കോട്ടയം : കോട്ടയം നഗരമധ്യത്തിലെ വീട്ടിൽ രണ്ടുപേരെ വെട്ടിവീഴ്ത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചനയില്ലാതെ അന്വേഷണ സംഘം. വാടകവീട് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്ര നിർമാണവുമായിരുന്നുവെന്ന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ക്യാമറ സ്റ്റാൻഡും മൊബൈൽ സ്റ്റാൻഡുകളും അക്രമം നടന്ന വീട്ടിൽനിന്ന് പോലീസ് കണ്ടെത്തി. പരിക്കേറ്റവരുടേതുൾപ്പെടെ മൊബൈൽ ഫോണുകൾ കണ്ടെത്താനുണ്ട്. ക്യാമറയും ഫോണുകളും അക്രമികൾ കൊണ്ടുപോയിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അനാശാസ്യ ഇടപാടുകളിലെ തർക്കമാണ് ആക്രമണത്തിലെത്തിയതെന്നാണ് കരുതുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്നത് സംബന്ധിച്ചും വ്യക്തമായ വിവരമില്ല. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളെയോ എന്തിനാണ് ആക്രമിച്ചതെന്നോ അറിയില്ലെന്നാണ് ഇവരുടെ നിലപാട്. അക്രമത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും പരിക്കേറ്റവർക്ക് മാത്രമേ വ്യക്തമായ വിവരമുള്ളൂവെന്ന് പോലീസ് കരുതുന്നു. ഇവർ വിവരം നൽകാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആശുപത്രി വിട്ടശേഷമേ കൂടുതൽ ചോദ്യംചെയ്യാൻ കഴിയൂ. സംഭവസമയം വീട്ടിലുണ്ടായിരുന്ന പൊൻകുന്നം സ്വദേശിനി അവിടെ അനാശാസ്യ ഇടപാടുകൾ നടന്നിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ഫോണിൽ നിരവധി പെൺകുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും ഇടപാടുകാർക്കയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്രമികളെക്കുറിച്ച് അറിവില്ലെന്നാണ് അവരുടെ നിലപാട്. അക്രമം നടക്കുമ്പോൾ മുറിയിൽ കയറി കതകടച്ചുവെന്നും അക്രമികളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് യുവതി പറയുന്നത്. ഇവിടെ അനാശാസ്യകേന്ദ്രം നടത്തിയിരുന്നത് പോലീസോ മറ്റ് വ്യാപാരികളോ അറിഞ്ഞിരുന്നില്ല. ആക്രമണത്തിന് ശേഷമാണ് നഗരമധ്യത്തിലെ കേന്ദ്രത്തെക്കുറിച്ച് പുറംലോകമറിയുന്നത്. വീട്ടിലുണ്ടായിരുന്ന സ്ത്രീയാണ് ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നത്. പലർക്കും യുവതികളുടെ ഫോട്ടോകളയച്ചിരുന്നത് ഇവരുടെ മൊബൈൽ ഫോണിൽനിന്നായിരുന്നു. ഇവരിൽ പലരും സിനിമയിൽ സഹനടിമാരായി അഭിനയിച്ചിട്ടുള്ളവരാണെന്നാണ് വിവരം. അനാശാസ്യത്തിനായി പെൺകുട്ടികളെയും ഇടപാടുകാരെയും ആക്രമണം നടന്ന വീട്ടിലെത്തിച്ചിരുന്നതായും ചിത്രങ്ങൾ കാണിച്ച് ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുകൊടുത്തിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്. യുവതിയും പരിക്കേറ്റവരും മറ്റേതെങ്കിലും വൻ റാക്കറ്റിന്റെ കണ്ണികളാണോയെന്നും പോലീസ് അന്വേഷിച്ചുവരുകയാണ്. കോട്ടയം ഡിവൈ.എസ്.പി എം.അനിൽകുമാർ, കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ കെ.എസ്. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
from mathrubhumi.latestnews.rssfeed https://ift.tt/3A9AiPQ
via IFTTT
0 അഭിപ്രായങ്ങള്‍