കേസുകൾക്കായി ആമസോൺ ഇന്ത്യയിൽ ചെലവിട്ട 8,546 കോടി എവിടെപ്പോയി? വിവാദം പുകയുന്നു

ന്യൂ‍ഡൽഹി: ഇ കൊമേഴ്സ് വമ്പൻമാരായ ആമസോൺ ഇന്ത്യയിൽ കേസ് നടത്തിപ്പിനും മറ്റുമായി 2018-20 കാലയളവിൽ 8,546 കോടി രൂപ പൊടിച്ചെന്ന വെളിപ്പെടുത്തൽ വിവാദക്കൊടുങ്കാറ്റുയർത്തുന്നു. ഇതിൽ വലിയപങ്കും ഇന്ത്യയിലെ പ്രവർത്തനത്തിനുള്ള മാർഗതടസ്സം ഒഴിവാക്കാൻ രാഷ്ട്രീയപ്രമുഖർക്കും ഉന്നതോദ്യോഗസ്ഥർക്കും നിയമജ്ഞർക്കുമൊക്കെ കൈക്കൂലി നൽകിയതാണെന്നാണ് ആരോപണം. ഇതേക്കുറിച്ച് ആമസോൺ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാർ പ്രത്യേകാന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യമുയരുന്നു.നിയമവിരുദ്ധപ്രവർത്തനങ്ങൾ പുറംലോകത്തെ അറിയിക്കുന്ന ‘വിസിൽ ബ്ളോവർ’ ആണ് സഹസ്രകോടികൾ ഒഴുക്കിയതിനെക്കുറിച്ച് ആമസോണിനെ അറിയിച്ചത്. ആമസോൺ ഇക്കാര്യം നിഷേധിച്ചിട്ടില്ല. അടിയന്തരമായി അന്വേഷിക്കുന്നുണ്ടെന്നും കൈക്കൂലിയോടും അഴിമതിയോടും കമ്പനിക്ക് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ആമസോൺ വക്താവ് പ്രതികരിച്ചു. കമ്പനിയുടെ സീനിയർ കോർപ്പറേറ്റ് കൗൺസലർ രാഹുൽ സുന്ദരത്തെ നിർബന്ധിതാവധിയിൽ പ്രവേശിപ്പിച്ചു. അഭിഭാഷക പ്രതിനിധികളുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.രാജ്യത്തെ നിയമമന്ത്രാലയത്തിന്റെ വാർഷികബജറ്റ് 1,100 കോടിയിൽ ഒതുങ്ങുമ്പോഴാണ്, ആമസോൺ ‘ലീഗൽ ഫീസ്’ ഇനത്തിൽ 8,546 കോടി രൂപ ഇന്ത്യയിൽ ഒഴുക്കിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി. ഈ പണം എവിടെപ്പോയെന്ന് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. രാജ്യത്തെ കോടിക്കണക്കിനു വരുന്ന ചെറുകിട കച്ചവടക്കാരെയും സംരംഭങ്ങളെയും ഉന്മൂലനം ചെയ്യാനാണോ കോടികൾ വിനിയോഗിച്ചത്. ഏതെങ്കിലും ഓഫീസിലെ ക്ളാർക്കിനല്ല ഈ പണം കിട്ടിയിരിക്കുക, സർക്കാരിലെ ഉന്നതർക്കുതന്നെയാണെന്ന് ഉറപ്പാണ്. രാജ്യരക്ഷയെത്തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ പ്രധാനമന്ത്രി മറുപടി പറയണം -അദ്ദേഹം ആവശ്യപ്പെട്ടു. ആമസോൺ വരുമാനത്തിന്റെ 20 ശതമാനവും ലീഗൽ ഫീസ് ഇനത്തിൽ ചെലവിട്ടത് സംശയാസ്പദമാണെന്ന് വ്യാപാരിസംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്(സി.എ.ഐ.ടി) പറയുന്നു. ഉന്നതസർക്കാർ ഉദ്യോഗസ്ഥർക്കും മറ്റും കൈക്കൂലി നൽകാനാണ് പണത്തിൽ ഏറിയ പങ്കും വിനിയോഗിച്ചിരിക്കുക. ഇക്കാര്യം അന്വേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്തണം -സി.എ.ഐ.ടി. ദേശീയ ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ ആവശ്യപ്പെട്ടു. ആമസോണിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ എന്തുവിലകൊടുത്തും ഇവിടുത്തെ പ്രവർത്തനം സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാകും കന്പനിയിലെ നിയമവിഭാഗം പ്രവർത്തിച്ചിരിക്കുകയെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/3EPY99x
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍