കൊച്ചി: യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത മുപ്പത് വെള്ളിക്കാശിൽ രണ്ടെണ്ണം കൈയിലുണ്ട്. കൂടെ മോശയുടെ അംശവടി, യേശുദേവന്റെ തിരുവസ്ത്രത്തിന്റെ അംശം, ടിപ്പു സുൽത്താന്റെ സിംഹാസനം, മൈസൂർ കൊട്ടാരത്തിന്റെ ആധാരം, രവിവർമയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവർ വരച്ച യഥാർഥ ചിത്രങ്ങൾ... മോൺസൺ മാവുങ്കലിന്റെ കൈവശമുള്ള വസ്തുക്കളുടെ പട്ടിക വളരെ വലുതാണ്. എന്നാൽ, ഇവയിൽ സത്യം എന്തെങ്കിലുമുണ്ടോ എന്ന് സൂക്ഷ്മാന്വേഷണത്തിലൂടെ കണ്ടെത്തേണ്ടിവരും. പിടിച്ചെടുത്ത പല വസ്തുക്കളും തിരുവനന്തപുരത്തെ ആശാരിയാണ് നിർമിച്ചു നൽകിയതാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ. സോജൻ പറഞ്ഞു. മോൺസന്റെ വെബ്സൈറ്റിൽ ആളെക്കുറിച്ചും പുരാവസ്തുക്കളെക്കുറിച്ചുമൊക്കെ വിശദമായി പറയുന്നുണ്ട്. കോസ്മോസ് ഗ്രൂപ്പ്, കലിംഗ ഫൗണ്ടേഷൻ എന്നീ പേരുകളിലുള്ള സ്ഥാപനങ്ങളുടേതായിട്ടാണ് വെബ്സൈറ്റ്. വിപുലമായ ഗാലറിയിൽ പുരാവസ്തുക്കളുടേതുൾപ്പെടെ ഒട്ടേറെ ചിത്രങ്ങളും. തെലുങ്ക് സിനിമയിലെ അഭിനേതാവാണെന്നും പറയുന്നുണ്ട്. സിനിമാ രംഗങ്ങളുടേതുപോലുള്ള നിരവധി ചിത്രങ്ങളുമുണ്ട്. യൂട്യൂബ് ചാനലിലൂടെയും ചില മാധ്യമങ്ങളിലൂടെയും മോൺസൻ വിവരങ്ങളെല്ലാം ജനങ്ങളിലേക്ക് എത്തിച്ചിട്ടുമുണ്ട്. അപൂർവമായ പുരാവസ്തുക്കൾ തേടിയിറങ്ങുന്ന പലരും ആദ്യം എത്തുന്നത് മോൺസന്റെ വീട്ടിലാണ്. പലതും കാണിച്ച് ഇവരെ വീഴ്ത്തും. നൂറോളം രാജ്യങ്ങൾ സന്ദർശിച്ച് ലേലംചെയ്തെടുത്ത പുരാതന വസ്തുക്കളാണിവയെന്നാണ് മോൻസൺ അവകാശപ്പെട്ടിരുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഇയാൾക്കെതിരേ ഒരു പരാതിയും എത്തിയിട്ടില്ല. വസ്തുക്കൾക്ക് മൂല്യവും പഴക്കവും ഇയാൾ സ്വയമേ ഇടുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. പുരാവസ്തുക്കളെന്ന് അവകാശപ്പെടുന്നവ മോഷണം പോകാതിരിക്കാൻ വിദേശനായ്ക്കളെയും വളർത്തിയിരുന്നു. ലക്ഷങ്ങൾ വിലവരുന്ന നായ്ക്കൾ എന്നായിരുന്നു ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, അത്രയും വിലയൊന്നും ഈ നായ്ക്കൾക്ക് ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. കൂടെ മ്യൂസിയത്തിന്റെ കാവലിന് കറുത്തവസ്ത്രം ധരിച്ച അംഗരക്ഷകരും. കൊച്ചി കലൂരിലെ വീട് മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. ഇവിടെ കയറിച്ചെല്ലുന്നവരെ കാത്തിരിക്കുന്നത് ചുമർച്ചിത്രങ്ങളുടെ ശേഖരമാണ്. കവാടത്തിൽ ബൈബിളിന്റെയും ഭഗവദ്ഗീതയുടെയും ഖുറാന്റെയും ചിത്രങ്ങൾ. മ്യൂസിയത്തിനകത്ത് അത്യാധുനിക ആഡംബര കാറായ പോർഷെ മുതൽ 30-ഓളം കാറുകൾ. ലോകത്തിന്റെ പല ഇടങ്ങളിൽ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന വിവിധ മതങ്ങളുടെ പുണ്യഗ്രന്ഥങ്ങൾ മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിലുണ്ട്. ചെറിയ മോതിരത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഖുറാൻ മുതൽ ഒരു മുറിയുടെ വലുപ്പമുള്ള ഖുറാൻ വരെ ഇവിടെയുണ്ട്. സ്വർണത്തിലും പഞ്ചലോഹത്തിലും പച്ചമരുന്നിലയിലെല്ലാം ആലേഖനം ചെയ്ത പുണ്യഗ്രന്ഥങ്ങൾ. രാജ്യത്തെ ആദ്യ ടെലിഫോണും ഫാനും മൈസൂർ രാജാവിൽനിന്ന് സമ്മാനമായി ലഭിച്ച പുരാതന ക്ലോക്കും പക്കലുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇരുമ്പ് സീൽ, 4500 വർഷം പഴക്കമുള്ള കല്ലിൽ തീർത്ത ദാരുശില്പം, ശ്രീനാരായണ ഗുരുവിന്റെ ഊന്നുവടി, 650 കിലോ പഞ്ചലോഹം കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ നന്ദി ശില്പം, തിരുവിതാംകൂർ രാജാവിന്റെ ഇരിപ്പിടം, 30 കോടി രൂപ വിലവരുന്ന വാച്ച് എന്നിങ്ങനെ എണ്ണിയാൽ തീരാത്ത വ്യാജവസ്തുക്കൾ പ്രദർശിപ്പിച്ചായിരുന്നു ആളുകളെ പറ്റിച്ചിരുന്നത്. മോൻസണൊപ്പം അത്യുന്നതരും പോലീസിലെ നിരവധി ഉന്നതോദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളിലെ ഉന്നത നേതാക്കൾക്കും സിനിമാ താരങ്ങൾക്കുമെല്ലാം മോൻസണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുമുണ്ട് സൗഹൃദപ്പട്ടികയിൽ. ഹോളിസ്റ്റിക് മെഡിസിനിൽ ഡോക്ടറേറ്റുണ്ട് എന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഒട്ടേറെ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുമായിരുന്നു. മോൻസൺ മാവുങ്കിലിന്റെ വീടിനകത്ത് പലയിടത്തും ക്യാമറകളുണ്ട്. വീടിനകത്ത് കയറിയാൽ അംഗരക്ഷകരെയും നായ്ക്കളെയും മറികടന്ന് പുറത്തിറങ്ങാൻ എളുപ്പമല്ല. സമൂഹത്തിൽ വളരെ ഉന്നതസ്ഥാനത്തുള്ള പലർക്കുമൊപ്പം മോൻസൺ അടുപ്പത്തോടെ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. മോൻസന്റെ തട്ടിപ്പിൽ വീണ് പണം നഷ്ടമായിട്ടും പലരും പരാതിനൽകാൻ തയ്യാറായിരുന്നില്ല. കണക്കിൽപ്പെടാത്ത പണമാണ് നൽകിയിരുന്നത് എന്നതിനാലാണ് പരാതിപ്പെടാൻ മടിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ചേർത്തലയിൽ സ്വന്തം നാട്ടിലെ പള്ളിയിൽ പെരുന്നാളിന് മെഗാ ഷോ നടത്തിയിരുന്നു. ചലച്ചിത്ര താരങ്ങളുടെ നൃത്തവും ഗാനമേളയുമൊക്കെ ഉണ്ടായിരുന്നു അന്ന്. ചേർത്തലയിൽ കോസ്മോസ് ഗ്രൂപ്പ് എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് മോൻസൺ ആദ്യം നടത്തിയിരുന്നത്. ഇതിൽ നിന്ന് പുരാവസ്തു വിൽപ്പനയിലേക്ക് മാറിയതെങ്ങനെ എന്ന് നാട്ടുകാർക്ക് അറിയില്ല. പ്രവാസി മലയാളികൾ വാഗമണിൽ കഴിഞ്ഞമാസം നടത്തിയ പരിപാടിയിൽ മോൻസണെ ക്ഷണിച്ചിരുന്നു. ഈ പരിപാടിക്ക് 50 ലക്ഷം രൂപ സംഭാവന നൽകിയത് പ്രവാസികളെത്തന്നെ ഞെട്ടിച്ചിരുന്നു. ഒപ്പംനിന്ന് കുരുങ്ങി പോലീസ് മോൻസൺ പോലീസിലെ പല ഉന്നതർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡി.ജി.പി. ആയിരുന്ന ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരുള്ള ചിത്രവും ഇക്കൂട്ടത്തിലുണ്ട്. മോൻസന്റെ പക്കലുള്ള പുരാവസ്തുക്കൾ കാണാൻ ഇവരെ എത്തിച്ചതാണെന്ന് കരുതുന്നു. ഇവർക്ക് മോൻസണുമായി ബന്ധമൊന്നുമില്ലെങ്കിൽ പോലും ഈ ചിത്രങ്ങൾ തന്റെ സ്വാധീനം വ്യക്തമാക്കാൻ മോൻസൺ ഉപയോഗിച്ചിട്ടുണ്ടാവാമെന്നത് അന്വേഷണത്തിൽ പോലീസിനുതന്നെ കുരുക്കായേക്കും.കൊച്ചി പോലീസ് കമ്മിഷണറായിരുന്ന ഒരു ഉദ്യോഗസ്ഥന് മോൻസണുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി തട്ടിപ്പുകാരന് പരിചയമുള്ളതിനാലാണ് പരാതികൾ എല്ലാം ഒതുക്കിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. സിറ്റി പോലീസിലെ ചില ഉദ്യോഗസ്ഥരുടെ പേരിലും പരാതിക്കാർ മാധ്യമങ്ങളിലൂടെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. പരാതികൾ ഒതുക്കിയത് ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. ഐ.ജി.യുമായി മികച്ച ബന്ധമായിരുന്നു മോൻസണ് ഉണ്ടായിരുന്നത്. ഐ.ജി. നേരിട്ട് ഇടപെടുന്നതിനാൽ തന്നെ എഫ്.ഐ.ആർ. ഇടാൻ താഴെയുള്ള ഉദ്യോഗസ്ഥരെല്ലാം മടിക്കുകയും ചെയ്തു. പോലീസ് അന്വേഷണം നടക്കില്ലെന്നായതോടെ കേസ് ക്രൈംബ്രാഞ്ചിന് നേരിട്ട് കൈമാറുകയായിരുന്നു. പോലീസിലെതന്നെ ചില ഉദ്യോഗസ്ഥരും മോൻസണിന്റെ തട്ടിപ്പിനിരയായതാണ് വിവരം. പോലീസ് അനങ്ങിയില്ല, ഒടുവിൽ ക്രൈംബ്രാഞ്ച് ആലപ്പുഴയിൽ മോൻസൺ മാവുങ്കലിനെതിരേ പലവട്ടം പലരും പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. പോലീസിലെ ചില ഉന്നതരുടെ ഇടപെടലായിരുന്നു കാരണം. മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ അടിയന്തരമായി നടപടിയെടുക്കാൻ പോലീസ് മേധാവി ക്രൈംബ്രാഞ്ചിന് നിർദേശം നൽകുകയായിരുന്നു. സെൻട്രൽ ഇന്റലിജൻസ് അന്വേഷണം മോൻസൺ മാവുങ്കലിന്റെ പുരാവസ്തുശേഖരത്തെ കുറിച്ച് ഒരു വൈദികൻ പത്രത്തിൽ ലേഖനം എഴുതിയിരുന്നു. വാർത്ത വന്നതിനു പിന്നാലെ സെൻട്രൽ ഇന്റലിജൻസ് വൈദികനിൽ നിന്ന് വിവരം തേടുകയും ചെയ്തു. Content Highlights:monson mavunkal arrested for looting money
from mathrubhumi.latestnews.rssfeed https://ift.tt/3i9F2ha
via IFTTT
0 അഭിപ്രായങ്ങള്‍