തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം ജനുവരിയിൽ 2 ലക്ഷം വീടുകൾ കേരളത്തിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലൈഫ് രണ്ടാംഘട്ടം പൂർത്തിയാക്കാനുള്ള സംസ്ഥാന വിഹിതമായ 242.5 കോടി രൂപയിൽ 68 കോടി രൂപ ഇതിനകം റിലീസ് ചെയ്തതായുംമുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം; ലൈഫ് പദ്ധതി പ്രകാരം ജനുവരിയിൽ 2 ലക്ഷം വീടുകൾ കേരളത്തിൽ പൂർത്തിയാകുന്നു. എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടു നൽകുവാനായി ആവിഷ്കരിച്ച ലൈഫ് പദ്ധതി അതിദ്രുതം അതിന്റെ ലക്ഷ്യത്തിലോട്ടു നീങ്ങുകയാണ്. ജനുവരി 26-നുള്ളിൽ 2 ലക്ഷം വീടുകളുടെ നിർമ്മാണം വിജയകരമായി പൂർത്തിയാകും. പദ്ധതി പുരോഗതി വിലയിരുത്തുകയും തുടർ നടപടികൾ തീരുമാനിക്കുകയും ചെയ്തു. ലൈഫ് രണ്ടാംഘട്ടം പൂർത്തിയാക്കാൻ സംസ്ഥാന വിഹിതമായി 242.5 കോടി രൂപയാണ് അനുവദിക്കേണ്ടിയിരുന്നത്. ഇതിൽ 68 കോടി രൂപ ഇതിനകം റിലീസ് ചെയ്തു. ബാക്കി തുക ഉടനെ റിലീസ് ചെയ്യും. പൂർത്തിയാകാത്ത വീടുകളുടെ നിർമ്മാണമാണ് ലൈഫിന്റെ ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്. ഈ പദ്ധതിയിൽ 54,183 ഗുണഭോക്താക്കളാണുള്ളത്. ഇതിനകം തന്നെ 96 ശതമാനം വീടുകളും പൂർത്തിയായി. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് പാർപ്പിടം ഒരുക്കാനുള്ള രണ്ടാംഘട്ട പദ്ധതിയിൽ 91,147 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 60,524 വീടുകൾ (66.36 ശതമാനം) പൂർത്തിയായി. 30,623 വീടുകളാണ് രണ്ടാംഘട്ടത്തിൽ ബാക്കിയുള്ളത്. രണ്ടാംഘട്ടത്തിൽ 13,000 വീടുകളുടെ പ്രവൃത്തി മേൽക്കൂരവരെ എത്തിയിട്ടുണ്ട്. 8,000 ത്തോളം വീടുകൾ ലിൻഡൽ ലെവലിൽ എത്തി. ഇവയെല്ലാം ജനുവരിയിൽ പൂർത്തിയാകും. ബാക്കിയുള്ള ഒൻപതിനായിരത്തോളം വീടുകൾ ഫെബ്രുവരി, മാർച്ച് മാസമാകുമ്പോഴേക്കും പൂർത്തിയാകും. രണ്ടാംഘട്ടത്തിലുള്ള പി.എം.എ.വൈ (ഗ്രാമീൺ) വിഭാഗത്തിൽ 17,471 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 94 ശതമാനം വീടുകളും പൂർത്തിയായി. ബാക്കിയുള്ള വീടുകൾ മാർച്ചിനു മുമ്പ് പൂർത്തിയാകും. പി.എം.എ.വൈ (നഗരം) വിഭാഗത്തിൽ 75,887 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 28,334 വീടുകൾ പൂർത്തിയായി. ബാക്കിയുള്ളതിൽ 22,000 വീടുകൾ ജനുവരി 31 നു മുമ്പ് പൂർത്തിയാകും. പി.എം.എ.വൈ പൂർത്തിയാക്കാൻ ആവശ്യമായ 82 കോടി രൂപയിൽ 41 കോടി രൂപ ഇതിനകം റിലീസ് ചെയ്തു. ബാക്കി 41 കോടി ഉടനെ അനുവദിക്കും. പി.എം.എ.വൈ ഗ്രാമീൺ വിഭാഗത്തിൽ കേന്ദ്രം 72,000 രൂപ മാത്രമാണ് നൽകുന്നത്. സംസ്ഥാന സർക്കാറും പ്രാദേശിക സ്വയംഭരണ സ്ഥാപനവും കൂടി 2.8 ലക്ഷം രൂപ നൽകുന്നു. നഗരം വിഭാഗത്തിൽ 1.5 ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം. ഈ വിഭാഗത്തിൽ സംസ്ഥാന സർക്കാരും പ്രാദേശിക സ്വയംഭരണ സ്ഥാപനവും ചേർന്ന് 2.5 ലക്ഷം രൂപ ലഭ്യമാക്കുന്നു. ഭൂരഹിതരും ഭവനരഹിതരുമായവർക്കു വേണ്ടിയുള്ള മൂന്നാംഘട്ട പദ്ധതിയിൽ ഫ്ളാറ്റ് സമുച്ചയമാണ് പണിയുന്നത്. മൊത്തം 1.06 ലക്ഷം ഗുണഭോക്താക്കളാണ് ഈ ഘട്ടത്തിലുള്ളത്. 10 ജില്ലകളിലായി 10 ഫ്ളാറ്റ് സമുച്ചയങ്ങൾ പണിയുന്നതിന് ടെൻഡർ ക്ഷണിച്ചു. 2020 ജൂണിനു മുമ്പ് ഈ പത്തു ഫ്ളാറ്റുകളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഫ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 10 ഫ്ളാറ്റുകളും പണിയുന്നത്. ഇതിനു പുറമേ 56 ഫ്ളാറ്റ് സമുച്ചയങ്ങൾക്കുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ്. ഫെബ്രുവരിയിൽ ഈ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയും. ആറു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം. ഫ്ളാറ്റുകൾ പണിയുന്നതിന് 300 ഓളം സ്ഥലങ്ങൾ ലൈഫ് മിഷൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങൾ കൂടി ജനുവരിയോടെ കണ്ടെത്തണമെന്ന് നിർദേശിച്ചു. Content Highlights:Life mission project Kerala
from mathrubhumi.latestnews.rssfeed https://ift.tt/37gIz5h
via IFTTT
0 അഭിപ്രായങ്ങള്‍