നിര്‍ണായക റോളിലേക്ക് സച്ചിന്‍, രാഹുലും പ്രിയങ്കയുമായി കൂടിക്കാഴ്ച: രാജസ്ഥാനില്‍ ഇളക്കിപ്രതിഷ്ഠ

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് അനുകൂലികളെ ഉൾപ്പെടുത്തി രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന. രാജസ്ഥാനിൽ അശോക് ഗഹലോത്തുമായി ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റുമായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ച നാൽപ്പതു മിനിട്ടോളം നീണ്ടുനിന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് സച്ചിൻ പൈലറ്റ് രാഹുലും പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തുന്നത്. അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്റെ ചുമതല സച്ചിനെ ഏൽപിക്കാൻ നേതൃത്വം താൽപര്യപ്പെടുന്നുണ്ടെന്നാണ് വിവരം. സച്ചിനെ പിന്തുണയ്ക്കുന്നവരെ ഉൾപ്പെടുത്തി രാജസ്ഥാൻ കാബിനറ്റ് പുനഃസംഘടിപ്പിക്കുമെന്ന് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. അതേസമയം രാജസ്ഥാനിൽ തുടരാനും മുഖ്യമന്ത്രിപദം ഉറപ്പാക്കാനുമുള്ള നീക്കത്തിലാണ് സച്ചിനെന്നാണ് സൂചനകൾ. അയൽസംസ്ഥാനമായ പഞ്ചാബിൽ നേതൃമാറ്റം നടപ്പാക്കിയതിന് ദിവസങ്ങൾക്കു ശേഷമാണ് സച്ചിൻ-രാഹുൽ-പ്രിയങ്ക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. നാലുമാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ, അമരീന്ദർ സിങ്ങിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചതിനു സമാനമായ നീക്കം ഛത്തീസ്ഗഢിലും രാജസ്ഥാനിലും നടപ്പാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നാതായി റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. ഗുജറാത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സച്ചിൻ നേതൃത്വം നൽകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ലെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാന മോഹം കൈവിടാൻ അദ്ദേഹം തയ്യാറല്ലെന്നാണ് വിവരം. സംസ്ഥാനത്ത് കൂടുതൽ മികച്ച അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ കഴിഞ്ഞകൊല്ലം പാർട്ടിയിൽ കലാപം സൃഷ്ടിച്ചിരുന്നു. തുടർന്ന് വിമത എം.എൽ.എമാരുമായി സച്ചിൻ ഡൽഹിയിൽ എത്തുകയും ചെയ്തിരുന്നു. സച്ചിൻ അനുകൂല എം.എൽ.എമാർക്ക് പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ലഭിക്കുന്നപക്ഷം അദ്ദേഹത്തിന്റെ ആവശ്യങ്ങളിൽ പാതി നിറവേറ്റപ്പെടും. സച്ചിൻ അനുകൂലികളെ കാബിനറ്റിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി അശോക് ഗെഹലോത്തിനു മേൽ കുറച്ചുകാലമായി സമ്മർദം തുടരുകയാണ്. മാറ്റങ്ങൾ കൊണ്ടുവരാമെന്ന് സച്ചിൻ പൈലറ്റിന് നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ ഈ നീക്കത്തെ ഗെഹലോത്ത് പ്രതിരോധിച്ചുവരികയായിരുന്നു. content highlights:rahul gandhi and priyanka gandhi meets sachin pilot, leadership change likely in rajastan

from mathrubhumi.latestnews.rssfeed https://ift.tt/3CHX3eg
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍