ഗോഡ്‌സെയുടെ പിന്‍ഗാമികളല്ല ദേശസ്‌നേഹികളെ നിശ്ചയിക്കേണ്ടത് - കമല്‍

കൊടുങ്ങല്ലൂർ: പൗരത്വ ബിൽ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സംവിധായകൻ കമൽ. മതത്തിന്റെ പേരിൽ വേർതിരിവുണ്ടാക്കുന്ന നിയമത്തെ എതിർക്കുക ജനാധിപത്യ വിശ്വാസികളായ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഗോഡ്സെയുടെ പിൻഗാമികളല്ല ദേശസ്നേഹികളെ നിശ്ചയിക്കേണ്ടതെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കമൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ തിങ്കളാഴ്ച കൊച്ചിയിൽ കമൽ ഉൾപ്പെടെയുള്ള ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകർ ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട് എന്ന പേരിൽ മാർച്ച് നടത്തിയിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർ ദേശവിരുദ്ധരാണെന്ന പ്രസ്താവനയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമലിന്റെ പ്രതികരണം. ജനാധിപത്യ വിരുദ്ധതയെ എതിർക്കുക ഉത്തരവാദിത്തം പൗരത്വ ദേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ യുവാക്കളുടെയും വിദ്യാർഥികളുടെയും വലിയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഭരണഘടനയുടെ മൂല്യങ്ങൾക്കായി ഒന്നിക്കുന്ന, ഇന്ത്യയെന്ന മഹത്തായ ആശയത്തിനൊപ്പം നിൽക്കുന്ന യുവജനങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിലെ യുവജനങ്ങളും ഭരണ-പ്രതിപക്ഷ പാർട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഏതൊരു പ്രക്ഷോഭത്തെയും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ സാംസ്കാരിക പ്രവർത്തകർക്കുള്ള പങ്ക് വലുതാണ്. ഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന മഹത്തായ ആശയത്തോട് ആഭിമുഖ്യം പുലർത്തി ഈ മണ്ണിൽ ജീവിക്കുന്ന ജനങ്ങൾക്ക് ഇവിടത്തെ പൗരനാവണമെങ്കിൽ, പ്രത്യേക രീതിയിൽ ഞാൻ പൗരനാണെന്ന് തെളിയിക്കേണ്ടി വരുന്ന രേഖ കൊണ്ടുവരണമെന്നഒരു നിയമം വരുമ്പോൾ അതിനെ പ്രതിരോധിക്കുക എന്നത് സാംസ്കാരിക പ്രവർത്തകരുടെയും കലാകാരൻമാരുടെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തമാണ് ഈ പ്രക്ഷോഭത്തിലൂടെ നമ്മൾ ഏറ്റെടുത്തത്. അത് ഏത് രാഷ്ട്രീയ പാർട്ടിക്ക് അല്ലെങ്കിൽ ഭരണകൂടത്തിന് എതിരാണ് എന്നത് വിഷയമല്ല. നമ്മുടെ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമായ നീക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും സമരം ചെയ്യുക എന്നതാണ് പ്രധാനം. സംഘപരിവാറിന് കലാകാരൻമാരെ ഭയം മതേതര കാഴ്ചപ്പാടുള്ള കലാകാരൻമാരെ ആക്രമിക്കുക എന്നത് സംഘപരിവാറിന്റെ രീതിയാണ്. അതുകൊണ്ടാണ് ഇത്തരം പ്രക്ഷോഭങ്ങൾക്കെതിരെ അവർ രൂക്ഷമായി പ്രതികരിക്കുന്നത്. എംടിയ്ക്കെതിരെയും എനിക്കെതിരെയും അടുത്ത കാലത്ത് അടൂരിനെതിരെയുമൊക്കെ ഇത്തരം ആക്രമണങ്ങളുണ്ടായി. കലാകാരൻമാരെയും സാഹിത്യകാരൻമാരെയും സാംസ്കാരിക പ്രവർത്തകരെയുമൊക്കെ ഇവർക്ക് പേടിയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികളുടെയോ മത സംഘടനകളുടെയോ ശബ്ദം പോലെയല്ല അതെന്ന് അവർ തിരിച്ചറിയുന്നുണ്ട്. അതാണ് ഇത്തരം രൂക്ഷമായ വിമർശനങ്ങൾക്കും മ്ലേച്ഛമായ വാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണങ്ങൾക്കും കാരണം. ഭരണകൂടം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു സംഘ പരിവാർ സംഘടനകളും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഒരു ദിവസം ഒന്ന് പറയുന്നു. അടുത്ത ദിവസം ആഭ്യന്തരമന്ത്രി മറ്റൊന്ന് പറയുന്നു. പാർലമെന്റിൽ വേറൊന്നു പറയുന്നു. ഇന്ത്യൻ ഭരണകൂടം, പ്രധാനമന്ത്രിയും ആഭയന്തരമന്ത്രിയും, ഒന്നു പറഞ്ഞ് വേറൊന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനം നടപ്പിലാക്കി കള്ളപ്പണം പിടിക്കുമെന്ന് പറഞ്ഞിട്ട് അതൊന്നുമല്ല സംഭവിച്ചതെന്ന് തെളിഞ്ഞുകഴിഞ്ഞു. പൗരത്വ നിയമത്തിന്റെ കാര്യത്തിലും അത് നടപ്പാക്കില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ഞങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറയുന്ന മേജർ രവിയെ പോലുള്ളവരാണ് യഥാർത്ഥത്തിൽ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഞങ്ങൾക്ക് രാഷ്ട്രീയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വാദം. അദ്ദേഹത്തിനും രാഷ്ട്രീയമുള്ളതുകൊണ്ടാണല്ലോ ഇതു പറഞ്ഞത്. ഞങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. കലാകാരൻമാർക്ക് രാഷ്ട്രീയം പാടില്ലെന്ന് ആരാണ് പറഞ്ഞത്. പക്ഷേ, ഞങ്ങളുടെ രാഷ്ട്രീയം ബിജെപിയോടുള്ള എതിർപ്പാണെന്ന് തെറ്റിദ്ധരിക്കണ്ട. അങ്ങനെയെങ്കിൽ ഏതെങ്കിലും പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്ന് സമരം ചെയ്യാമായിരുന്നു. അതല്ലല്ലോ ഇവിടത്തെ സാംസ്കാരിക പ്രവർത്തകർ ചെയ്തത്. പൗരത്വ നിയമം പോലുള്ള ഫാസിസ്റ്റ് ഇടപെടലുകളെ തകർക്കുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. അതിനെ ചെറുക്കുകയും പ്രതിരോധിക്കുകയും ചെയ്യും. അതിനെ ഒരു കുറ്റമായിട്ടല്ല, നേട്ടമായിട്ടാണ് ഞാൻ കാണുന്നത്. മതത്തിന്റെ പേരിലുള്ള വേർതിരിവുകൾക്ക് എതിരെയാണ് സമരം പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമോ എന്നുള്ളതോ മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ ഇവിടെ വരുന്നു എന്നുള്ളതോ അല്ല ഇവിടത്തെ വിഷയം. ഇവിടത്തെ ന്യൂനപക്ഷങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന കാര്യവും നമുക്ക് പിന്നീട് ചർച്ച ചെയ്യാം. ഇപ്പോഴത്തെ പ്രശ്നം മതത്തിന്റെ അടിസ്ഥാനത്തിൽ പൗരനെ കാണുന്നു എന്നതാണ്. മതത്തിന്റെ പേരിലുള്ള വേർതിരിവ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്. അതൊരു നിയമമായതിന് എതിരെയാണ് മറ്റുള്ളവരെ പോലെ നമ്മളും സമരം ചെയ്യുന്നത്. ഗോഡ്സെയുടെ പിൻഗാമികളല്ല ദേശസ്നേഹികളെ നിശ്ചയിക്കേണ്ടത് സമരത്തിൽ പങ്കെടുത്തവർ ദേശസ്നേഹികളല്ലെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഒരാളുടെ രാജ്യസ്നേഹം തീരുമാനിക്കുന്നത് കുമ്മനം രാജശേഖരനും അദ്ദേഹത്തിന്റെ പാർട്ടിയുമാണോ? ഒരാളെ രാജ്യദ്രോഹിയെന്ന് വിളിക്കാൻ, അതളക്കാനുള്ള മീറ്റർ അവരുടെ കയ്യിലാണോ ഉള്ളത്. ഞങ്ങളുടെ രാജ്യസ്നേഹം ഞങ്ങൾ പ്രകടിപ്പിച്ചോളാം. അത് ഇത്രയും കാലത്തെ ജീവിതം കൊണ്ടും കലാപ്രവർത്തനം കൊണ്ടും ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിൽ സംശയമുണ്ടെങ്കിൽ പൊതുസമൂഹം പറയട്ടെ. ചലച്ചിത്ര പ്രവർത്തകരുടെ രാജ്യസ്നേഹത്തെ കുറിച്ച് കുമ്മനം രാജശേഖരൻ അത് പറയേണ്ടതില്ല. സത്യത്തിൽ, ഇവർ ആരാണെന്നുള്ളതാണ് നമ്മൾ തിരിച്ചു ചിന്തിക്കേണ്ടത്. സാംസ്കാരിക മന്ത്രി അത് ഇന്നലെ കൃത്യമായി പറയുകയും ചെയ്തിട്ടുണ്ട്. സവർക്കറുടെ അനുയായികൾക്ക് അങ്ങനെയേ പറയാൻ കഴിയുകയുള്ളൂ. ബ്രിട്ടീഷുകാരന്റെ ചെരിപ്പു നക്കിയ, ബ്രിട്ടീഷുകാരന് മാപ്പെഴുതിക്കൊടുത്ത ഒരു പ്രത്യയശാസ്ത്രം പിൻപറ്റുന്നവർ അങ്ങനെയേ സംസാരിക്കൂ. ഞങ്ങളെ രാജ്യദ്രോഹികളാക്കിയാലേ ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പറയുന്നവർക്ക് ഈ നാട്ടിൽ നിലനിൽപുള്ളൂ എന്നാണ് അവർ ധരിച്ചിരിക്കുന്നത്. അത് തെറ്റിദ്ധാരണയാണ്. ഗാന്ധിയെ കൊന്നവൻ രാജ്യദ്രോഹി തന്നെയാണ്. ആ രാജ്യദ്രോഹിയുടെ പിൻപറ്റുന്ന ഏത് പ്രസ്ഥാനവും രാജ്യദ്രോഹികളാണെന്ന് പൊതുസമൂഹത്തിനറിയാം. Content Highlights: Director Kamal on CAA

from mathrubhumi.latestnews.rssfeed https://ift.tt/37c3iat
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍