ഭാര്യയെ കഴുത്തുമുറുക്കി കൊന്നു; ഷമീര്‍ പിടിയിലായത്‌ ​ആത്മഹത്യക്ക് തയ്യാറെടുക്കുന്നതിനിടെ

വാഴക്കാട്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തുമുറുക്കിക്കൊന്ന് ഒളിവിൽപ്പോയ ഭർത്താവിനെ വൈകുന്നേരത്തോടെ പിടികൂടി. വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അനന്തായൂർ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകൾ ഷാക്കിറ(27)യെയാണ് ഭർത്താവ് ഷമീർ (34) കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി രണ്ടുമണിക്ക് വീട്ടിനകത്തുവെച്ചാണ് സംഭവം. കൊലയ്ക്കുശേഷം വീട്ടുടമസ്ഥനെ ഫോണിൽ വിളിച്ചുപറഞ്ഞശേഷമാണ് ഷമീർ നാടുവിട്ടത്. വീട്ടുടമസ്ഥൻ രാത്രിതന്നെ പഞ്ചായത്തംഗത്തേയും വാഴക്കാട് പോലീസിനെയും വിവരമറിയിച്ചു. പോലീസെത്തി വീട്ടിൽകയറി നോക്കിയപ്പോൾ ഡൈനിങ് ഹാളിൽ കഴുത്തിൽ കയർമുറുകി മരിച്ചുകിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. ഏഴുമാസത്തോളമായി അനന്തായൂരിൽ വാടകയ്ക്കുതാമസിക്കുകയാണിവർ. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയാണ് ഷമീർ. പത്തുവർഷം മുമ്പു മുണ്ടുമുഴി അനന്തായൂർ ഭാഗത്ത് കല്ലുവെട്ട് ജോലിക്കെത്തിയ ഇയാൾ, ഷാക്കിറയെ വിവാഹം കഴിച്ചു. മക്കൾ: ഷംന (7), മുഹമ്മദ്സിനാൻ (5). ഷാക്കിറയുടെ സഹോദരങ്ങൾ: ലിയാഖത്തലി, മുനീർ, ഉമർശാദിഖ്. പ്രതിക്കായി കൊണ്ടോട്ടി ഡിവൈ.എസ്.പി.കെ. അഷ്റഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോഴിക്കോട് മാവൂർ ഭാഗത്തായിരുന്നു. മാവൂർ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൂട്ടിയിട്ട മാവൂർ ഗ്വാളിയോർ റയോൺസ് പരിസരത്തെ കുറ്റിക്കാട്ടിൽനിന്നു പ്രതിയെ പിടികൂടി. കൊണ്ടോട്ടി താഹസിൽദാർ അബൂബക്കറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മലപ്പുറം വിരലടയാള, മൊബൈൽ ഫൊറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഷമീറിനെ പിടികൂടിയത് ആത്മഹത്യക്ക് തയ്യാറെടുക്കുന്നതിനിടെ വാഴക്കാട്: ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ മുക്കം മലമയമ്മ മുത്തലം അത്തിക്കാട്ട് വീട്ടിൽ സതീശി(മുഹമ്മദ് ഷമീർ- 41)നെ മണിക്കൂറുകൾക്കകം പിടികൂടാൻ കഴിഞ്ഞത് പോലീസിന് നേട്ടമായി. മാവൂർ ഗ്വാളിേയാർ റയോൺസിന്റെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് ആത്മഹത്യക്കൊരുങ്ങി നിൽക്കവെയാണ് ഷമീർ പോലീസിന്റെ പിടിയിലായത്. കൊലപാതകം അറിഞ്ഞയുടൻതന്നെ പോലീസ് ഷമീറിനുവേണ്ടി തിരച്ചിൽ തുടങ്ങിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഷമീറിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ മാവൂർ ഭാഗത്തുവെച്ച് ഫോൺ ഓഫായതായി കണ്ടെത്തി. എളമരം ഭാഗത്തേക്ക് വഴി ചോദിച്ചതായും റോഡിൽ ഇയാളെ കണ്ടതായും നാട്ടുകാർ അറിയിച്ചതോടെ അന്വേഷണം മാവൂർ കേന്ദ്രീകരിച്ചായി. മാവൂരിൽ ഷമീറിന് മദ്യം നൽകിയയാളും പോലീസിന് വിവരങ്ങൾ കൈമാറി. തുടർന്ന് അന്വേഷണം ഗ്വാളിയാർ റേയാൺസിന്റെ കാടുമൂടിക്കിടക്കുന്ന പി.എച്ച്ഡി. ഭാഗം കേന്ദ്രീകരിച്ചായി. ഇയാൾ ആത്മഹത്യചെയ്യാനുള്ള സാധ്യത പരിഗണിച്ച് കുറ്റിക്കാടുകളും മുൾപടർപ്പുകളും പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കുറ്റിക്കാടും മുൾപ്പടർപ്പുകളും നിറഞ്ഞ ഒരിടത്ത് കരിയിലകൾക്കിടയിലൂടെ നടന്നുപോയതിന്റെ അടയാളം കണ്ടു. തുടർന്ന് അന്വേഷണസംഘം മുൾക്കാട്ടിലൂടെ ഇഴഞ്ഞുകയറി സാഹസികമായാണ് ഷമീറിന്റെ ഒളിയിടം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെ പോലീസ് എത്തുമ്പോൾ അടിവസ്ത്രം മാത്രം ധരിച്ച് കരിയിലകൾക്കിടയിൽ മദ്യപിച്ചു കിടക്കുകയായിരുന്നു. കൈയിൽ കത്തിയും തൊട്ടരികിൽ മദ്യക്കുപ്പിയുമുണ്ടായിരുന്നു. പോലീസ് അനുനയിപ്പിച്ച് കത്തിയും മദ്യക്കുപ്പിയും കൈവശപ്പെടുത്തിയശേഷം പുറത്തെത്തിച്ചു. ഭക്ഷണം കഴിക്കാതെ ഇയാൾ അവശനായിരുന്നു. മദ്യത്തിൽ വിഷം കലർത്തിയിരുന്നെന്നും ശനിയാഴ്ച പത്രം കണ്ട് ഭാര്യയുടെ മരണം ഉറപ്പാക്കിയശേഷം മദ്യം കുടിച്ചും കത്തികൊണ്ട് കൈ ഞരമ്പ് മുറിച്ചും ആത്മഹത്യചെയ്യാൻ പദ്ധതിയിട്ടിരുന്നതായാണ് ഷമീർ പോലീസിനോട് പറഞ്ഞത്. വാഴക്കാട് സി.ഐ. കുഞ്ഞിമോയിൻകുട്ടി, എസ്.ഐ. കെ. നൗഫൽ, എ.എസ്.ഐ. കൃഷ്ണദാസ്, അബ്ദുൽറാഷിദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

from mathrubhumi.latestnews.rssfeed https://ift.tt/3mgHHqs
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍