ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് വാഗ്നര്‍; ന്യൂസീലന്‍ഡിന് ഇന്നിങ്‌സ് വിജയം

വെല്ലിങ്ടൺ: ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 65 റൺസിനും തോൽപ്പിച്ച് ന്യൂസീലൻഡ്. 262 റൺസ് കടവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് 197 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത വാഗ്നറുടേയും മൂന്നു വിക്കറ്റ് വീഴ്ത്തിയ സാന്റ്നറുടേയും ബൗളിങ്ങിന് മുന്നിൽ ചൂളിപ്പോയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയക്ക് ടെസ്റ്റിന്റെ അവസാന ദിവസം അതിജീവിക്കാനായില്ല. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 142 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി. 35 റൺസെടുത്ത ഡെൻലിയാണ് ടോപ്പ് സ്കോറർ. ഇതോടെ പരമ്പരയിൽ ന്യൂസീലൻഡ് 1-0ത്തിന് മുന്നിലെത്തി. സ്കോർ: 353&197, 615/9d. നേരത്തെ ഇരട്ട സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബി.ജെ വാറ്റ്ലിങ്ങിന്റേയും സെഞ്ചുറി അടിച്ച മിച്ചൽ സാന്റ്നറുടേയും മികവിൽ ന്യൂസീലൻഡ് ഒന്നാമിന്നിങ്സിൽ 615 റൺസ് നേടി. ആറു വിക്കറ്റിന് 615 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു ന്യൂസീലൻഡ്. ഇംഗ്ലണ്ടിനെതിരായ കിവീസിന്റെ ഏറ്റവുമയർന്ന് സ്കോറാണിത്. ഇതോടെ ഒന്നാമിന്നിങ്സിൽ 262 റൺസിന്റെ കൂറ്റൻ ലീഡും ആതിഥേയർ സ്വന്തമാക്കി. ഏഴാം വിക്കറ്റിൽ വാറ്റ്ലിങ്ങും സാന്റ്നെറും ചേർന്ന് നേടിയ 261 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് ന്യൂസീലൻഡിന്റെ ഇന്നിങ്സിൽ നിർണായകമായത്. ആറാം വിക്കറ്റിൽ ഗ്രാൻഡ്ഹോമുമായി ചേർന്ന് 119 റൺസിന്റെ കൂട്ടുകെട്ടും വാറ്റ്ലിങ് പടുത്തുയർത്തി. ഇരട്ട സെഞ്ചുറിയോടെ വാറ്റ്ലിങ്ങ് റെക്കോഡ് പുസ്തകത്തിലും ഇടം നേടി. ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോഡാണ് വാറ്റ്ലിങ് സ്വന്തം പേരിൽ എഴുതിച്ചേർത്തത്. 473 പന്തിൽ നിന്ന് കിവീസ് താരം 205 റൺസ് അടിച്ചെടുത്തു. 24 ഫോറും ഒരു സിക്സും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. നേരത്തെ ബ്രണ്ടൻ മക്കല്ലത്തിന്റെ പേരിലായിരുന്നു ഏറ്റവുമയർന്ന സ്കോർ. 2010-ൽ ഹാമിൽട്ടണിൽ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ മക്കല്ലം 185 റൺസ് അടിച്ചിരുന്നു. മിച്ചൽ സാന്റ്നർ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനും കാണികൾ സാക്ഷിയായി. 269 പന്തിൽ 126 റൺസാണ് സാന്റ്നർ നേടിയത്. എന്നാൽ ഇതിലൊതുങ്ങുന്നതായിരുന്നില്ല ഇടങ്കയ്യൻ സ്പിന്നർ കൂടിയായ സാന്റ്നറുടെ പ്രകടനം. പിന്നാലെ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്സിൽ മൂന്നു വിക്കറ്റും സാന്റ്നർ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 353 റൺസിന് ഇംഗ്ലണ്ട് പുറത്തായിരുന്നു. നാല് വിക്കറ്റെടുത്ത ടിം സൗത്തിയും മൂന്നു വിക്കറ്റ് വീഴ്ത്തിയ വാഗ്നറുമാണ് ഇംഗ്ലണ്ടിനെ 400-ൽ എത്താതെ പിടിച്ചുകെട്ടിയത്. ബെൻ സ്റ്റോക്ക്സ് 91 റൺസും ഡെൻലി 74 റൺസും നേടി. Content Highlights: New Zealand vs England Test Cricket

from mathrubhumi.latestnews.rssfeed https://ift.tt/2OfKiBa
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍