ഡോ. ജോണി ഗബ്രിയേലും ഡോ. എസ്. പ്രസന്നനും ഹരിപ്പാട്: സുഹൃത്തുക്കളായ ഡോ. ജോണി ഗബ്രിയേലും ഡോ. എസ്. പ്രസന്നനും ഇരുപതു വർഷമായി ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലും പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കുകയാണ്. ഡോ. ജോണി ഗബ്രിയൽ എല്ലാ മാസത്തെയും ആദ്യ ഞായറാഴ്ച സൗജന്യ ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്. കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കും. മരുന്നും നൽകും. അത്യാവശ്യം രക്തപരിശോധനകൾ വീട്ടിൽവച്ചു തന്നെ നടത്തും. കൂടുതൽ പരിശോധന വേണമെങ്കിൽ സ്വന്തം ചെലവിൽ ലബോറട്ടറികളിൽ ചെയ്യിക്കും. ഡോ. പ്രസന്നൻ സാന്ത്വനം എന്നപേരിൽ സ്വന്തം നിലയിലും റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയും ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സൗജന്യമായി നടത്തുന്നു. കഷായവും അരിഷ്ടവും ലേഹ്യങ്ങളും എണ്ണയുമെല്ലാം ക്യാമ്പിൽ സൗജന്യമായി കൊടുക്കും. പതിനായിരത്തോളം പേർക്കാണു പ്രസന്നൻ ഡോക്ടറുടെ ക്യാമ്പുകളിൽ ഇതുവരെ ചികിത്സ നൽകിയത്. എറണാകുളം സ്വദേശിയായ ഡോ. ജോണി ഗബ്രിയേൽ 2010-ൽ പാലക്കാട് ജനറൽ ആശുപത്രിയിൽനിന്നാണ് വിരമിച്ചത്. കരുവാറ്റ അമൃതാലയം വീട്ടിൽ ഡോ. എസ്. പ്രസന്നൻ പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽനിന്ന് ചീഫ് മെഡിക്കൽ ഓഫീസറായി വിരമിച്ചതാണ്. ജോണി ഗബ്രിയേൽ കരുവാറ്റ പി.എച്ച്. സെന്ററിൽ മെഡിക്കൽ ഓഫീസറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. അന്നു മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. റോട്ടറി ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചതോടെ സാധാരണക്കാരെ സഹായിക്കാൻ, പഠിച്ച ചികിത്സാവിധി തിരഞ്ഞെടുക്കുകയായിരുന്നു. ഹരിപ്പാട്ട് അറുപതോളം കിടപ്പുരോഗികളെയാണ് ഡോ. ജോണി ഗബ്രിയേൽ പരിചരിക്കുന്നത്. ഉച്ചവരെ കിടപ്പു രോഗികളെ വീട്ടിലെത്തി പരിചരിക്കും. ഉച്ചയ്ക്കു ശേഷം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന് സമീപം ഡോക്ടറുണ്ടാകും. യാത്രചെയ്യാൻ കഴിയുന്നവർ ഡോക്ടറെത്തേടി ഇവിടെയെത്തും. ഇങ്ങനെ നൂറോളം പേരുണ്ട്. എല്ലാവർക്കും ചികിത്സയും മരുന്നുകളും സൗജന്യമാണ്. ഹരിപ്പാട്ടെ ഗ്രേറ്റർ റോട്ടറി ക്ലബ്ബ് പ്രവർത്തകർ ഡോക്ടർക്കും ഒപ്പമുള്ളവർക്കും യാത്രാ സൗകര്യം ഒരുക്കും. അത്യാവശ്യം മരുന്നുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തും. റൂഫിനയാണ് ഡോക്ടറുടെ ഭാര്യ. മക്കൾ: ഡോ. ജെറി ഗബ്രിയേൽ ജോൺ, ഡോ. ലിസിയ മേരി. ഡോ. പ്രസന്നൻ തീരദേശം കേന്ദ്രീകരിച്ചാണ് പ്രധാനമായും ചികിത്സ്യാ ക്യാമ്പുകൾ നടത്തുന്നത്. മിഥുനം, കർക്കടക മാസങ്ങളിലാണ് കൂടുതൽ. ഭാര്യ ഡോ. വത്സലാദേവിയും ഒപ്പമുണ്ടാകും. ഡോ. ജോണി ഗബ്രിയേലും ഡോ. എസ്. പ്രസന്നനും ഒന്നിച്ച് വൈദ്യപരിശോധനാ ക്യാമ്പുകൾ നടത്താറുണ്ട്. മഹാപ്രളയ കാലത്ത് ഇത്തരം ക്യാമ്പുകൾ ഇരുവരും നടത്തിയിരുന്നു. Content Highlight: world doctors day
from mathrubhumi.latestnews.rssfeed https://ift.tt/3AcbS8B
via IFTTT
0 അഭിപ്രായങ്ങള്‍