പുറപ്പുഴ (ഇടുക്കി): സന്തോഷകരമായിരുന്നു ആ യാത്ര. വീട്ടിലെത്താൻ 28 കിലോമീറ്റർമാത്രം. ഒറ്റനിമിഷം. എല്ലാം തകിടംമറിഞ്ഞു. കണ്ണീരും ചോരയും കിനിഞ്ഞു. ബെംഗളൂരുവിൽനിന്നു തിരികെ വരുംവഴിയാണ് തൃക്കളത്തൂരിലെ അപകടത്തിൽ മൂന്ന് യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് വാഹനാപകടം കവർന്നത്. പുറപ്പുഴ കുന്നേൽ ബാബുവിന്റെയും രജനിയുടെയും മക്കളായ വിഷ്ണു(25)വും അരുണും(22) മൂക്കിലിക്കാട്ട് രാജേന്ദ്രൻ പിള്ളയുടെയും സജിനിയുടെയും മകൻ ആദിത്യ(23)നുമാണ് മരിച്ചത്. അമ്മമാരായ രജനിയും സജിനിയും സഹോദരങ്ങളാണ്. ദുരന്തത്തിൽ അവസാനിച്ചത് ഉല്ലാസയാത്ര അമ്മാവൻ സുരേഷ് ബാബുവിനും കുടുംബത്തിനുമൊപ്പം വെള്ളിയാഴ്ച കോട്ടയത്തുനിന്നാണ് ഇവർ ബെംഗളൂരുവിലേക്ക് ട്രെയിൻ കയറിയത്. ഒരു ഉല്ലാസയാത്ര. ഒപ്പം അവിടെനിന്ന് കാർ വാങ്ങാനും ഉദ്ദേശിച്ചിരുന്നു.സുരേഷ് തന്റെ സഹോദരിമാരുടെ മക്കളായ വിഷ്ണു, അരുൺ, ആദിത്യൻ, അമർനാഥ് എന്നിവരെയും കൂടെക്കൂട്ടി. ശനിയും ഞായറും ബെംഗളൂരുവിലും മൈസൂരുവിലും. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ. ബെംഗളൂരുവിൽനിന്ന് വാങ്ങിയ രണ്ട് സെക്കൻഡ് ഹാൻഡ് കാറിൽ ഞായറാഴ്ച തന്നെ എട്ടംഗസംഘം നാട്ടിലേക്ക് പുറപ്പെട്ടു. ഇടയ്ക്ക് ബന്ധുവീട്ടിൽ കയറി ഭക്ഷണം കഴിച്ചു. തുടർന്ന്തൊടുപുഴയിലേക്ക്. പെരുമ്പാവൂരെത്തി ഒരു ചായ കുടിച്ചശേഷമാണ് യാത്ര തുടർന്നത്. യുവാക്കൾ ഒരു കാറിലും സുരേഷ് ബാബുവും കുടുംബവും രണ്ടാമത്തെ കാറിലുമായിരുന്നു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ പിന്നിലായിരുന്നു. ഏറെ നേരമായിട്ടും ഇത് കാണാത്തതിനെ തുടർന്ന് സുരേഷ് തിരികെപ്പോയി നോക്കിയപ്പോഴാണ് അപകട വിവരം അറിയുന്നത്. വിഷ്ണുവും അരുണും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴിയാണ് ആദിത്യൻ മരിച്ചത്. പരിക്കേറ്റ അമർനാഥ് ചികിത്സയിലാണ്. സത്യമാകരുതേ എന്ന് പ്രാർഥിച്ചു തിങ്കളാഴ്ച രാവിലെ നാട് ഉണരുന്നത് ദുരന്തവാർത്ത കേട്ടുകൊണ്ടാണ്. വാഹനാപകടത്തിൽ വിഷ്ണുവും അരുണും ആദിത്യനും മരിച്ചു. ആദിത്യന്റെ സഹോദരൻ അമർനാഥ് ഗുരുതരാവസ്ഥയിൽ. വാർത്ത കേട്ടപ്പോൾ സത്യമാകല്ലേയെന്ന് എല്ലാവരും പ്രാർഥിച്ചു, ആഗ്രഹിച്ചു. പക്ഷേ, നാടിനെ കണ്ണീരിലാഴ്ത്തി അവർ മൂവരും യാത്രയായി. പിന്നെ അവരെ അവസാനമായി ഒരുനോക്ക് കാണാനുള്ള കാത്തിരിപ്പായിരുന്നു. മൂടിക്കെട്ടിനിന്ന ആകാശംപോലെയായിരുന്നു കുന്നേൽ വീട്ടിൽ കൂടിനിന്നവരുടെ മനസ്സും. ഉള്ളിൽ ഉരുണ്ടുകൂടിയ കണ്ണീർ പിടിച്ചുനിർത്തി അവർ കാത്തുനിന്നു.വൈകീട്ട് 5.20-നാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്. ആദ്യം കൊണ്ടുവന്നത് ആദിത്യനെയാണ്. തൊട്ടുപിന്നാലെ വിഷ്ണുവും അരുണും. പ്രിയപ്പെട്ടവരുടെ ചേതനയറ്റശരീരംകണ്ടപ്പോൾ കെട്ടിനിന്ന കണ്ണീർ അണപൊട്ടി ഒഴുകി. പലരും സങ്കടംസഹിക്കവയ്യാതെ അലറിക്കരഞ്ഞു. ഈ സമയം കുറച്ചകലെയുള്ള മൂക്കിലിക്കാട്ട് വീടും കണ്ണീരിൽ കുതിരുകയായിരുന്നു. വിഷ്ണുവിന്റെയും അരുണിന്റെയും വീട്ടിലാണ് മൃതദേഹങ്ങൾ ആദ്യം പൊതുദർശനത്തിന് വെച്ചത്. തുടർന്ന് ആദിത്യന്റെ മൃതദേഹം അൽപ്പം അകലെയുള്ള കഠാരക്കുഴിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മക്കളുടെ ഓമനപ്പേരുകൾ വിളിച്ച് നെഞ്ചുപൊട്ടി കരയുന്ന ഇവരുടെ അച്ഛനമ്മമാരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വന്നവരെല്ലാം കണ്ണീരണിഞ്ഞു. വൈകീട്ട് ഏഴോടെ മൂവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. content highlights:three killed in car lorry collision
from mathrubhumi.latestnews.rssfeed https://ift.tt/3ywjhxo
via IFTTT
0 അഭിപ്രായങ്ങള്‍