വനത്തിൽ ആളനങ്ങിയാൽ ജെനിയും ജൂലിയുമറിയും

കുമളി: കാട്ടുകള്ളന്മാരുടെ മണംവന്നാൽ പിന്നെ ജൂലിയും ജെനിയും ഒറ്റക്കുതിപ്പാണ്. കടുവയും പുലിയും പതുങ്ങിയിരിക്കുന്ന പെരിയാർ വന്യജീവി സങ്കേതത്തിൽ അതിക്രമിച്ചുകടക്കുന്നവരെ കണ്ടെത്താനാണ് ആ കുതിപ്പ്. ഇന്നേവരെ, ലക്ഷ്യംകാണാതെ ഇരുവരും മടങ്ങിവന്നിട്ടില്ല. വനത്തിലെ ഒട്ടേറെ കുറ്റകൃത്യങ്ങൾ ഈ നായ്ക്കളുടെ മികവുകൊണ്ടുമാത്രം തിരിച്ചറിയാനായി. കാട്ടുകള്ളന്മാരുടെയും നായാട്ടുകാരുടെയും പേടിസ്വപ്നമായ ഈ ശ്വാനസേനാംഗങ്ങൾ വനംവകുപ്പിന്റെ വിശ്വസ്തരായിക്കഴിഞ്ഞു. സാഹസികത നിറഞ്ഞ ഇവരുടെ ഔദ്യോഗികജീവിതത്തിൽ ഒട്ടേറെ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ചന്ദനക്കടത്തുമുതൽ നായാട്ടുവരെ ഇതിൽപ്പെടും. പെരിയാർ കടുവാസങ്കേതത്തിൽ ചന്ദനമോഷണവും നായാട്ടും കുറയാൻ ഒരുപരിധിവരെ കാരണം ഇവയുടെ സാന്നിധ്യമാണ്. പെരിയാർ കടുവാസങ്കേതത്തിൽ വനംകൊള്ള വ്യാപകമായതോടെയാണ് ഉദ്യോഗസ്ഥർ മറയൂർ മോഡൽ സ്നിഫർ ഡോഗ് സ്ക്വാഡ് ഇവിടെയും നടപ്പാക്കിയത്. 2015-ൽ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ജൂലിയെ ഗ്വാളിയറിൽ ബി.എസ്.എഫിന്റെ പരിശീലനത്തിനയച്ചു. പരിശീലകനായി കെ.ആർ.ശേഖറിനെയും വിട്ടു. 2016-ൽ മടങ്ങിയെത്തിയ ജൂലി ആദ്യംതന്നെ നായാട്ടുസംഘത്തെ പിടിക്കാൻ സഹായിച്ച് വരവറിയിച്ചു. ജെനിയെന്ന ജർമൻ ഷെപ്പേർഡിനെയും വാങ്ങി ഇവിടെത്തന്നെ പരിശീലിപ്പിച്ചു. നിരവധി കേസുകൾക്ക് ഇവർ തുമ്പുണ്ടാക്കി. തമിഴ്നാട് വനംവകുപ്പും ജെനിയുടെയും ജൂലിയുടെയും സേവനം തേടാറുണ്ട്. അഞ്ചും ആറും വയസ്സ് പിന്നിട്ട ഇരുവർക്കും ഇനി മൂന്നുവർഷത്തിൽത്താഴെ സേവനകാലാവധിയേ ഉള്ളൂ. ഇവയുടെ അന്വേഷണമികവ് കോർത്തിണക്കി വനംവകുപ്പിനുവേണ്ടി തേക്കടി റേഞ്ച് ഓഫീസർ അഖിൽബാബു തയ്യാറാക്കിയ 'പെരിയാർ സ്നിഫേഴ്സ്' എന്ന ഡോക്യുമെന്ററിയും ശ്രദ്ധ നേടി. content highlights:periyar wildlife sanctury jeni and julie dog squad

from mathrubhumi.latestnews.rssfeed https://ift.tt/3hbs822
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍