കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ ആധാറും വോട്ടർ പട്ടികയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പു നിയമഭേദഗതി ബിൽ അടുത്തിടെ പാർലമെന്റ് പാസാക്കി. അതുപ്രകാരം, വോട്ടർപട്ടികയിൽ പേരുചേർക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥന് (ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ) പേരു ചേർക്കുന്നതിന്റെ ഭാഗമായി തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ ‘വേണമെങ്കിൽ ആവശ്യപ്പെടാം’. ഇതു പുതുതായി പേരു ചേർക്കുന്നവർക്കു മാത്രമല്ല, ഇപ്പോൾ പട്ടികയിൽ പേരുള്ളവർക്കും ബാധകമാണ്. ആധാർ നമ്പർ നൽകാൻ ആരെയും നിർബന്ധിക്കില്ലെന്നും നൽകാതിരിക്കുന്നവരുടെ ആരുടെയും പേര് വോട്ടർ പട്ടികയിൽ നിന്നു വെട്ടിക്കളയില്ലെന്നും നിയമഭേദഗതി ബില്ലിൽ പറയുന്നു. പക്ഷേ, അതിനൊരു വ്യവസ്ഥകൂടി ബിൽ മുന്നോട്ടു വയ്ക്കുന്നു. ആധാർ വിവരങ്ങൾ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കു നൽകാതിരിക്കാൻ ‘നിയമപരമായി നിർദേശിക്കപ്പെട്ട തക്കതായ കാരണം ഉണ്ടായിരിക്കണം.'
ഇന്ത്യയിലെ തിരഞ്ഞെടുപ്പു നിയമങ്ങൾ അനുസരിച്ചു് വോട്ടു ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് പോലും ആവശ്യമില്ല. അതിനു പകരം പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാം. എന്നാൽ, വോട്ടർ തിരിച്ചറിയൽ കാർഡുള്ള സമ്മതിദായകർ അതുതന്നെ ഹാജരാക്കണം എന്നാണു വ്യവസ്ഥ. ആധാർ വിവരങ്ങൾ സ്വമനസ്സാൽ കൊടുത്താൽ മതി എന്നു സർക്കാർ പറയുമ്പോൾ തിരിച്ചറിയൽ കാർഡ് ഏതാണ്ടു നിർബന്ധമാക്കിയ രീതി മറക്കാവുന്നതല്ല. ആധാർ നമ്പർ വോട്ടർ നൽകേണ്ടതില്ലെന്ന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ അംഗീകരിക്കാനുള്ള ‘തക്കതായ കാരണം’ എന്താണെന്നു കേന്ദ്രസർക്കാർ നിശ്ചയിക്കാനിരിക്കുന്നതേയുള്ളൂ. മുൻഅനുഭവം വച്ചു നോക്കിയാൽ ആധാർ കാർഡുള്ളവർക്ക് അതു നൽകിയേ മതിയാവൂ എന്ന സ്ഥിതി വരുമെന്ന് ഉറപ്പ് ഊഹിക്കാം....
ആധാറുമായി വോട്ടർപട്ടിക ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം ഇതിനു മുൻപും പരീക്ഷണാടിസ്ഥാനത്തിൽ നടന്നിട്ടുണ്ട്. 2015ലെ ആ പരീക്ഷണത്തിൽ ആന്ധ്രയിലെയും തെലങ്കാനയിലെയും ലക്ഷക്കണക്കിനു വോട്ടർമാർക്ക് ആധാർ ഇല്ലാത്തതുമൂലം സമ്മതിദാനാവകാശം നഷ്ടപ്പെട്ടു. ഒടുവിൽ സുപ്രീം കോടതി ഇടപെട്ടാണ് ആ നീക്കം നിർത്തിവച്ചത്.
ആധാർ നിയമം പാർലമെന്റിൽ അവതരിപ്പിച്ചതു ധനബിൽ ആയിട്ടാണെന്ന് ഓർക്കുമല്ലോ. അതു സുപ്രീം കോടതിയിൽ ചോദ്യം ചെയ്തപ്പോൾ സർക്കാർ പറഞ്ഞത് സബ്സിഡി നൽകുക തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങൾക്കാണ് ആധാർ ഉപയോഗിക്കുന്നതെന്നാണ്. സുപ്രീം കോടതി ഈ വാദം അംഗീകരിച്ചു. തിരഞ്ഞെടുപ്പു പ്രക്രിയയിലേക്ക് ആധാറിനെ വലിച്ചിറക്കുമ്പോൾ, അതു ജനക്ഷേമത്തിനുള്ള ഉപകരണം എന്നതിലപ്പുറം മറ്റെന്തോ ആകുന്നു.
കള്ളവോട്ടു തടയുകയാണ് ഈ ഭേദഗതി ബില്ലിന്റെ പ്രധാനഉദ്ദേശ്യം എന്നാണല്ലോ സർക്കാർ പറയുന്നത്. 1993ൽ ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന സമയത്ത്. ഇതേ ലക്ഷ്യത്തോടെ കൊണ്ടുവന്നതാണു തിരിച്ചറിയൽ കാർഡ്. ആയിരക്കണക്കിനു കോടി രൂപ ചെലവഴിച്ചതിനും വർഷങ്ങളോളം അധ്വാനിച്ചതിനും ശേഷം തിരഞ്ഞെടുപ്പു നിയമത്തിൽ പുതുതായി കൊണ്ടുവന്ന ഭേദഗതി പ്രത്യക്ഷത്തിൽ സമ്മതിക്കുന്നതു കള്ളവോട്ട് തടയുന്നതിൽ തിരിച്ചറിയൽ കാർഡ് ഫലപ്രദമായില്ലെന്നാണ് തിരിച്ചറിയൽ കാർഡിന്റെ മേൽ ആധാറിന്റെ ഒരു അടരുകൂടി കൊണ്ടുവന്നാൽ കള്ളവോട്ട് തടയാൻ സാധിക്കുമോ?
നിർഭാഗ്യവശാൽ, ഇല്ല എന്നാണുത്തരം. ആധാറിൽ പേരു ചേർക്കുന്നതിനു മുൻപ് ഒരു രീതിയിലുമുള്ള അന്വേഷണം നടക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ ആധാർ ലഭ്യമാകും. അലഹാബാദ് ഹൈക്കോടതിയുടെ 2018ലെ വിധി തിരിച്ചറിയൽ കാർഡ് എന്ന നിലയിലുള്ള ആധാറിന്റെ ദൗർബല്യം വ്യക്തമാക്കുന്നു: “അപേക്ഷകന്റെ ചിത്രം, വിരലടയാളങ്ങൾ, കൃഷ്ണമണിയുടെ സ്കാൻ എന്നിവയെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന നിർണായകമായ രേഖയാണ്. ആധാർ കാർഡ് എന്നാൽ പേര്, മേൽവിലാസം, ജനനത്തീയതി, ലിംഗം എന്നിവ ആധാർ കാർഡിൽ രേഖപ്പെടുത്തുന്നത് അപേക്ഷകൻ നൽകുന്ന പ്രകാരമാണ്. അതിനാൽ ഈ വിവരങ്ങൾക്ക് ആധാർ നിർണായകമായ തെളിവല്ല’’.
തിരഞ്ഞെടുപ്പു നിയമങ്ങളുടെ ആത്യന്തികമായ ലക്ഷ്യം ഭരണകക്ഷിക്കും പ്രതിപക്ഷകക്ഷികൾക്കും തുല്യസാധ്യതയുള്ള മൈതാനം ഒരുക്കുക എന്നതാണ്. റേഷൻ മുതൽ പ്രതിരോധകുത്തിവയ്പുവരെ സർവരംഗങ്ങളിലും ആധാർ വ്യാപകമായി ഉപയോഗിക്കുന്നു. നേരിട്ടു സബ്സിഡി ബാങ്കിലേക്ക് എത്തിക്കുന്നത് ആധാറിലൂടെയാണ്.
0 അഭിപ്രായങ്ങള്‍