സ്വർണക്കടത്ത് പൊട്ടിക്കും. പാർട്ടികളുമായി ബന്ധമുള്ളവരുടെ കൈയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെങ്കിൽ അത് തിരികെ വാങ്ങിക്കൊടുക്കും. പാർട്ടിയിൽ ഭാരവാഹിത്വമൊന്നുമില്ലാത്ത കൂത്തുപറമ്പിലെ ഒരു പ്രമുഖന്റെ പ്രധാന പരിപാടികളിലൊന്ന് ഇതാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള ഉന്നതന്റെ ബന്ധുവാണെന്നതാണ് ഇദ്ദേഹത്തിന്റെ സ്വാധീനത്തിന് കാരണം. ഏതാനും മാസങ്ങൾക്കു മുമ്പ് സി.പി.എമ്മുമായി അടുപ്പമുള്ള പാനൂരിലെ ഒരാളുടെ കള്ളക്കടത്ത് സ്വർണം തൊക്കിലങ്ങാടിക്കാരനായ പാർട്ടി ക്വട്ടേഷൻ അംഗത്തിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തപ്പോൾ സ്വർണക്കടത്തുകാർ ഈ പ്രമുഖനെയാണ് ആദ്യം സമീപിച്ചത്. സ്വർണം തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ക്വട്ടേഷൻ ടീം വഴങ്ങിയില്ല. ഒടുവിൽ സ്വർണക്കടത്തുകാരുമായി ബന്ധമുള്ള സംഘത്തെ തൊക്കിലങ്ങാടിക്ക് സമീപം വാടകക്ക് താമസിപ്പിച്ച് തന്ത്രപരമായി തിരിച്ചെടുപ്പിക്കുകയായിരുന്നു. ഗുഡ്സ് ഓട്ടോ ഡ്രൈവറായ ക്വട്ടേഷൻ സംഘാംഗമാണ് സ്വർണം തട്ടിയത്. അയാളുമായി വാടകയ്ക്ക് താമസിക്കുന്നവർ പരിചയത്തിലാവുകയും ഒരു ദിവസം വീട്ടിൽനിന്ന് ഫ്രിഡ്ജ് കൊണ്ടുപോവാനാണെന്ന വ്യാജേനെ വിളിച്ചുവരുത്തി അകത്തിട്ടുപൂട്ടുകയായിരുന്നു. ഈ സംഭവത്തോടെ ക്വട്ടേഷന് നേതൃത്വം കൊടുത്തയാൾ സി.പി.എമ്മുമായി അകന്നു. അതോടെ തൊക്കിലങ്ങാടിയിൽ മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടിവരികയും ചെയ്തു. പക്ഷേ, സ്വാധീനമുപയോഗിച്ച് കാസർകോട് ഇത്തരമൊരു സെറ്റിൽമെന്റിനു പോയെങ്കിലും അടികിട്ടി ഒടുവിൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. രാഷ്ട്രീയ ക്വട്ടേഷനിലൂടെ വളർത്തിയെടുത്ത ഒരുപാട് യുവാക്കളുണ്ട് ഇദ്ദേഹത്തിന്റെ കീഴിൽ. ചെങ്കൽ ക്വാറികളുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളുണ്ടെങ്കിലും സ്വർണക്കടത്ത് പൊട്ടിക്കുന്ന സംഘത്തിൽ ഇദ്ദേഹവുമുണ്ടെന്നാണ് പറയുന്നത്. കൂത്തുപറമ്പിന്റെ തൊട്ടടുത്ത പ്രദേശമായ മൂന്നാംപീടികയിൽ ഇദ്ദേഹത്തിനുവേണ്ടി സ്വർണവുമായെത്തിയ ഒരു കാരിയർ മറ്റൊരു ക്വട്ടേഷൻ സംഘത്തിന്റെ കൈയിൽപ്പെട്ടുപോയിരുന്നു. പിന്നാലെ ഫോൺ വിളികൾ വന്നതോടെ അവർ കാരിയറെ വിട്ടുകൊടുത്തു.കണ്ണൂരിലെ പല ഓപ്പറേഷനുകളിലും പങ്കാളിയാണെന്ന് കരുതുന്ന ഇദ്ദേഹം ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായിരുന്നു. പാർട്ടി അംഗമല്ല എന്നാണ് പറയുന്നതെങ്കിലും നാലുകൊല്ലം മുമ്പ് ഇദ്ദേഹത്തെ ഒരു കേസിൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അന്ന് സി.പി.എം. പ്രവർത്തകർ വീട്വളഞ്ഞു സംരക്ഷണം തീർത്തു. (മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചുവരുന്ന സ്വർണക്കടത്തിന്റെ കൊടിയടയാളം എന്ന പരമ്പരയിൽ നിന്ന്)പരമ്പര വായിക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/3x90bxv
via IFTTT
0 അഭിപ്രായങ്ങള്‍