സ്വർണക്കവർച്ച: മുഖ്യകണ്ണിയുടെ സഹായി കൊടുവള്ളി സ്വദേശി ‘ആപ്പു’വിനെ തേടി പോലീസ്

കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തിനു പിറകിലുള്ള സ്വർണക്കടത്തിൽ 'ആപ്പു' എന്ന വിളിപ്പേരിലറിയപ്പെടുന്ന കൊടുവള്ളി സ്വദേശിയായ യുവാവിനെ തിരഞ്ഞ് പോലീസ്. മുഖ്യകണ്ണിയായ വാവാട് സ്വദേശി സൂഫിയാനൊപ്പം കള്ളക്കടത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ് ഈ യുവാവ്. കഴിഞ്ഞദിവസം അറസ്റ്റിലായ മഞ്ചേരി പാണ്ടിക്കാട് സ്വദേശി ശിഹാബിൽനിന്നാണ് ആപ്പുവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സ്വർണക്കടത്തിൽ സഹായിക്കാൻ സൂഫിയാനൊപ്പം ആപ്പുവും ബന്ധപ്പെട്ടിരുന്നതായി ശിഹാബ് പോലീസിനോടു പറഞ്ഞു. ഇയാളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിന് സഹായിക്കാൻ, കഴിഞ്ഞ 21-ന് പുലർച്ചെ ശിഹാബ് സ്വന്തം സംഘത്തോടാപ്പം കരിപ്പൂരിലെത്തിയിരുന്നു. സൂഫിയാന്റെ സഹോദരൻ ഫിജാസിനെ സഹായിക്കാനാണ് ശിഹാബിന് ലഭിച്ചിരുന്ന നിർദേശം. വാഹന പരിശോധനയിലൂടെ ഫിജാസിനെ പോലീസ് പിടികൂടിയതോടെയാണ് ശിഹാബിനെക്കുറിച്ച് വിവരം ലഭിച്ചത്. ആറുപ്രതികൾ ജാമ്യാപേക്ഷ നൽകി രാമനാട്ടുകര വാഹനാപകടക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ആറുപേർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഒന്നാംപ്രതി മുബഷിർ, രണ്ടാംപ്രതി ഷുഹൈൽ, മൂന്നാംപ്രതി സലിം, നാലാംപ്രതി മുഹമ്മദ് മുസ്തഫ, ആറാംപ്രതി ഫൈസൽ, എട്ടാംപ്രതി ഫയാസ് എന്നിവരാണ് കോടതിയിൽ അപേക്ഷ നൽകിയത്. സംഭവം നടന്ന, കഴിഞ്ഞ 21-നാണ് ചെർപ്പുളശ്ശേരി സ്വദേശികളായ ഇവരെ പോലീസ് പിടികൂടിയത്. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് കരിപ്പൂരിലെത്തിയത്. ഇതിൽപ്പെട്ട അഞ്ചുപേരാണ് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരിച്ചത്. എട്ടുപേർ പോലീസ് പിടിയിലായി. രണ്ടുപേർ രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം നടക്കുന്നുണ്ട്. മഞ്ചേരി കോടതിയുടെ ചുമതലയുള്ള നിലമ്പൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കും. പോലീസ് കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങിയിരുന്ന അഞ്ചുപേരെ കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. യുവാക്കൾക്ക് കോവിഡ് ബാധിച്ചതോടെ കസ്റ്റഡികാലാവധി പൂർത്തിയാക്കും മുമ്പേ പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തിങ്കളാഴ്ച ഹസനും കോവിഡ് സ്ഥിരീകരിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/3qwJ469
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍