പെട്രോൾ, ഡീസൽ വിലവർധന പതിവായതോടെ വാഹനങ്ങളിലെ സി.എൻ.ജി. (സമ്മർദിത പ്രകൃതിവാതകം) ഉപയോഗം കൂടുന്നു. ഒരുവർഷത്തിനിടെ കേരളത്തിൽ സി.എൻ.ജി. ഉപയോഗം ഇരട്ടിയലധികമായാണു വർധിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ സംസ്ഥാനത്ത് ആകെ പ്രതിമാസവിൽപ്പന 11,200 കിലോയായിരുന്നെങ്കിൽ ഇപ്പോഴത് 25,412 കിലോയായി വർധിച്ചു. കഴിഞ്ഞവർഷം കേരളത്തിൽ 11 സി.എൻ.ജി. സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 33 ആയി. വടക്കൻ ജില്ലകളിലേക്കു 38 എണ്ണത്തിനുകൂടി അനുമതി നൽകിയതായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആർ. വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കു 30 എണ്ണത്തിനുകൂടി അനുമതിയായി. ചുമതല രണ്ടുകമ്പനികൾക്ക് എറണാകുളം നഗരത്തിലും പരിസരങ്ങളിലുമായിമാത്രം ഉപയോഗിച്ചിരുന്ന സി.എൻ.ജി. സംസ്ഥാനംമൊത്തം വ്യാപിക്കുന്നതാണു പുതിയപ്രവണത. പുതുതായിവരുന്ന 38 പമ്പുകളിൽ 13 എണ്ണം തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഏഴും മലപ്പുറത്ത് ആറും കണ്ണൂർ, കാസർകോട് ജില്ലകളിലായി രണ്ടും പമ്പുകളാണു വരുന്നത്. എറണാകുളത്ത് പത്തെണ്ണംകൂടി തുടങ്ങും. എറണാകുളം മുതൽ വടക്കോട്ട് ഇന്ത്യൻ ഓയിൽ-അദാനി കൺസോർഷ്യമാണു വിവിധകമ്പനികളുടെ പമ്പുകളിലേക്കു സി.എൻ.ജി. നൽകുന്നത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എ.ജി.ആൻഡ് പി. (അറ്റ്ലാൻഡിക്, ഗൾഫ് ആൻഡ് പസഫിക് കമ്പനി)യ്ക്കാണു ചുമതല. ഇവർ ആലപ്പുഴ ജില്ലയിൽ രണ്ടുസ്റ്റേഷൻ തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് ഈഞ്ചക്കലും പേരൂർക്കടയിലും ഉടൻ തുടങ്ങും. അനുമതിലഭിച്ച 30 സ്റ്റേഷനുകളിൽ 20-22 എണ്ണമെങ്കിലും അടുത്തമാർച്ചിനുള്ളിൽ പൂർത്തീകരിക്കുമെന്നു കമ്പനിയുടെ റീജണൽ ഹെഡ് രഞ്ജിത്ത് രാമചന്ദ്രൻ പറഞ്ഞു. വടക്കൻ ജില്ലകളിലേക്ക് ഗെയ്ലിന്റെ പൈപ്പ് ലൈൻ വന്നതാണു വാതകവിതരണം എളുപ്പമാക്കിയത്. തെക്കൻജില്ലകളിലേക്ക് പൈപ്പിട്ടിട്ടില്ലാത്തതിനാൽ വലിയ കണ്ടെയ്നറുകളിൽ എത്തിച്ചാണു വിതരണം. ചേർത്തലയിൽ ഒരു മദർ സ്റ്റേഷൻ പരിഗണനയിലുണ്ടെന്നു രഞ്ജിത്ത് രാമചന്ദ്രൻ പറഞ്ഞു. ഇവിടെനിന്ന് തിരുവനന്തപുരംവരെയുളള പൈപ്പിടൽ വൈകാതെ തുടങ്ങും. ദേശീയപാത വീതി കൂട്ടാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ അതുകൂടി അറിഞ്ഞിട്ടാകും നടപടി. സി.എൻ.ജി. യുടെ നേട്ടം വിലക്കുറവാണ് സി.എൻ.ജി.യുടെ പ്രധാന ആകർഷണം. തിങ്കളാഴ്ച കൊച്ചിയിൽ കിലോക്ക് 64.95 രൂപയാണ്. രണ്ടുദിവസംകൊണ്ട് 1.55 രൂപ കൂടി. അതിനുമുൻപ് ഒറ്റയടിക്ക് അഞ്ചുരൂപ കൂടിയിരുന്നു. ഇപ്പോഴത്തെ നിരക്കനുസരിച്ച് മറ്റ് ഇന്ധനങ്ങളെക്കാൾ 50 ശതമാനമെങ്കിലും ലാഭമുണ്ടെന്നാണ് ഇതുപയോഗിക്കുന്നവർ പറയുന്നത്. ഒരുകിലോ സി.എൻ.ജി. ഒരുലിറ്റർ പെട്രോളിന് തുല്യമെന്നാണു കണക്ക്. കാർബൺ അംശം കുറവായതിനാൽ മലിനീകരണത്തോതും വളരെക്കുറവാണ്. Content Highlights:Number Of CNG Pumps Increased, Use Of CNG Fuel Doubled Due To Petrol Diesel Price Hike
from mathrubhumi.latestnews.rssfeed https://ift.tt/3mg5HuV
via IFTTT
0 അഭിപ്രായങ്ങള്‍