കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; ശക്തമായ നടപടിയെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കവേ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി മന്ത്രി ആന്റണി രാജു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ബസിലെ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. ലൈംഗികാതിക്രമത്തില്‍ ഏതെങ്കിലും തരത്തിൽ കണ്ടക്ടര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതര കുറ്റമാണ്. വിഷയത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവത്തിൽ കെഎസ്ആര്‍ടിസി എംഡിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരം- കോഴിക്കോട് സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ചായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിനിയായ അധ്യാപികക്ക് നേരെയായിരുന്നു ലൈംഗികാതിക്രമമുണ്ടായത്. എറണാകുളം പിന്നിട്ട് തൃശൂരിനോട് അടുത്തപ്പോഴാണ് സംഭവം നടന്നതെന്ന് അധ്യാപിക പറഞ്ഞു. ഉറങ്ങിയ സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടര്‍ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്ന് അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ പറയുകയായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/GewiA2J
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍