സ്വര്‍ണവും ലോകറെക്കോഡുമായിരുന്നു ലക്ഷ്യം, പക്ഷേ മഴ തടസമായി - മാരിയപ്പന്‍ തങ്കവേലു

ടോക്യോ: ടോക്യോയിലെ കാലാവസ്ഥ തന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് പാരാലിമ്പിക്സ്വെള്ളി മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു. ചൊവ്വാഴ്ച തുടർച്ചയായ രണ്ടാം പാരാലിമ്പിക്സിലും മാരിയപ്പൻ ഇന്ത്യയ്ക്കായി മെഡൽ നേടിയിരുന്നു. പുരുഷന്മാരുടെ (ടി 42 വിഭാഗം) ഹൈജമ്പിൽ 1.86 മീറ്റർ ചാടിയാണ് തമിഴ്നാട്ടുകാരൻ മാരിയപ്പൻ വെള്ളിനേടിയത്. ഇതിനു പിന്നാലെയാണ് തനിക്ക് സ്വർണ മെഡൽ ലഭിക്കേണ്ടതായിരുന്നുവെന്നും ടോക്യോയിലെ മഴയാണ് അതിന് തടസമായതെന്നും ചൂണ്ടിക്കാട്ടി താരം രംഗത്തെത്തിയത്. സ്വർണ മെഡലും ലോക റെക്കോഡും (1.96 മീറ്റർ) ഞാൻ സ്വന്തമാക്കേണ്ടതായിരുന്നു. ആ ലക്ഷ്യത്തിനായാണ് ഞാൻ ഇവിടെയെത്തിയത്. പക്ഷേ മഴ കളിച്ചു. തുടക്കത്തിൽ ചാറ്റൽ മഴയായിരുന്നു. പക്ഷേ 1.80 മീറ്റർ പിന്നിട്ടതോടെ മഴ കനത്തു. - മത്സര ശേഷം മാരിയപ്പൻ പറഞ്ഞു. ഇതേയിനത്തിൽ ഇന്ത്യയുടെ തന്നെ ശരദ് കുമാർ (1.83 മീറ്റർ) വെങ്കലം നേടി. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ (എസ്.എച്ച്.1) ഹരിയാണക്കാരൻ സിങ്രാജ് അദാനയും വെങ്കലം നേടിയതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ 10 ആയി. ഭിന്നശേഷിക്കാരുടെ ലോക കായികമേളയായ പാരാലിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. രണ്ടു സ്വർണവും അഞ്ചു വെള്ളിയുമടക്കം 10 മെഡലുമായി പട്ടികയിൽ 30-ാം സ്ഥാനത്താണിപ്പോൾ ഇന്ത്യ. 26-കാരനായ മാരിയപ്പന് പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം മെഡലാണിത്. 2016-ൽ റിയോയിൽ സ്വർണം നേടിയിരുന്നു. ഇക്കുറിയും സ്വർണപ്രതീക്ഷയിലായിരുന്നെങ്കിലും മൂന്നാമത്തെ ചാട്ടത്തിൽ അമേരിക്കയുടെ സാം ഗ്രീവ് 1.88 മീറ്റർ ചാടി മാരിയപ്പനെ മറികടന്നു. തമിഴ്നാട് സേലം സ്വദേശിയായ മാരിയപ്പന് അഞ്ചുവയസ്സുള്ളപ്പോൾ ബസ്സപകടത്തിലാണ് വലംകാലിന്റെ സ്വാധീനം നഷ്ടമായത്. തുടർന്ന് അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചുപോയി. അമ്മ ജോലിചെയ്ത് കുടുംബം പോറ്റിയതിനൊപ്പം മകന്റെ കായികതാത്പര്യങ്ങൾക്ക് എല്ലാ പിന്തുണയും നൽകി. Content Highlights: Mariyappan Thangavelu blamed weather conditions for missing out gold medal

from mathrubhumi.latestnews.rssfeed https://ift.tt/3gP3Z0L
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍