പൗരത്വ നിയമം: യു.പിയില്‍ അക്രമം നടത്തിയവരില്‍ സൈന്യത്തിനുനേരെ കല്ലെറിയുന്നവരും - കേന്ദ്രമന്ത്രി

പട്ന (ബിഹാർ): കശ്മീരിൽ സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നവരും പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.പിയിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ബിഹാറിലെ സമസ്തിപൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യു.പിയിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ കശ്മീരിൽ കല്ലേറ് നടത്തുന്നവരെയും വിളിച്ചു വരുത്തിയിരുന്നു. അക്രമങ്ങൾക്ക് പിന്നിൽ വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ പ്രദേശത്തെ ജനങ്ങളൊന്നും പങ്കെടുത്തിട്ടില്ല - അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കാൻ ശ്രമങ്ങൾ നടക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കോൺഗ്രസ് പ്രചരിപ്പിക്കുന്നു. പാർലമെന്റിൽ വിശദമായ ചർച്ച നടത്തിയ ശേഷമാണ് പൗരത്വ നിയമം ഭേദഗതി ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിനിടെ അക്രമം നടത്താൻ കോൺഗ്രസ് പിൻതുണ നൽകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് യു.പിയിൽ പ്രതിഷേധിക്കുന്നവർ കശ്മീരിൽ കല്ലേറ് നടത്തുന്നവരാണെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പരാമർശം. അതിനിടെ, യു.പിയിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ സംസ്ഥാനത്തിന് പുറത്തുള്ളവർക്കും പങ്കുണ്ടെന്ന വാദവുമായി യു.പി പോലീസും രംഗത്തെത്തി. കശ്മീരിൽനിന്നും ബംഗ്ലാദേശിൽനിന്നും എത്തിയവർ അക്രമം നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സീനിയർ പോലീസ് സൂപ്രണ്ട് അവകാശപ്പെട്ടു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. Content Highlights:Kashmiri stone pelters involved in violence during anti - CAA protests - Union Minister

from mathrubhumi.latestnews.rssfeed https://ift.tt/2t2H1wX
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍