ന്യൂഡൽഹി: തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലെത്തിയാൽ എന്തു സ്ഥാനം നൽകുമെന്ന വിഷയത്തിൽ പ്രവർത്തകസമിതി അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നത. നേരിട്ട് ജനറൽ സെക്രട്ടറിയോ പ്രവർത്തകസമിതി അംഗമോ അഹമ്മദ് പട്ടേലിനെപ്പോലെ പൊളിറ്റിക്കൽ മാനേജരോ ആക്കുന്ന കാര്യത്തിലാണ് വിയോജിപ്പുള്ളത്. പശ്ചിമബംഗാളിൽ മമതാ ബാനർജിയെ വീണ്ടും അധികാരത്തിലെത്തിച്ചശേഷമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്നനിലയിലുള്ള ജോലി രാജിവെക്കുകയാണെന്ന് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചത്. കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കുന്നതിനാണ് രാജിയെന്ന് അദ്ദേഹം അടുത്തവൃത്തങ്ങളെ അറിയിക്കുകയും ചെയ്തു.ഒരാഴ്ചമുമ്പ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം അറിയാൻ യോഗം വിളിച്ചു. എ.കെ. ആന്റണി, പ്രിയങ്കാഗാന്ധി, ജയറാം രമേഷ്, ദിഗ്വിജയ് സിങ്, താരിഖ് അൻവർ തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തകസമിതി അംഗങ്ങളുടെ അഭിപ്രായമറിയാൻ നേതൃത്വം ആന്റണിയെയും അംബികാസോണിയെയും ചുമതലപ്പെടുത്തി. പുറത്തുനിന്നുള്ള ഒരാളെ പെട്ടെന്നൊരു ദിവസം പാർട്ടിയുടെ ഉയർന്നപദവിയിൽ നിയോഗിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് മുതിർന്ന നേതാക്കളിൽ പലരും പങ്കുവെച്ചതെന്നാണ് സൂചന.എന്നാൽ, സംഘടനാ സംവിധാനത്തിനുകീഴിൽ പ്രത്യേക തിരഞ്ഞെടുപ്പു വകുപ്പ് സൃഷ്ടിച്ച് പാർട്ടിക്കാരനെന്നനിലയിൽ പ്രശാന്ത് കിഷോറിന്റെ വൈദഗ്ധ്യം ഉപയോഗിക്കുന്നകാര്യത്തിൽ എല്ലാവർക്കും യോജിപ്പാണ്. അതേസമയം, ഇക്കാര്യത്തിൽ കാത്തിരുന്നു കാണാം എന്ന നിലപാടാണ് സംഘടനയിൽ സമൂലമാറ്റം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതിയ ജി-23 (23 നേതാക്കളുടെ സംഘം) നേതാക്കൾക്കുള്ളത്. വിഷയം ചർച്ചചെയ്യാൻ ജന്മാഷ്ടമി ദിനത്തിൽ കപിൽ സിബലിന്റെ വീട്ടിൽ ഈ നേതാക്കൾ യോഗം ചേർന്നിരുന്നു. പാർട്ടിക്കുള്ളിൽ ഒട്ടേറെ കഴിവുള്ളവരുണ്ടാവുമ്പോൾ പുറംകരാർ നൽകുന്നതുപോലുള്ള ഏർപ്പാട് ശരിയല്ലെന്ന് ഇവർ നിരീക്ഷിക്കുന്നു. മറ്റു പ്രതിപക്ഷപാർട്ടികളെ കൂടെനിർത്താതെ ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് വിജയം സാധ്യമല്ലെന്നുമാണ് ഇവരുടെ അഭിപ്രായം. അതേസമയം, പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട ചർച്ച എവിടെയും എത്തിയിട്ടില്ലെന്നും 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇനിയുമേറേ സമയമുണ്ടെന്നുമാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ പ്രതികരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2YkUvnx
via IFTTT
0 അഭിപ്രായങ്ങള്‍