സുന്ദരമായ ബന്ധങ്ങളുടെ കാതൽ അഥവാ അടിത്തറ; വൈകാരിക ചൂഷണം പല രീതിയിൽ;

 



പരസ്പരമുള്ള വിശ്വാസവും ബഹുമാനവും സ്വതന്ത്രമായി ആശയവിനിമയം നടത്താൻ കഴിയുന്നതുമെല്ലാം ആണ് സുന്ദരമായ ബന്ധങ്ങളുടെ കാതൽ അഥവാ അടിത്തറ. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും പരസ്പരം മനസ്സിലാക്കാനുള്ള കഴിവും പങ്കാളികൾക്കിടയിൽ ഉണ്ടാകണം. എന്നാൽ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ഭയം തോന്നുക, നിങ്ങൾക്കിഷ്ടമുള്ള പല കാര്യങ്ങളും പങ്കാളിയെ പേടിച്ച് നിങ്ങൾക്ക് വേണ്ടെന്നു വെയ്ക്കേണ്ടി വരിക, നിങ്ങളെ ഒരുപാട് നിയന്ത്രിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ അവർ നിങ്ങളുടെ സ്വാതന്ത്രങ്ങളിൽ അമിതമായി കൈകടത്തുക തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ മനസ്സിലാക്കുക നിങ്ങൾ പെട്ടിരിക്കുന്നത് ഒട്ടും സുഖകരമല്ലാത്ത ഒരു ബന്ധത്തിലാണ് എന്ന്. അത്തരമുള്ള ബന്ധങ്ങളിൽ തുടരുക എന്നുള്ളത് വളരെ ദുഷ്കരം തന്നെയാണ്.


ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഇതുപോലുള്ള പ്രശ്നങ്ങൾ. പക്ഷെ ഇവ തിരിച്ചറിയുക എന്നുള്ളതാണ് നമ്മളെ സംബന്ധിച്ച് പ്രധാനം. ഇത് പോലുള്ള പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്ന ഒരുപാടു പേർ നമുക്ക് ചുറ്റിലുമുണ്ട്. പക്ഷെ എത്ര പേർ ഈ പ്രശ്നങ്ങൾ കണ്ടറിഞ്ഞു ശരിയായ തീരുമാനം കൈക്കൊള്ളുന്നു? വിരലിൽ എണ്ണാവുന്ന ചുരുക്കം ചിലർ മാത്രം. പലപ്പോഴും സ്ത്രീകളാണ് കൂടുതൽ വേട്ടയാടപ്പെടുന്നതും ഇരകളാവുന്നതും.


വൈകാരികമായ ചൂഷണം എങ്ങനെ കണ്ടെത്താം, ഒപ്പം എങ്ങനെ അതിൽ നിന്നും പുറത്തു കടക്കാം എന്നീ കാര്യങ്ങളൊക്കെ സ്വതന്ത്രമായി ചർച്ച ചെയ്യുകയാണ് ഇവിടെ.


കൃത്രിമത്വം നിറഞ്ഞ പങ്കാളിയുടെ പെരുമാറ്റത്തെ നിങ്ങൾ തിരിച്ചറിഞ്ഞാൽ അത് അവഗണിക്കരുത്. നിങ്ങൾക്ക് സുരക്ഷിതമാണെന്ന് തോന്നുന്ന ഒരു ബന്ധമാണോ എന്നും നിങ്ങളുടെ ഉയർച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്ന ബന്ധമാണോ എന്നും സ്വയം തിരിച്ചറിയുക. അത്തരത്തിലുള്ള ഒന്നല്ലെങ്കിൽ, ഈ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകാതെ ശരിയായ തീരുമാനം എടുക്കുക. വൈകാരികമായി ചൂഷണം ചെയ്യുന്ന പങ്കാളി അവരുടെ ഭാഗത്തുള്ള തെറ്റുകൾ അംഗീകരിച്ചു തരില്ല. നിങ്ങൾ അവരെ മനസ്സിലാക്കുന്നില്ലെന്നു പറഞ്ഞു തർക്കിക്കും. നിങ്ങളുടെ വാക്കുകൾ ചെവിക്കൊള്ളുകയുമില്ല. വൈകാരികമായി ചൂഷണം ചെയ്യുന്ന പങ്കാളികൾ എല്ലാ കുറ്റങ്ങളും ഒരാളിൽ തന്നെ അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കും.


ചെറിയ പ്രശ്നങ്ങൾ വരെ തുറന്നു സംസാരിക്കാൻ പറ്റാതിരിക്കുകയും പങ്കാളിയുടെ പ്രതികരണം എന്താവും എന്ന് ആലോചിച്ചു ഭയം തോന്നുകയും ചെയ്യുക! എത്ര ദുഷ്കരമാണ് അങ്ങനൊരു ബന്ധങ്ങളിൽ പെട്ട് കഴിയുന്നത് അല്ലെ?


ചൂഷണം ചെയ്യപ്പെടുകയാണെന്ന് സ്വയം തിരിച്ചറിയാത്തിടത്തോളം അതിന്റെ ഗൗരവത്തെക്കുറിച്ചു നിങ്ങൾക്ക് ബോധ്യമുണ്ടാവില്ല. തുടർച്ചയായി മാനസിക ചൂഷണങ്ങൾക്ക് വിധേയമാകുന്നത് പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ട് നല്ലൊരു ജീവിതം ഇനിയില്ലെന്നുള്ള ചിന്തകളാൽ വിഷാദ രോഗത്തിന് അനുഭവപ്പെട്ട് നിരാശയിലേയ്ക്ക് കൂപ്പുകുത്തുന്നത് നമുക്ക് ചുറ്റും കാണുന്നതാണ്. പങ്കാളിയെ തുടർച്ചയായി മാനസിക പീഡനത്തിന് വിധേയമാക്കിയതിനു ശേഷം ഉള്ള മാപ്പുപറച്ചിൽ ആണ് ചൂഷകരുടെ പതിവ് രീതി. ഇത് തിരിച്ചറിയേണ്ട സംഗതിയാണ്.


പെൺകുട്ടികളിൽ സമൂഹം അടിച്ചേൽപ്പിക്കുന്ന ചില അരുതുകൾ ബന്ധങ്ങളിൽ സംഭവിക്കുന്ന ഇപ്രകാരമുള്ള വൈകാരിക ചൂഷണങ്ങളുടെ പ്രത്യാഘാതങ്ങൾ പലപ്പോഴും വഷളാക്കാറുണ്ട്. വിവാഹബന്ധത്തിന്റെ പവിത്രത, ഏതു ദുർഘടാവസ്ഥയിലും സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോകുക തുടങ്ങിയ പൊള്ളയായ സദാചാര സങ്കല്പങ്ങൾ കേട്ട് വളരുന്ന പെൺകുട്ടികളാണ് പലപ്പോഴും വൈകാരിക ചുഷണങ്ങളുടെ ഇരകളായി തീരുന്നത്. ഇന്നത്തെ പെൺകുട്ടികൾ കുറെയൊക്കെ ഇതുപോലുള്ള പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞു മുന്നോട്ട് പോകുന്നുണ്ട്. അല്ലാത്തവർ വിധിയെ പഴിച്ചു ജീവിതം കഴിച്ചുകൂട്ടുകയും ചെയ്യുന്നു.


വഴക്കിടുമ്പോൾ എല്ലാത്തിനും കാരണം നീയാണ് എന്ന് പങ്കാളിയോട് പറയുകയും ശരി എപ്പോഴും തന്റെ ഭാഗത്താണെന്നു അവർ പറയുകയും ചെയ്യുന്നു. ഇത് പലപ്പോഴും പങ്കാളിയെ മാനസികമായി തളർത്തുകയും ചെയ്യുന്നു. ഗ്യാസ് ലൈറ്റിങ് (Gaslighting) എന്നതാണ് ഈ രീതി.

വൈകാരിക ചുഷണം തിരിച്ചറിഞ്ഞാൽ അതിൽ കടിച്ചു തൂങ്ങി കിടക്കാതെ പെട്ടെന്ന് ആ റിലേഷൻഷിപ്പിൽനിന്ന് പുറത്തു കടക്കുന്നതാണ് ഏറ്റവും നല്ലത്.


വൈകാരിക ചൂഷണം എന്ന് വേണ്ട എന്ത് റിലേഷൻഷിപ് സംബന്ധിച്ച പ്രശ്നങ്ങളിൽ നിന്നും പുറത്തു കടക്കുന്നവരെ കുറ്റപ്പെടുത്താനും സ്വഭാവ വിശകലനം ചെയ്യാനും അവരെ സപ്പോർട്ട് ചെയ്യുക.മുൻവിധിയോടെ ഒരാളെ സമീപിക്കാതെ ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ അവരെ സഹായിക്കുക എന്നുള്ളത് നാമോരുത്തരുടേയും കർത്തവ്യമാണ്.







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍