പട്ന: സർവകലാശാലാ പാഠ്യപദ്ധതിയിൽനിന്ന് സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണിനെയും രാംമനോഹർ ലോഹ്യയെയും പുറന്തള്ളിയത് ബിഹാറിൽ വൻവിവാദത്തിന് ഇടയാക്കി. ഛപ്ര ആസ്ഥാനമായി ജെ.പി.യുടെ പേരിൽ പ്രവർത്തിക്കുന്ന ജയപ്രകാശ് സർവകലാശാലയുടെ എം.എ. പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽനിന്നാണ് ഇരുവരെയുംകുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയത്. ജനസംഘം നേതാവായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ അടക്കമുള്ളവരെ ഉൾപ്പെടുത്തിയത് വിവാദം രൂക്ഷമാകാനിടയാക്കി.സർവകലാശാലയുടെ ഈ നീക്കത്തിനെതിരേ മുഖ്യമന്ത്രി നിതീഷ് കുമാറും ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവും രൂക്ഷമായി പ്രതികരിച്ചു. ഇരുവരും ജയപ്രകാശ് നാരായണന്റെ അനുയായികളായ നേതാക്കളാണെന്നത് വിവാദത്തിന് എരിവേറ്റി. വൈസ് ചാൻസലർ ഫാറൂഖ് അലിയുൾപ്പെടെയുള്ള ഉന്നതാധികൃതരെ പട്നയ്ക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി നിതീഷ് വിശദീകരണം തേടുകയും ശാസിക്കുകയും ചെയ്തു.മുൻ ബി.ജെ.പി. എം.എൽ.എ.യും നിലവിൽ ഗവർണറുമായ ഫഗു ചൗഹാനാണ് ജയപ്രകാശ് സർവകലാശാലയുടെ ചാൻസലർ പദവിയിൽ. എന്നാൽ, മുൻഗവർണർ ലാൽജി ടണ്ഠനാണ് പാഠ്യപദ്ധതിക്ക് അനുമതി നൽകിയതെന്നാണ് സർവകലാശാലാ അധികൃതർ പറയുന്നത്.തീർത്തും അന്യായവും അനുചിതവുമായ നടപടിയാണ് സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ കുറ്റപ്പെടുത്തി. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ സംസ്ഥാന വിദ്യാഭ്യാസവകുപ്പുമായി കൂടിയാലോചിക്കേണ്ടതായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർക്കശനടപടി സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.മഹാരഥരായ സോഷ്യലിസ്റ്റ് നേതാക്കളുടെ ചിന്തകളെ മായ്ച്ചുകളയാനുള്ള നീക്കമാണ് ആർ.എസ്.എസ്. പിന്തുണയോടെ ബിഹാർ ഭരിക്കുന്ന സർക്കാർ ചെയ്യുന്നതെന്ന് ആർ.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി. “30 വർഷംമുമ്പ് ഞാൻ മുഖ്യമന്ത്രിയായിരിക്കെയാണ് ജയപ്രകാശ് സർവകലാശാല തുടങ്ങിയത്. ജയപ്രകാശിന്റെ ഓർമ നിലനിർത്തേണ്ടയിടത്തുതന്നെ ഇങ്ങനെ സംഭവിച്ചത് അപലപനീയമാണ്” -ലാലു പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ സോഷ്യലിസത്തിന്റെ പ്രധാന പരീക്ഷണശാലയായിരുന്നു ബിഹാറെന്ന് വിദ്യാഭ്യാസമന്ത്രി വിജയ്‌കുമാർ ചൗധരി പറഞ്ഞു. മഹാനായ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായൺ ഈ മണ്ണിന്റെ പുത്രനാണ്. അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ടുള്ള ചരിത്രപഠനം അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2Vh5kWw
via IFTTT
0 അഭിപ്രായങ്ങള്‍