ക്രിസ്ത്മസ്സ് ആഘോഷങ്ങൾക്ക് പിറ്റേന്ന് ആകാശത്ത് നടക്കുന്ന അപൂർവ്വ നിഴൽ നാടകത്തെ മറ്റൊരു ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പ്രവർത്തകർ. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ചേർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങൾക്കായുള്ള പ്രധാന നിരീക്ഷണ കേന്ദ്രമൊരുക്കുന്നത്. സൂര്യഗ്രഹണം ഇവിടെ വലിയ എൽഇഡി സ്ക്രീനിൽ പ്രൊജക്ട് ചെയ്യും. സൂര്യ ഗ്രഹണം സുരക്ഷിതമായി വെൽഡിംഗ് ഗ്ലാസ്സുകളിലൂടെയും, സോളാർ ഫിൽട്ടറുകളിലൂടെയും പിൻഹോൾ ക്യാമറകളിലൂടെയും കാണുന്നതിനും ഇവിടെ സൗകര്യമുണ്ടായിരിക്കും. പോസ്റ്റർ എക്സിബിഷനുകളുൾപ്പടെ സൂര്യഗ്രഹണത്തെക്കുറിച്ച് വിവരിക്കുന്ന നിരവധി ശാസ്ത്ര പ്രദർശനങ്ങളും ഗ്രൗണ്ടിലൊരുക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ വലയ സൂര്യഗ്രഹണവും തിരുവനന്തപുരത്ത് ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാകുക. തിരുവനന്തപുരത്ത് ഗ്രഹണം രാവിലെ 8:07 ന് ആരംഭിച്ച് 11:11 ന് അവസാനിക്കും. 9:30 നാണ് ഗ്രഹണം അതിന്റെ മൂർദ്ധന്യത്തിൽ എത്തുക. ആ സമയം സൂര്യൻ 90 ശതമാനത്തോളം മറയ്ക്കപ്പെടും. സെൻട്രൽ സ്റ്റേഡിയത്തിന് പുറമെ കിഴക്കേക്കോട്ട ഗാന്ധി പാർക്കിലും നിരീക്ഷണ കേന്ദ്രമൊരുക്കുന്നുണ്ട്. ശ്രീചിത്ര തിരുനാൾ എഞ്ചിനീയറിങ്കോളേജിലെ എയ്റോ (Airo) ക്ലബ്ബുമായും അഡ്വെന്റുമായും (Advent) ചേർന്നാണ് ഇവിടെ സൗകര്യമൊരുക്കുന്നത്. ഇതുകൂടാതെ നിരവധി പ്രദേശങ്ങളിൽ വായനശാലകളുമായും എൻഎസ്എസ് ക്യാമ്പുകളുമായും ചേർന്ന് പ്രാദേശിക നിരീക്ഷണ കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. എന്താണ് സൂര്യഗ്രഹണം? അമാവാസി ദിനത്തിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരികയും ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രന്റെ പൂർണനിഴൽ പതിക്കുന്ന ഭാഗമാണ് ഛായ. ചന്ദ്രന്റെ ഭാഗികനിഴൽ പതിക്കുന്ന ഭാഗമാണ് ഉപഛായ. ചന്ദ്രന്റെ വലുപ്പം വളരെ കുറവായതിനാൽ ഭൂമിയുടെ ഉപരിതലത്തിൽ ചെറിയൊരു പ്രദേശത്ത് മാത്രമാണ് സൂര്യഗ്രഹണ സമയത്തു് ചന്ദ്രന്റെ നിഴൽ ഉണ്ടാകുന്നത്. പൂർണ്ണ സൂര്യഗ്രഹണം - ഭാഗിക സൂര്യഗ്രഹണം ഭൗമോപരിതലത്തിൽ സൂര്യന്റെ പൂർണനിഴൽ പതിക്കുന്ന ഭാഗത്താണ് പൂർണസൂര്യഗ്രഹണം അനുഭവപ്പെടുന്നത്. സൂര്യന്റെ ഭാഗികനിഴൽ പതിക്കുന്ന ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണവും അനുഭവപ്പെടുന്നു. എല്ലാ അമാവാസി ദിനത്തിലും സൂര്യഗ്രഹണം ഉണ്ടാകുന്നില്ല ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥതലങ്ങൾ തമ്മിൽ ഏതാണ്ട് 5 ഡിഗ്രി ചരിവുള്ളതിനാൽ എല്ലാ അമാവാസി ദിനത്തിലും സൂര്യഗ്രഹണം ഉണ്ടാകുന്നില്ല. വലയ സൂര്യഗ്രഹണം സൂര്യഗ്രഹണം നടക്കുമ്പോൾ ചന്ദ്രന്റെ കോണളവ് സൂര്യന്റെ കോണളവിനേക്കാൾ കുറവാണെങ്കിൽ ചന്ദ്രബിംബത്തിന് സൂര്യബിംബത്തിന്റെ വൃത്താകൃതിയിലുള്ള കേന്ദ്രഭാഗത്തെ മാത്രമേ മറയ്ക്കാൻ സാധ്യമാവുകയുള്ളൂ. ഇങ്ങനെ സംഭവിക്കുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൗമോപരിതലത്തിൽ എത്തുന്നതിനു മുൻപേ അവസാനിക്കുന്നു. ഈ നിഴലിനെതിരായുള്ള ഭൗമോപരിതലത്തിലെ ഭാഗത്തെ Antumbra എന്ന് വിളിക്കുന്നു. ഈ പ്രദേശത്ത് സൂര്യൻ വലയരൂപത്തിലാണ് ദൃശ്യമാകുന്നത്. ഇതിനെ വലയ സൂര്യഗ്രഹണമെന്ന് വിളിക്കുന്നു. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതെങ്ങനെ? സുരക്ഷിതമായ സോളാർ ഫിൽറ്ററുകൾ ഉപയോഗിച്ചോ പ്രൊജക്ഷൻ സംവിധാനം ഉപയോഗിച്ചോ സൂര്യഗ്രഹണം നിരീക്ഷിക്കാം. സൂര്യഗ്രഹണ സമയത്തു് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്. ടെലിസ്കോപ്പ്, ബൈനോക്കുലർ, സൺഗ്ലാസ്സ് എന്നിവയിലൂടെ സൂര്യനെ നോക്കരുത്. പുകഗ്ലാസ്സുകളോ എക്സ്റേ ഫിലിമോ മൈലാർ ഷീറ്റോ ഉപയോഗിച്ച് സൂര്യനെ നോക്കുന്നതും സുരക്ഷിതമല്ല. സോളാർ ഫിൽട്ടറുകൾ സൂര്യഗ്രഹണം സുരക്ഷിതമായി കാണാൻ കഴിയുന്ന സോളാർഫിൽട്ടറുകൾ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഇറക്കുമതി ചെയ്ത ബ്ലാക്ക് പോളിമർ കൊണ്ട് തയ്യാറാക്കി ജനങ്ങൾക്ക് വിതരണം ചെയ്യുന്നു. പൊതുജനങ്ങൾക്ക് ബേക്കറി ജംഗ്ഷനിൽ ചെമ്പക നഗറിലെ ബ്രേക്ക്ത്രൂ ഓഫീസിൽ നിന്നോ സൂര്യഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നോ ഫിൽട്ടറുകൾ വാങ്ങാവുന്നതാണ്. അടുത്ത സൂര്യഗ്രഹണം എന്ന്? 2021ജൂൺ മാസം 21 ന് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തിൽ വളരെ ദുർബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21 നാണ്. അന്ന് 10 :58 മുതൽ 03:04 വരെ മധ്യകേരളത്തിൽ വലയ സൂര്യഗ്രഹണം ദൃശ്യമാകും. അന്നും തിരുവനന്തപുരത്ത് ശക്തമായ ഭാഗിക സൂര്യഗ്രഹണമാകും കാണുക. പിന്നീട് അടുത്തെങ്ങും ഇതുപോലെ ശക്തമായ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമാകില്ല. ശാസ്ത്രത്തെ ഉയർത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റി ഈ അവസരം വമ്പിച്ച ശാസ്ത്രീയ മുന്നേറ്റത്തിനുള്ള അടിത്തറയാക്കണമെന്ന് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാനസെക്രട്ടറിപ്രൊഫ. പിഎൻ തങ്കച്ചൻ ആഹ്വാനം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് 8547883586, 9387224226 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. content highlights:Whats Solar eclipse, 25 december 2019, Thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/378xanY
via IFTTT
0 അഭിപ്രായങ്ങള്‍