണ്ടായിക്കൂടാ എന്നതാണ് കാരണം. ചരിത്രത്തിൽ ഇതുവരെ കാണാത്ത വികസന പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയായി കിഫ്ബി പ്രവർത്തിക്കുകയാണ്. രാജ്യത്തിന് അനുകരിക്കാവുന്ന മാതൃകയാണത്. എറണാകുളത്ത് പെട്രോ കെമിക്കൽ പാർക്കിനുള്ള ഭൂമി ഏറ്റെടുക്കൽ യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഇതുവരെയുള്ള ഏറ്റവും വലിയ ഭൂമിയേറ്റെടുക്കലാണിത്. കിഫ്ബിയിൽ നിന്ന് 1000 കോടി രൂപ കിൻഫ്രയ്ക്ക് ഇതിനായി നൽകിക്കഴിഞ്ഞു. എഫ്.എ.സി.ടി.യിലെ 489 ഏക്കർ ഭൂമിയിലാണ് ഇത് യാഥാർത്ഥ്യമാകുന്നത്. പാർക്ക് വരുന്നതോടെ പതിനായിരം യുവാക്കൾക്ക് നേരിട്ടും അയ്യായിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ദേശീയപാത വികസനത്തിന് ഇനി വേണ്ടിവരുന്ന ഭൂമിയേറ്റെടുക്കലിനുള്ള തുകയുടെ സംസ്ഥാനവിഹിതം കിഫ്ബി കൈമാറിക്കഴിഞ്ഞു. കിഫ്ബി വഴി ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങളുണ്ടാക്കാനായി. കിഫ്ബി വഴി 591 പദ്ധതികൾക്കായി 45619 കോടി രൂപയുടെ അനുമതി നൽകിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിവാദങ്ങൾക്ക് ക്ഷാമമില്ല. ഏതു പദ്ധതിയിലും ഉണ്ടാകും. കിഫ്ബിക്കും ഉണ്ടായി. എന്നാൽ തികച്ചും സുതാര്യമായ രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളുടെയും വികസനം കിഫ്ബിയിലൂടെ സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിന് ശേഷം മാത്രം സാധ്യമാകുമായിരുന്ന പദ്ധതികളാണ് സംസ്ഥാനത്ത് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുന്ന പദ്ധതികളാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ.ശ്രീകുമാർ, എം.എൽ.എ.മാരായ കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, ബി.സത്യൻ, സി.ദിവാകരൻ, ഡി.കെ.മുരളി, വി.എസ്.ശിവകുമാർ, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2MjWlfA
via IFTTT
0 അഭിപ്രായങ്ങള്‍