തൃശ്ശൂർ: മുരിങ്ങക്കായയ്ക്ക് വില ഉയരുന്നതിനോടൊപ്പം ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെയും വില കുത്തനെ ഉയർന്നു. തളിരില തണലത്ത് നിറംമാറാതെ ഉണക്കിപ്പൊടിച്ചതിന് കിലോഗ്രാമിന് 10,000 രൂപ വരെയെത്തി. വിദേശവിപണിയിൽ ഇന്ത്യൻ മുരിങ്ങയിലപ്പൊടിക്ക് ആവശ്യക്കാരേറെയാണ്. ലഭ്യതക്കുറവും ആവശ്യം ഏറിയതുമാണ് വിലക്കയറ്റത്തിനു കാരണം. മൂപ്പെത്തിയ ഇലയുടെ പൊടിക്ക് 6,000 രൂപ വരെയുമെത്തി.മുരിങ്ങയിലപ്പൊടി ഔഷധമെന്ന നിലയിൽ ഇപ്പോൾ ചെലവാകുന്നുണ്ട്. കരൾ രോഗം, രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ മുതലായവ പ്രതിരോധിക്കാൻ മുരിങ്ങിയില വെള്ളം കുടിക്കുന്നത് ഉത്തമമാണെന്നാണു വിശ്വാസം. ഇന്ത്യയ്ക്കുപുറത്ത് ഏറെ ആവശ്യക്കാരുള്ള ഫുഡ് സപ്ലിമെന്റാണ് മുരിങ്ങിയിലപ്പൊടി. മുരിങ്ങയിലപ്പൊടിയിട്ട വെള്ളം എനർജി ഡ്രിങ്കായും ഉപയോഗിക്കുന്നു.ചെറുപായ്ക്കുകളിലാക്കി മുരിങ്ങിയിലപ്പൊടിയുടെ വില്പന കേരളത്തിലും വ്യാപകമായിട്ടുണ്ട്. മുന്പ് 70 ഗ്രാമിന് 100 രൂപയ്ക്കു കിട്ടിയിരുന്നത് ഇപ്പോൾ 50 ഗ്രാമിന് 500 രൂപ വരെ ഈടാക്കുന്നുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി മുരിങ്ങക്കൃഷി നശിച്ചതോടെ ലഭ്യത കുറഞ്ഞു. അതോടെയാണ് വില കുത്തനെ ഉയർന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/370pnZB
via IFTTT
0 അഭിപ്രായങ്ങള്‍