Maharashtra Political Crisis: വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ?ഉത്തരവ് നാളെ രാവിലെ 10.30 ന്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമോ വേണ്ടയോ എന്ന കാര്യത്തിൽനാളെ രാവിലെ 10.30-ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി.വിശ്വാസ വോട്ടെടുപ്പിൽ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട ബിജെപിക്ക് ഇത് ഫലത്തിൽ താത്കാലിക ആശ്വാസമാണ്. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു കോടതി ഹർജികളിൽ വിധി പറയുന്നതിനായി മാറ്റിയത്. ജസ്റ്റിസ്.വി.എൻ.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. അർധരാത്രിയിലെ രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയിൽ ബി.ജെ.പി. സർക്കാരിനെ അവരോധിച്ചതിനെതിരേ സുപ്രീംകോടതിയെ സമീപിച്ച ത്രികക്ഷിസഖ്യത്തിന് അടിയന്തര ആശ്വാസം ലഭിച്ചില്ല. ഗവർണർക്കെതിരേ ശിവസേന, എൻ.സി.പി., കോൺഗ്രസ് സഖ്യം (മഹാവികാസ് അഘാഡി) നൽകിയ ഹർജി അവധിദിനമായ ഞായറാഴ്ച കോടതി കേട്ടെങ്കിലും ഉടൻ വിശ്വാസവേട്ടെടുപ്പ് എന്ന അവരുടെയാവശ്യം അംഗീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. എന്നാൽ ഇന്ന് വാദം കേട്ട ശേഷം വിധി പറയുന്നത് കോടതി വീണ്ടും ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടത്താൻ കൂടുതൽ സമയം വേണമെന്നും ഇതിൽ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്നാവിസിനും വേണ്ടി ഹാജരായ തുഷാർ മേത്തയും മുഗുൾ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. ഗവർണർ 14 ദിവസം നൽകിയിട്ടുണ്ടെന്നും സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമേ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സാധിക്കൂവെന്നും റോഹ്ത്തഗി കോടതിയെ അറയിച്ചു. അതേ സമയം പ്രോടൈം സ്പീക്കറെ തിരഞ്ഞെടുത്ത് ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയും ആവശ്യപ്പെട്ടു. ഫഡ്നാവിസും അജിത് പവാറും ഗവർണർക്ക് നൽകിയ കത്തും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ട് ഗവർണർ ഫഡ്നാവിസിനയച്ച കത്തും കോടതിയിൽ വായിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഗവർണർ ഭഗത് സിങ് കോഷിയാരിക്കുമായി റോഹ്ത്തഗിയും തുഷാർ മേത്തയും ഹാജരായി. ത്രികക്ഷികൾക്കായി കബിൽ സിബലും മനു അഭിഷേക് സിങ് വിയുമാണ് കോടതിയിലെത്തിയത്. അജിത് പവാറിന് വേണ്ടി മനീന്ദർ സിങാണ് ഹാജരായത്. 170 എംഎൽഎമാരുടെ പിന്തുണയുള്ളത് കൊണ്ടാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഫഡ്നാവിസിനെ ക്ഷണിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എൻസിപിയുടെ 54 ഉം സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിപിയുടെ നിയമസഭാ കക്ഷി നേതാവ് അജിത് പവാറാണെന്നും അവരുടെ എംഎൽഎമാർ ഒപ്പിട്ട കത്ത് അദ്ദേഹം ഗവർണർക്ക് നവംബർ 22-ന് സമർപ്പിച്ചിട്ടുണ്ടെന്നുംതുഷാർ മേത്ത കോടതിയെ അറിയിച്ചു. ഹർജികൾ വിശാലമായ ഭരണഘടനാ ബെഞ്ചിന് മുന്നിലേക്ക് വിടണമെന്നും റോഹ്ത്തഗി ആവശ്യപ്പെട്ടു. 154 എംഎൽഎമാർ ഒപ്പിട്ട് നൽകിയ സത്യവാങ്മൂലം തന്റെ കൈയിലുണ്ടെന്ന് കപിൽ സിബൽ വാദിച്ചു. എൻസിപിയുടെ 48 ഉം ശിവസേനയുടെ 56 ഉം കോൺഗ്രസിന്റെ 44 ഉം ആറ് സ്വതന്ത്ര എംഎൽഎമാരുടേതുമടക്കമാണ് 154 പേരുടെ പിന്തുണ. സഖ്യ സർക്കാർ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ഗവർണറുടെ നടപടികൾ പരിശോധിച്ചാൽ കോടതിക്ക് കാര്യം ബോധ്യമാകും. ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഗവർണറുടെ നടപടികളിൽ സംശയമുണ്ടാക്കുന്നു.ഭരണഘടനാ വിരുദ്ധമായ നടപടികളാണ് അദ്ദേഹത്തിൽ നിന്നുണ്ടായിരിക്കുന്നത്. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിച്ച് സർക്കാർ രൂപീകരിക്കാൻ കത്ത് നൽകിയ ഗവർണറുടെ നടപടി തെറ്റാണ്. പുലർച്ചെയുള്ള അത്തരമൊരു നടപടിക്ക് രാജ്യത്ത് എന്ത് അടിയന്തര സാഹചര്യമാണ് ഉള്ളതെന്നും കപിൽ സിബൽ ചോദിച്ചു.അജിത് പവാർ എൻസിപി എംഎൽഎമാർ ഒപ്പിട്ട് നൽകിയെന്ന് പറഞ്ഞ് സമർപ്പിച്ച കത്തിൽ എവിടെയാണ് ബിജെപിയെ പിന്തുണക്കുന്നതെന്ന് പറയുന്നതെന്നും സിബൽ ചോദിച്ചു സ്പീക്കർ തിരഞ്ഞെടുക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാൻ അനുവദിക്കരുതെന്നും ഇത് ബിജെപിയുടെ കെണിയാണെന്നും മനു അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. അജിത് പവാറിനെ കൊണ്ട് വിപ്പ് കൊടുപ്പിച്ച് എൻസിപി അംഗങ്ങളെ അയോഗ്യരാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. Content Highlights:Maharashtra Floor Test-Supreme court Reserves Order on Floor Test Till 10:30am Tomorrow,Maharashtra Political Crisis

from mathrubhumi.latestnews.rssfeed https://ift.tt/2XINEQl
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍