മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ത്രികക്ഷിമന്ത്രിസഭ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വോട്ടെടുപ്പ്. എൻസിപി എംഎൽഎ ദിലിപ് വാൽസെ പാട്ടീലിനെ താത്കാലിക സ്പീക്കറായി നിശ്ചയിച്ചിട്ടുണ്ട്. ഇയാളുടെ അധ്യക്ഷതയിലാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുക. ഡിസംബർ മൂന്നിനകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ ഭഗത് സിങ് കോഷിയാരി ഉദ്ധവ് താക്കറെക്ക് സമയം അനുവദിച്ചിരിക്കുന്നത്. 288 അംഗ നിയമസഭയിൽ 162 എം.എൽ.എ.മാരുടെ പിന്തുണയാണ് ശിവസേന, കോൺഗ്രസ്, എൻ.സി.പി. എന്നിവ ചേർന്ന മഹാ വികാസ് അഘാടി സഖ്യം അവകാശപ്പെടുന്നത്. ബി.ജെ.പി. 105, ശിവസേന 56, എൻ.സി.പി. 54, കോൺഗ്രസ് 44 എന്നിങ്ങനെയാണ് പ്രധാനകക്ഷികളുടെ അംഗബലം. സ്വതന്ത്രരും ചില ചെറു പാർട്ടികളും സഖ്യത്തെ പിന്തുണക്കുന്നുണ്ട്. 145 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വൻ അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ ഉദ്ധവ് താക്കറെക്ക് എളുപ്പത്തിൽ വിശ്വാസം നേടാം. അജിത് പവാറിലൂടെ ഒരു തവണ അട്ടിമറി ശ്രമം നടത്തി നാണംകെട്ട ബിജെപി ഇനിയും അതിന് മുതിർന്നേക്കില്ല. മന്ത്രിസഭാവികസനം ഡിസംബർ മൂന്നിന് നടന്നേക്കുമെന്നാണ് സൂചന. വ്യാഴാഴ്ച ഉദ്ധവ് താക്കറെയ്ക്കൊപ്പം മൂന്ന് പാർട്ടികളിൽ നിന്നുമായി രണ്ടു വീതം എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം എൻസിപിക്കും സ്പീക്കർ പദവി കോൺഗ്രസിനും അവകാശപ്പെട്ടതാണ്. ബിജെപി പാളയത്തിൽ പോയി മടങ്ങി എത്തിയ എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായേക്കും.കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ സ്പീക്കറാകാനാണ് കൂടുതൽ സാധ്യത. Content Highlights: Uddhav Thackeray,Maharashtra Floor Test, maharashtra politics, shivsena
from mathrubhumi.latestnews.rssfeed https://ift.tt/2P0ruF5
via IFTTT
0 അഭിപ്രായങ്ങള്‍