'ലക്ഷദ്വീപിൽ മാത്രമല്ല, നാട്ടിലുംവേണം സഹിഷ്ണുത' കന്നിപ്രസംഗത്തിൽ പറയാതെ പറഞ്ഞ് കെകെ രമ

തിരുവനന്തപുരം: വടകര എം.എൽ.എ. കെ.കെ. രമയുടെ കന്നിപ്രസംഗത്തിൽ സർക്കാർനയങ്ങൾക്കെതിരേ രൂക്ഷവിമർശനം. ടി.പി. ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ചു പറയാതെപറഞ്ഞാണ് രമ തുടങ്ങിയത്. ‘‘ലക്ഷദ്വീപിൽ സമാധാനവും ജനാധിപത്യ അവകാശങ്ങളും ഉറപ്പാക്കാൻവേണ്ടി പ്രമേയം പാസാക്കുന്നതിൽ പങ്കാളിയായതിൽ അഭിമാനിക്കുന്നു. എന്നാൽ, നമ്മുടെ നാട്ടിലും നിർഭയവും ജനാധിപത്യപരവുമായ പൊതുജീവിതവും വ്യത്യസ്ത രാഷ്ട്രീയവീക്ഷണവും സഹിഷ്ണുതയോടെ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. എന്നാൽ, മാത്രമേ നമ്മുടെ ഇടപെടലുകൾ ആത്മാർഥതയുള്ളതാണെന്ന് ചരിത്രം രേഖപ്പെടുത്തൂ’’-അവർ പറഞ്ഞു. നയപ്രഖ്യാപനം ഒട്ടും പുതിയതല്ല. കഴിഞ്ഞസർക്കാരിന്റെ കാലത്ത് അപമാനകരമായ നയങ്ങളായിരുന്നു ആഭ്യന്തരവകുപ്പിന്റേത്. ലോക്കപ്പ് മരണം, വ്യാജ ഏറ്റുമുട്ടൽ, പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗംചെയ്ത കേസുകൾകൂടി അട്ടിമറിക്കപ്പെട്ട സംഭവങ്ങൾ, യുവാക്കൾക്കെതിരേ യു.എ.പി.എ. ചുമത്തിയത് എന്നിങ്ങനെയുള്ളവ. ആ നയങ്ങൾക്കെതിരേ ഒന്നും നയപ്രഖ്യാപനത്തിലില്ല. ഇരുപതിനായിരത്തിലധികം പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ-റെയിൽപദ്ധതി കേരളത്തിന് ആവശ്യമില്ലെന്നു ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ മുന്നോട്ടുപോവുന്നു -രമ പറഞ്ഞു.പ്രതിപക്ഷം കൈയടികളോടെയാണ് രമയുടെ വാക്കുകളെ വരവേറ്റത്. വടകരയുടെ വികസനത്തിന് നിയമസഭയുടെ പിന്തുണയും രമ തേടി.

from mathrubhumi.latestnews.rssfeed https://ift.tt/2Tp9PNh
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍