പള്ളിപ്പുറം: മോൺസൻ മാവുങ്കൽ പുരാവസ്തുക്കളുടെ പേരിൽ മാത്രമല്ല ആളുകളെ കബളിപ്പിച്ചത്. പതിനൊന്നുവർഷം മുൻപ് ചേർത്തല പള്ളിപ്പുറത്ത് ലോഡ്ജ് ഉടമയെ പറ്റിച്ചത് 30,000 രൂപ വാടക നൽകാതെ. കോസ്മോസ് എന്നപേരിൽ പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ് ജങ്ഷനുസമീപം ആരംഭിച്ച സൗന്ദര്യവർധക ചികിത്സാകേന്ദ്രത്തിന്റെ മറവിലായിരുന്നു ഈ തട്ടിപ്പ്. ഡ്രീംലാൻഡ് എന്ന പേരിൽ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ലോഡ്ജ് ഉടമയെയാണ് ഇയാൾ പറ്റിച്ചുകടന്നുകളഞ്ഞത്. 2009 ജനുവരി ഒന്നിനായിരുന്നു ഇവിടെ കോസ്മോസ് പ്രവർത്തനം തുടങ്ങിയത്. അന്ന് ലോഡ്ജിന്റെ താഴത്തെ നിലമാത്രമാണ് പൂർത്തീകരിച്ചിരുന്നത്. ഉടമ ഓഫീസ് മുറിയായി ഉപയോഗിച്ചിരുന്നതടക്കമുള്ള പത്തുമുറികളാണ് മോൺസൻ വാടകയ്ക്കെടുത്തത്. പകിടി നൽകിയില്ല. 25,000 രൂപ വാടകയാണ് നിശ്ചയിച്ചത്. ഇത് ഓരോമാസവും മുൻകൂർ നൽകാമെന്ന ധാരണയിലാണ് പകിടി ഒഴിവാക്കിയത്. ഇവിടെ ഇടപാടുകാരുടെ തിരക്കില്ലായിരുന്നു എന്ന് ലോഡ്ജ് ഉടമ ഓർക്കുന്നു. ആഴ്ചയിലൊരിക്കലും മറ്റുമാണ് മോൺസൻ വന്നിരുന്നത്. അന്നും മുന്തിയയിനം കാറുകളിലായിരുന്നു വരവ്. 12-ഓളം ജിവനക്കാരുണ്ടായിരുന്നു. ഇതിൽ മൂന്ന് ആണുങ്ങളും ബാക്കി പെണ്ണുങ്ങളുമായിരുന്നു. എല്ലാവർക്കും യൂണിഫോം പോലുമുണ്ടായിരുന്നു. ഒരുവർഷത്തോളം സ്ഥാപനം പ്രവർത്തിച്ചു. പിന്നീടുള്ള ആറുമാസം പ്രവർത്തനം മന്ദഗതിയിലായി. പൊടുന്നനെ ഒരുദിവസം താക്കോൽപോലും നൽകാതെ പൂട്ടിപ്പോകുകയായിരുന്നു. അന്നു കൊടുക്കുവാനുണ്ടായിരുന്ന 30,000 രൂപയാണ് ഉടമയ്ക്കു നഷ്ടമായത്.
from mathrubhumi.latestnews.rssfeed https://ift.tt/2WtL2JT
via IFTTT
0 അഭിപ്രായങ്ങള്‍