മുസ്ലിം ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല; ലീഗിന്റേത് അന്തസ്സുള്ള സമീപനം: എ.കെ. ബാലൻ

യുഡിഎഫ് ഘടക കക്ഷിയായ മുസ്ലിം ലീഗിനെ പ്രശംസിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ അന്തസുള്ള സമീപനമാണ് ലീഗ് സ്വീകരിക്കുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹത്തെ പറഞ്ഞു.

”രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ അന്തസുള്ള സമീപനമാണ് മുസ്ലിം ലീഗ് സ്വീകരിക്കാറുള്ളത്. ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഞങ്ങൾക്ക് ലീഗുമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടതുപക്ഷവും സിപിഎമ്മും സ്വീകരിക്കുന്ന സമീപനത്തോട് അനുകൂലമായ പ്രതികരണമാണ് ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളത്” – ബാലന്‍ പറഞ്ഞു.

പലസ്തീനുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ തെറ്റായ രൂപത്തില്‍ പ്രചരിപ്പിക്കുന്നതിന് പ്രതിപക്ഷനേതാവ് ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞ കാര്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് പൊതുസമൂഹത്തിനോട് പറഞ്ഞ ലീഗിന്റെ സമീപനം ശ്ലാഘനീയമാണെന്നും ബാലൻ പറഞ്ഞു.

‘ അതേപോലെ തന്നെ, പലസ്തീന്‍ വിഷയത്തില്‍ നടത്തുന്ന റാലിയിലേക്ക് ക്ഷണിച്ചാല്‍ വരാന്‍ സന്നദ്ധമാണ് എന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പലസ്തീന്‍ വിഷയത്തിലെ കോണ്‍ഗ്രസിന്റെ സമീപനത്തോട് യോജിക്കാന്‍ കഴിയാത്ത സാഹചര്യം ലീഗിന് വന്നുചേര്‍ന്നുവെന്നത് രാഷ്ട്രീയപ്രാധാന്യമുള്ള വിഷയമാണ്. എട്ട് ബില്ലുകള്‍ ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ ലീഗിന്റെ അഭിപ്രായം ഇതിന് കടകവിരുദ്ധമാണ്”- എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

The post മുസ്ലിം ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല; ലീഗിന്റേത് അന്തസ്സുള്ള സമീപനം: എ.കെ. ബാലൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/YJwKgPS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍