ന്യൂഡൽഹി: പകർപ്പവകാശമുള്ള ഗാനം ട്വിറ്ററിൽ പങ്കുവെച്ചതിനാലാണ് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്കുചെയ്തതെന്ന് സൂചന. സോണി മ്യൂസിക്കിന് പവർപ്പവകാശമുള്ള എ.ആർ.റഹ്മാന്റെ മാ തു ജേ സലാം... എന്ന ഗാനം ഉപയോഗിച്ചതിനേത്തുടർന്നാണ് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് വിവരം. ട്വിറ്റർ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസിലെ പകർപ്പവകാശ നിയമമായ ഡിജിറ്റൽ മില്ലെനിയം കോപ്പിറൈറ്റ് ആക്റ്റിന്റെ (ഡി.എം.സി.എ.) നോട്ടീസ് പ്രകാരമാണ് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് താല്ക്കാലികമായി മരവിപ്പിച്ചതെന്നും പ്രസ്തുത ട്വീറ്റ് നീക്കം ചെയ്തതെന്നും ട്വിറ്റർ വക്താവ് പറഞ്ഞു. ട്വിറ്ററിന്റെ പകർപ്പവകാശ നയമനുസരിച്ച്, ഉടമയോ അവരുടെ അംഗീകൃത പ്രതിനിധികളോ അയക്കുന്ന സാധുവായ പകർപ്പവകാശ പരാതികളോട് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ആർ.റഹ്മാന്റെ മാ തു ജേ സലാം... എന്ന ഗാനം ഉപയോഗിച്ചതിനേത്തുടർന്ന് സോണി മ്യൂസിക് എന്റർടൈൻമെന്റിന്റെ അവകാശവാദം മൂലമാണ് രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് നടപടി നേരിട്ടതെന്ന് കമ്പനിയുടെട്രാൻപെരൻസി ഡേറ്റാബേസിലെ വിവരങ്ങളും പറയുന്നു. ഡി.എം.സി.എ. പ്രകാരം ആരെങ്കിലും പകർപ്പവകാശലംഘനം ശ്രദ്ധയിൽപ്പെടുത്തിയാൽ പ്രസ്തുത ഉള്ളടക്കം ട്വിറ്റർ നീക്കംചെയ്യാറുണ്ട്. നേരത്തെ അക്കൗണ്ട് അല്പനേരത്തേക്ക് ട്വിറ്റർ ബ്ലോക്കുചെയ്ത കാര്യം കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു. പുതിയ ഐ.ടി. ചട്ടം പാലിക്കാത്തതുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രവും തമ്മിൽ തർക്കംതുടരുന്നതിനിടെയാണ് മന്ത്രിയുടെതന്നെ അക്കൗണ്ട് ഒരുമണിക്കൂർ നേരത്തേക്ക് ബ്ലോക്ക് ചെയ്യപ്പെട്ടത്. ഒരു മണിക്കൂറിനുശേഷം അക്കൗണ്ടിലേക്ക് ട്വിറ്റർ വീണ്ടും പ്രവേശനം അനുവദിച്ചപ്പോഴാണ് മന്ത്രിതന്നെ സംഭവം ട്വീറ്റ് ചെയ്തത്. സംഭവത്തിൽ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐ.ടി.യുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി അധ്യക്ഷനും കോൺഗ്രസ് നേതാവുമായ ശശി തരൂർ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ ട്വീറ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് ശശി തരൂർ തന്റെ അനുഭവം വ്യക്തമാക്കിയത്. ബോണി എമ്മിന്റെ റാസ്പുടിൻ ഗാനത്തിന്റെ പകർപ്പവകാശം ലംഘിച്ചുവെന്നുകാട്ടിയാണ് തന്റെ ട്വീറ്റ് ട്വിറ്റർ ഡിലീറ്റ് ചെയ്തതെന്ന് തരൂർ പറഞ്ഞിരുന്നു. Content Highlights: In Twitter vs Centre, Minister Ravi Shankar Prasads Account Was Locked Over AR Rahman Song
from mathrubhumi.latestnews.rssfeed https://ift.tt/3wXx3ZV
via IFTTT
0 അഭിപ്രായങ്ങള്‍