ഭർത്താവിനുനേരേയുള്ള പീഡനം: ഭാര്യയെ ശിക്ഷിക്കാൻ നിയമമില്ലാത്തത് ദൗർഭാഗ്യകരം -മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭർത്താവിന് നേരേയുള്ള ഗാർഹികപീഡനത്തിന് ഭാര്യയെ ശിക്ഷിക്കാൻ നിയമമില്ലാത്തത് ദൗർഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് (ലിവ് ഇൻ റിലേഷൻഷിപ്പ്) അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥൻ നിരീക്ഷിച്ചു. ഭാര്യ സമർപ്പിച്ച ഗാർഹിക പീഡന പരാതിയെത്തുടർന്ന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മൃഗഡോക്ടർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.ഹർജിക്കാരന്റെ ആവശ്യം അംഗീകരിച്ച കോടതി ഇയാളുടെ സസ്പെൻഷൻ റദ്ദാക്കി. 15 ദിവസത്തിനുള്ളിൽ ജോലിയിൽ തിരിച്ചെടുക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു. നിസ്സാര കാരണങ്ങളുടെ പേരിൽ ലംഘിക്കാവുന്ന കരാറല്ല വിവാഹം. അത് വിശുദ്ധമായ ഒന്നാണ്. പുതിയ തലമുറ ഇത് മനസ്സിലാക്കണം. വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്ന 2005-ലെ ഗാർഹികപീഡന നിയമം നിലവിൽവന്നതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു. -ജസ്റ്റിസ് വൈദ്യനാഥൻ നിരീക്ഷിച്ചു. അഹന്തയും അസഹിഷുണതയും പാദരക്ഷകൾ പോലെ വീടിനുപുറത്ത് ഉപേക്ഷിക്കേണ്ടതാണെന്ന് ഭാര്യാ-ഭർത്താക്കന്മാർ മനസ്സിലാക്കണമെന്നും അല്ലാതെ വന്നാൽ കുട്ടികൾക്കുപോലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഭാര്യ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2015-ൽ സമർപ്പിച്ച ഹർജിയെ തുടർന്ന് മൃഗഡോക്ടർക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. വിവാഹമോചന ഉത്തരവിന് നാലുദിവസം മുമ്പ് ഭാര്യ ഡോക്ടർക്കെതിരേ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിന്റെ പേരിൽ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയിരുന്നു. വിവാഹ മോചനക്കേസിൽ വിധിയുണ്ടാകുമെന്ന് മനസ്സിലാക്കിയ ഭാര്യ ഭർത്താവിനെ ദ്രോഹിക്കുന്നതിന് വേണ്ടിയാണ് ഗാർഹികപീഡന പരാതി നൽകിയതെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/3g0h9Xj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍