മൈസൂരു: കർണാടകത്തിലെ പിന്നാക്ക ജില്ലയായ ചാമരാജനഗറിൽ കോവിഡ് വാക്സിനോട് ജനങ്ങൾക്കുള്ള വിമുഖത മാറ്റാൻ വിചിത്ര നടപടിയുമായി അധികൃതർ. വാക്സിൻ സ്വീകരിക്കാത്തവർക്ക് റേഷനും പെൻഷനും നൽകേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ എം.ആർ. രവി ബുധനാഴ്ച ഉത്തരവിറക്കി. അതേസമയം, തീരുമാനം വിവാദത്തിനു വഴിയൊരുക്കി.ജില്ലയിൽ 2.9 ലക്ഷത്തോളം റേഷൻ കാർഡുടമകളും 2.2 ലക്ഷത്തോളം പെൻഷൻകാരുമാണുള്ളത്. ഇവരിൽ വാക്സിൻ എടുക്കാത്തവർക്ക് റേഷനും പെൻഷനും നിഷേധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ പറയുന്നു. പെൻഷൻ തടഞ്ഞുവെക്കാനായി എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വാക്സിൻ സ്വീകരിച്ചില്ലെന്ന പേരിൽ ജനങ്ങൾക്ക് റേഷനും പെൻഷനും നിഷേധിക്കാൻ ജില്ലാ ഭരണകൂടത്തിനു അധികാരമുണ്ടോയെന്ന ചോദ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.എന്നാൽ, ജില്ലയിലെ എല്ലാവർക്കും വാക്സിൻ നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് അധികൃതരുടെ വിശദീകരണം. ചാമരാജനഗറിൽ വാക്സിനേഷൻ 75 ശതമാനം പൂർത്തിയായെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. 238 കേന്ദ്രങ്ങളും 20 മൊബൈൽ യൂണിറ്റുകളും വാക്സിനേഷനായി പ്രവർത്തിക്കുന്നുവെന്നും അധികൃതർ പറയുന്നു.വിഷയത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത്തരമൊരു വിചിത്ര ഉത്തരവ് ഇറക്കിയ ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണറെ സസ്പെൻഡ് ചെയ്യണമെന്നും കേസെടുക്കണമെന്നും കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് ആവശ്യപ്പെട്ടു. ‘‘ചക്രവർത്തിയാണോ അയാൾ ? ഡി.സി.യെ സസ്പെൻഡ് ചെയ്യുകയാണ് മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത്. കേസെടുക്കുകയും വേണം’’ -ശിവകുമാർ പറഞ്ഞു. ആവശ്യമുണ്ടെങ്കിൽ ഡെപ്യൂട്ടി കമ്മിഷണറെ ബി.ജെ.പി.യുടെ പാർട്ടി ഓഫീസിൽ നിയമിച്ചുകൊള്ളാനും ശിവകുമാർ പരിഹസിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ചാലെന്നപോലെ ഡെപ്യൂട്ടി കമ്മിഷണറെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.ഈവർഷം മേയിൽ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 24 കോവിഡ് രോഗികൾ മരിച്ചതിനെത്തുടർന്ന് വിവാദത്തിലായ ആളാണ് ഡെപ്യൂട്ടി കമ്മിഷണർ രവി. ഓക്സിജൻ ലഭ്യമാക്കുന്നതിൽ തനിക്കുണ്ടായ വീഴ്ച അന്നത്തെ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരിയുടെമേൽ കെട്ടിവെക്കാനും ഇദ്ദേഹം ശ്രമിച്ചിരുന്നു. ഇതിനെതിരേ രോഹിണി സിന്ദൂരി ശക്തമായി പ്രതികരിക്കുകയും രവിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും സർക്കാർ പരിഗണിച്ചിരുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3zDtE3M
via IFTTT
0 അഭിപ്രായങ്ങള്‍