പനിയുടെ ചെറിയലക്ഷണമോ ജലദോഷമോ കാണുമ്പോൾ തന്നെ നമ്മളിൽ പലരും ആവിപിടിക്കാറുണ്ട്. പനിയോ ജലദോഷമോ ഉണ്ടാകുമ്പോൾ ആവി പിടിച്ചാൽ വളരെ ആശ്വാസം ലഭിക്കും. എന്നാൽ ആവി പിടിക്കുന്നതു ശരിയായ രീതിയിലല്ലെങ്കിൽ ഗുണത്തെക്കാളേറെ ദോഷമാകണ്ടാകാനുള്ള സാധ്യതയുണ്ട്. ആവി പിടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം.
ഒരിക്കലും തുടർച്ചയായി അഞ്ചു മിനിറ്റിൽ കൂടുതൽ സമയം ആവി പിടിക്കരുത്. കണ്ണിനു മുകളിൽ ആവി ഏൽക്കാതെ സൂക്ഷിക്കുകയും ചെയ്യണം. നനഞ്ഞ തുണിയോ മറ്റോ വെച്ച് കണ്ണു മറച്ച ശേഷം ആവി പിടിക്കുന്നത് നല്ലതാണ്. തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകളൊന്നും ആവി പിടിക്കാനുള്ള വെള്ളത്തിൽ കലർത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനു പകരമായി തുളസിയിലയോ യൂക്കാലിയോ തൈലമോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപുല്ല്, രാമച്ചം, പനികൂർക്ക, ചൊമകൂർക്ക എന്നിവയും ആവി പിടിക്കാനുള്ള വെള്ളത്തിൽ ഉപയോഗിക്കാം. അതേസമയം ആവിപിടിക്കാനുള്ള വെള്ളത്തിൽ ഉപ്പു ചേർത്ത് ഉപയോഗിക്കുന്നതു കൊണ്ടു കാര്യമായ പ്രയോജനമില്ല.
ആവിപിടിക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വേപ്പറൈസറുകൾ വിപണിയിൽ സുലഭമാണ്. വേപ്പറൈസറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വേപ്പറൈസറുകൾ ഉപയോഗിക്കുമ്പോൾ സ്വിച്ച് ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യുക. ഉറച്ച പ്രതലത്തിൽ വെച്ചു വേണം വേപ്പറൈസറുകൾ ഉപയോഗിക്കാൻ. ഉപ്പോ മറ്റു കഠിന ജലമോ വേപ്പറൈസറിൽ ഉപയോഗിക്കുകയും ചെയ്യരുത്. വള്ളമില്ലാത്ത അവസ്ഥയിൽ വേപ്പറൈസർ പ്രവർത്തിപ്പിക്കരുത്.
0 അഭിപ്രായങ്ങള്‍