നവജാതശിശുവിന്റെ മരണം: ആത്മഹത്യചെയ്ത ഗ്രീഷ്മയുടെ ഫെയ്സ് ബുക്ക് സുഹൃത്തിനെ ചോദ്യംചെയ്തു

ചാത്തന്നൂർ (കൊല്ലം) : കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചസംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസ് കണ്ടെത്തി. കേസിൽ ചോദ്യംചെയ്യാനായി വിളിപ്പിച്ച ആര്യയോടൊപ്പം ആത്മഹത്യചെയ്ത ഗ്രീഷ്മയുടെ ഫെയ്സ് ബുക്ക് സുഹൃത്തിനെ വെള്ളിയാഴ്ച ചോദ്യംചെയ്തു. പാരിപ്പള്ളി സ്വദേശിയെയാണ് ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തത്. ഇയാളെ മൂന്നുമണിക്കൂറോളം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾക്ക് ഗ്രീഷ്മയുമായി ഏറെ അടുത്ത ബന്ധമുള്ളതായാണ് സൂചന. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ ആര്യയുടെയും ഗ്രീഷ്മയുടെയും ആത്മഹത്യയെത്തുടർന്ന് വഴിമുട്ടിയ കേസിൽ സൈബർസെല്ലിന്റെ സഹായത്തോടെയാണ് പോലീസ് നിർണായകവിവരങ്ങൾ ശേഖരിച്ചത്. രേഷ്മയുടെ, 15-ലധികം ഡിലീറ്റ് ചെയ്ത ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽപ്പേരെ ചോദ്യംചെയ്തേക്കുമെന്നാണ് സൂചന. രേഷ്മയുടെ സിം കാർഡുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും കേസിലെ നിർണായക തെളിവുകളിലേക്ക് നയിക്കുന്ന വിവരം ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. രേഷ്മ ഫെയ്സ് ബുക്കിൽ നിരവധി അക്കൗണ്ടുകൾ തുറക്കുകയും കുറച്ചുകാലം കുറെ സുഹൃത്തുക്കളെ ഉൾപ്പെടുത്തി ചാറ്റ് ചെയ്തശേഷം ഈ അക്കൗണ്ടുകൾ ഒഴിവാക്കുകയും ചെയ്തിട്ടുള്ളതായാണ് പോലീസിനുലഭിച്ച വിവരം. ഫെയ്സ് ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇതിലെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്റ്റിലായദിവസം കോവിഡ് സ്ഥിരീകരിച്ചതിനാൽ റിമാൻഡിലായ രേഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടൻതന്നെ രേഷ്മയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യചെയ്ത ആര്യയുടെ ഭർത്താവും വിഷ്ണുവിന്റെ ജ്യേഷ്ഠനുമായ രഞ്ജിത്തിനെയും ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ എ.സി.പി.ക്കും പാരിപ്പള്ളി എസ്.എച്ച്.ഒ.യ്ക്കും സ്ഥലംമാറ്റ ഉത്തരവു വന്നതിനാൽ അടുത്തദിവസംമുതൽ അന്വേഷണം പുതുതായി ചുമതലയേൽക്കുന്നവർക്കായിരിക്കും. content highlights: kollam newborn baby death: police questions greeshmas facebook friend

from mathrubhumi.latestnews.rssfeed https://ift.tt/3wiEVnA
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍