ബെംഗളൂരു: അനുദിനം ജലക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നഗരത്തിന് പ്രതീക്ഷയാകുകയാണ് വായുവിൽനിന്നു കുടിവെള്ളം വേർതിരിച്ചെടുക്കുന്ന സംവിധാനം. ഐ.ടി. കമ്പനികളുടെ പ്രധാനകേന്ദ്രമായ വൈറ്റ് ഫീൽഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വകാര്യകമ്പനി ഇത്തരം യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്. ജർമനിയിലെ ഗ്രീൻ ടെക് അക്വ എന്ന സ്ഥാപനമാണ് യന്ത്രം നഗരത്തിൽ അവതരിപ്പിക്കുന്നത്. ബെംഗളൂരുവിൽ നടന്ന ടെക് സമ്മിറ്റിലും കമ്പനി ഇത് പ്രദർശനത്തിലെത്തിച്ചു. അന്തരീക്ഷവായു വലിച്ചെടുത്ത് വെള്ളം വേർതിരിക്കുന്ന ഭാഗം, വെള്ളം ശുദ്ധീകരിക്കുന്ന ഭാഗം, ശുദ്ധീകരിച്ച വെള്ളം സംഭരിക്കുന്ന ഭാഗം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് യന്ത്രത്തിലുള്ളത്. വലിച്ചെടുക്കുന്ന വായുവിലെ പൊടിപടലങ്ങൾ മാറ്റാനുള്ള സംവിധാനവും ഇതിലുണ്ട്. മൂന്നുതലത്തിലുള്ള ശുദ്ധീകരണമാണ് യന്ത്രത്തിൽ നടക്കുന്നതെന്നതിനാൽ പൂർണമായി ശുദ്ധമായ കുടിവെള്ളമാണ് യന്ത്രത്തിൽനിന്ന് ലഭിക്കുകയെന്ന് ഗ്രീൻ ടെക് എക്സിക്യുട്ടീവ് ആനന്ദ് ഗൗഡ പറയുന്നു. 250 ലിറ്റർ മുതൽ 10,000 ലിറ്റർവരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യന്ത്രങ്ങളാണ് കമ്പനികൾക്കുവേണ്ടി ഗ്രീൻടെക് അക്വ പുറത്തിറക്കുന്നത്. വൻകിട കമ്പനികൾക്കും സമ്മേളനങ്ങളും ചടങ്ങുകളും നടക്കുന്ന ഹാളുകൾക്കുംവേണ്ടി 10,000 ലിറ്റർ ശേഷിയുള്ള യന്ത്രങ്ങളും നിർമിക്കുന്നുണ്ട്. 23 ലക്ഷം മുതൽ 5.5 കോടിവരെയാണ് ഇവയുടെ വില. വീടുകൾക്കുവേണ്ടി 50 മുതൽ 100 ലിറ്റർ ശേഷിയുള്ള യന്ത്രങ്ങളുണ്ടെങ്കിലും ഇവ ഇന്ത്യയിലെത്തിച്ചിട്ടില്ല. യന്ത്രം പ്രവർത്തിക്കുന്നതിങ്ങനെ അന്തരീക്ഷത്തിലെ ജലാംശം വേർതിരിച്ചെടുത്താണ് യന്ത്രം കുടിവെള്ളമാക്കി മാറ്റുന്നത്. കണ്ടൻസർ എന്ന യന്ത്രഭാഗമാണ് ഈ പ്രവർത്തനം നടത്തുന്നത്. എയർകണ്ടീഷണറുകളിൽ ഈ സങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ചെറിയതോതിൽ മാറ്റംവരുത്തിയാണ് കുടിവെള്ളം വേർതിരിക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം. വായു വലിച്ചെടുക്കുമ്പോൾ മൂന്നുപാളികളിലായി ശുദ്ധീകരണം നടന്നാണ് ഇവ കണ്ടൻസറിലേക്ക് എത്തുന്നത്. അന്തരീക്ഷവായുവിലെ മുഴുവൻ മാലിന്യങ്ങളും രാസവസ്തുക്കളും ഇതിലൂടെ നീക്കംചെയ്യാൻ കഴിയും. വെള്ളം വേർതിരിച്ചതിനുശേഷം വീണ്ടും മൂന്നുഘട്ടങ്ങളിലായി ശുദ്ധീകരണം നടക്കും. പിന്നീട് യന്ത്രത്തിനുള്ളിൽ സജ്ജീകരിച്ച ടാങ്കിൽ നിറയുകയാണ് ചെയ്യുക. കോട്ടങ്ങൾ ഇവയെല്ലാം • യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള ഭാരിച്ച ചെലവ് • പ്രവർത്തനത്തിന് കൂടുതൽ വൈദ്യുതി ആവശ്യമാണ് • വലിപ്പം കൂടിയതിനാൽ സ്ഥാപിക്കാനുള്ള ബുദ്ധിമുട്ട് • അന്തരീക്ഷത്തിലെ ആർദ്രതയുടെ അളവ് വേർതിരിക്കുന്ന വെള്ളത്തിന്റെ അളവിനെ ബാധിക്കും Content Highlights:drinking water from air a company to plant its machine
from mathrubhumi.latestnews.rssfeed https://ift.tt/2OoZX1j
via IFTTT
0 അഭിപ്രായങ്ങള്‍