ന്യൂഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘടനയെ സജീവമാക്കാൻ കോൺഗ്രസ് നേതൃത്വം. ദേശീയപ്രശ്നങ്ങളിൽ സമരമാർഗങ്ങൾ ആസൂത്രണംചെയ്യുന്നതിനും ജനകീയ ബോധവത്കരണത്തിനും ഒമ്പതംഗസമിതിയെ അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചതായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ് ചെയർമാനായ സമിതിയിൽ പ്രിയങ്കാഗാന്ധി, ഉത്തംകുമാർ റെഡ്ഡി, മനീഷ് ഛത്ര, ബി.കെ. ഹരിപ്രസാദ്, റിപുൻ ബോറ, ഉദിത് രാജ്, രാഗിണി നായക്, സുബൈർ ഖാൻ എന്നിവർ അംഗങ്ങളാണ്.ആഭ്യന്തര തർക്കങ്ങളിലൂടെയും മറ്റും കടന്നുപോകുന്ന പാർട്ടിയുടെ ദേശീയനേതൃത്വം ഏറെസമയവും ഇപ്പോൾ ചെലവഴിക്കുന്നത് ഭരണമുള്ള സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനാണ്. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും നടപ്പാക്കാനും ദിഗ്വിജയ് സിങ്ങിന്റെ നേതൃത്വത്തിൽ സമിതി ഉണ്ടാക്കിയതെന്നാണറിയുന്നത്.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാൻ സോണിയ കഴിഞ്ഞദിവസം നിശ്ചയിച്ച പതിനൊന്നംഗസമിതിയിൽ നേതൃത്വത്തെ വിമർശിച്ച ജി-23 നേതാക്കളിൽ പ്രമുഖരായ ഗുലാംനബി ആസാദ്, മുകുൾ വാസ്നിക്, മുൻ ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഢ എന്നിവരെ ഉൾപ്പെടുത്തിയിരുന്നു. മൻമോഹൻ സിങ്ങാണ് സമിതിയുടെ അധ്യക്ഷൻ. എ.കെ. ആന്റണി, പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രശ്നങ്ങളിൽ പരസ്യപ്രതികരണത്തിന് മുതിരാതിരുന്ന മുൻ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3jCGJos
via IFTTT
0 അഭിപ്രായങ്ങള്‍