ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞ് ലിവർപൂളും മാഞ്ചെസ്റ്റർ സിറ്റിയും. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഓരോ മിനിട്ടിലും ആവേശം അലതല്ലിയ മത്സരത്തിൽ നാലുഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചു. മത്സരത്തിന്റെ 59-ാം മിനിട്ടിൽ സാദിയോ മാനെയിലൂടെ ലിവർപൂളാണ് ആദ്യം ലീഡെടുത്തത്. പ്ലേ മേക്കർ മുഹമ്മദ് സലയുടെ കൃത്യമായ പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് കയറിയ മാനെ ഗോൾകീപ്പർ എഡേഴ്സണ് ഒരു സാധ്യതയും നൽകാതെ പന്ത് വലയിലെത്തിച്ചു. എന്നാൽ പത്തുമിനിട്ടുകൾക്ക് ശേഷം 69-ാം മിനിട്ടിൽ മാഞ്ചെസ്റ്റർ സിറ്റി തിരിച്ചടിച്ചു. ഗബ്രിയേൽ ജെസ്യൂസിന്റെ തകർപ്പൻ പാസ് സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ ഫിൽ ഫോഡനാണ് സിറ്റിയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ബോക്സിന്റെ ഇടതുവശത്തുനിന്നുള്ള ഫോഡന്റെ ഷോട്ട് ഗോൾകീപ്പർ അലിസണെ മറികടന്ന് വലത്തേ പോസ്റ്റിലിടിച്ച് വലയിൽ കയറി. കളി സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും 76-ാം മിനിട്ടിൽ സമനിലപ്പൂട്ട് പൊളിച്ചുകൊണ്ട് സൂപ്പർതാരം മുഹമ്മദ് സല ലിവർപൂളിനായി അത്ഭുത ഗോളടിച്ച് ലീഡുയർത്തി. ബോക്സിനകത്ത് മൂന്ന് സിറ്റി പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് അതിമനോഹരമായി സല പന്ത് വലയിലെത്തിച്ചു. സലയുടെ ഗോൾ പിറന്നതോടെ ഉണർന്നുകളിച്ച സിറ്റി ഒടുവിൽ 81-ാം മിനിട്ടിൽ സമനില ഗോൾ കണ്ടെത്തി. ഇത്തവണ പ്ലേമേക്കർ കെവിൻ ഡിബ്രുയിനെയാണ് സിറ്റിയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ബോക്സിന് വെളിയിലേക്ക് പോയി. പന്ത് സ്വീകരിച്ച ഡിബ്രുയിനെ മികച്ച ലോങ് റേഞ്ചറിലൂടെ ഗോൾ നേടി. ലിവർപൂൾ പ്രതിരോധതാരം മാറ്റിപ്പിനെ തഴുകിയാണ് പന്ത് വലയിലെത്തിയത്. ഇതുകാരണം ഗോൾകീപ്പർ അലിസണിന്റെ കണക്കുകൂട്ടൽ തെറ്റി. സ്കോർ 2-2 എന്ന നിലയിലായി. മത്സരമവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ ലിവർപൂളിന്റെ ഫാബിന്യോയയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സിറ്റി പ്രതിരോധതാരം റൂബൻ ഡയസ് രക്ഷപ്പെടുത്തി. ഈ സമനിലയോടെ ലിവർപൂൾ 15 പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 14 പോയന്റുള്ള സിറ്റി മൂന്നാം സ്ഥാനത്തേക്ക് കയറി. Content Highlights: Manchester City vs Liverpool English Premier League 2022-2022
from mathrubhumi.latestnews.rssfeed https://ift.tt/3a0nNKL
via IFTTT
0 അഭിപ്രായങ്ങള്‍