കാളികാവ്: ഒരു നാടിനു മുഴുവൻ മധുരപലഹാരങ്ങൾ ഉണ്ടാക്കിനൽകിയാണ് തമിഴ്നാട് വിരുദനഗർ സ്വദേശി തമ്മനായകം വട്ടി ആരോഗ്യ ദേവരാജ് കാളികാവിന്റെ ഹൃദയത്തിലിടം പിടിച്ചത്. അപകടത്തിൽപ്പെട്ടു ചികിത്സയിലിരിക്കെ മരിച്ച ദേവരാജനു നാടു വിടചൊല്ലിയത് മതത്തിന്റെ വേർതിരിവുകളില്ലാതെ, മനുഷ്യത്വത്തിന്റെ മധുരം നൽകിത്തന്നെ. മരണശേഷം ദേവരാജനു കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ശവസംസ്കാരശുശ്രൂഷകൾ പ്രതിസന്ധിയിലായത്. ക്രിസ്തീയാചാരപ്രകാരം ശവസംസ്കാരം നടത്തുന്നതിന് ഒടുവിൽ സഹായവുമായെത്തിയത് എസ്.കെ.എസ്.എസ്.എഫ്. വിഖായ പ്രവർത്തകർ. അവർക്കായി നിലമ്പൂർ സെയ്ന്റ് മാത്യൂസ് സി.എസ്.ഐ. പള്ളിയകം ഒരുക്കി നൽകി വികാരി യോബാസ് ഭാസ്കറും മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയ്ക്കൊപ്പം നിന്നു.ഇരുപതു വർഷത്തിലേറെയായി കാളികാവിൽ ദേവരാജന്റെ കുടുംബം താമസിക്കുന്നു. ദേവരാജന്റെ മരണാനന്തരകർമങ്ങൾ എങ്ങനെ ചെയ്യുമെന്നറിയാതെ ബന്ധുക്കൾ പകച്ചുനിൽക്കുമ്പോഴാണു വിഖായ പ്രവർത്തകരെത്തിയതെന്നു ദേവരാജന്റെ മകൻ ദൈവരാജ് പറഞ്ഞു. പള്ളിക്കകത്ത് തൊപ്പിയിട്ട മദ്രസ അധ്യാപകരും ഇമാമുമാരടക്കം 10 വിഖായ പ്രവർത്തകർ ക്രിസ്തുമതാചാരപ്രകാരം ദേവരാജന് അന്ത്യകർമം ഒരുക്കി. അന്ത്യകൂദാശ മാത്രമാണു പള്ളി വികാരിക്ക് നൽകേണ്ടിവന്നത്. ദേവരാജനുള്ള അന്ത്യപ്രാർഥനയിൽ വിഖായ പ്രവർത്തകരെയും ഉൾപ്പെടുത്താൻ പള്ളിവികാരി യോബാസ് ഭാസ്കർ മറന്നില്ല. വിഖായ പ്രവർത്തകർ കാണിച്ച ഉദാത്ത മനുഷ്യസ്നേഹത്തെ പള്ളിയിൽ കൂടിയവരെല്ലാം ഉള്ളിൽത്തട്ടി അഭിനന്ദിച്ചു. വിഖായ പ്രവർത്തകരെ ചേർത്തുനിർത്തി വികാരി യോബാസ് ഭാസ്കർ പടമെടുത്ത് ഓർമപ്പുസ്തകത്തിൽ ചേർത്തുവെച്ചാണ് യാത്രയാക്കിയത്. ബുധനാഴ്ചയാണ് ദേവരാജ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് മെഡിക്കൽകോളേജിലെത്തിച്ചതടക്കം എല്ലാ കാര്യങ്ങളും നാട്ടുകാരാണ് ചെയ്തത്.കോവിഡ് കാലത്ത് സേവനരംഗത്തു നിറഞ്ഞുനിൽക്കുന്ന വിഖായ പ്രവർത്തകർ ഇരുനൂറിലേറെ മൃതദേഹങ്ങൾ സംസ്കരിച്ചു. വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവരെ മതാചാരപ്രകാരംതന്നെയാണ് സംസ്കരിച്ചത്. കബീർ മാളിയേക്കൽ, നാസർ പാലക്കൽവെട്ട, റഷീദ് ഫൈസി, ഷറഫുദ്ദീൻ ഫൈസി, മുനീർ ഫൈസി, മുസ്തഫ, യാസർ, ജലീൽ, സലാം പുൽവെട്ട തുടങ്ങിയവരാണ് മലയോരത്തെ വിഖായസംഘത്തിലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3rZHfzz
via IFTTT
0 അഭിപ്രായങ്ങള്‍