‘ജയിലിൽ പോകാൻവേണ്ടിയാ സാറേ... ബസിൽ കയറ്റിവിട്ടാലും മതി’

ആറ്റിങ്ങൽ : ‘ജയിലിൽ പോകാനാണ് സാറേ... ബസിൽ കയറ്റിവിട്ടാലും മതി’- സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു കല്ലെറിഞ്ഞ യുവാവിനെ പിടികൂടി ചോദ്യംചെയ്തപ്പോൾ കിട്ടിയ മറുപടി കേട്ട് പോലീസ് ഞെട്ടി. ഇതേ കുറ്റത്തിന് ആറു മാസം മുൻപ്‌ ജയിലിൽ പോയയാളാണ് പ്രതിയെന്നുകൂടി വ്യക്തമായതോടെ ആകെ ആശയക്കുഴപ്പത്തിലായി. പിന്നീട് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ പിൻവശത്തെ ചില്ല് ഒരാൾ കല്ലെറിഞ്ഞു പൊട്ടിച്ചത്. ശബ്ദം കേട്ട് പോലീസുകാരെത്തുമ്പോൾ കല്ലെറിഞ്ഞയാൾ റോഡിലുണ്ടായിരുന്നു. അയിലം സ്വദേശിയായ ബിജു(29)വാണ് കല്ലെറിഞ്ഞതെന്നു കണ്ടെത്തി. ആറു മാസം മുൻപ്‌ സ്റ്റേഷനു മുന്നിലുണ്ടായിരുന്ന പോലീസ് വാഹനം കല്ലെറിഞ്ഞു തകർത്തതിന് ഇയാളെ പോലീസ് പിടികൂടിയിരുന്നു. റിമാൻഡ് കഴിഞ്ഞ് രണ്ടു മാസം മുൻപാണ് പുറത്തിറങ്ങിയത്. ജയിലിൽ ജോലിചെയ്തു കിട്ടിയ കാശെല്ലാം തീർന്നെന്നും വീണ്ടും ജയിലിലേക്കു പോകണമെന്നുമാണ് ഇയാൾ പോലീസിനോട്‌ ആവശ്യപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

from mathrubhumi.latestnews.rssfeed https://ift.tt/3iftuJj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍