’സോപ്പിട്ട് ഗ്യാപ്പിട്ട് മാസ്കിട്ട് നിൽക്കാം’; കോവിഡിനെതിരായ പ്രചാരണ വാക്യങ്ങള്‍ക്കുപിന്നില്‍ ഇവരാണ്

കൊച്ചി: 'സോപ്പിട്ട് ഗ്യാപ്പിട്ട് മാസ്കിട്ട് നിൽക്കാം...'കോവിഡ് ആദ്യ തരംഗം മുതൽ മലയാളികൾ കേൾക്കുന്ന വാക്യമാണിത്. പിന്നീട് 14 സെക്കൻഡും 40 സെക്കൻഡുമുള്ള കോവാക്സിൻ, കോവിഷീൽഡ് പ്രതിരോധ മരുന്നുകളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്. ബോണി എമ്മിന്റെ റാസ്പുട്ടിനിൽ ചുവടുെവയ്ക്കുന്ന പ്രതിരോധ മരുന്നുകളാണ് വൈറലായത്. തിരുവനന്തപുരത്തെ ടെൻ പോയിന്റ് മീഡിയയാണ് ഇതിനു പിന്നിൽ. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരികളായ അഞ്ച് ചെറുപ്പക്കാരാണ് ബ്രേക്ക് ദ ചെയിനിന്റെയും ക്രഷ് ദ കർവ് കാമ്പയിനിന്റെയും ആശയങ്ങൾ കണ്ടെത്തുന്നതും അവതരിപ്പിക്കുന്നതും. ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ ബി.ടെക് വിദ്യാർഥികളായിരുന്ന സമയത്തുതന്നെ കലാപരമായ കാര്യങ്ങളിൽ തത്പരരായ സഹപാഠികളാണ് ടെൻ പോയിന്റ് എന്ന സ്ഥാപനം ആരംഭിച്ചത്. തുടർന്ന് സി-ഡിറ്റുമായി സഹകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ബ്രേക്ക് ദ ചെയിനിനായി ലോഗോ സമർപ്പിക്കുന്നതെന്ന് സംഘാംഗവും ഡിസൈനറുമായ വിഷ്ണു ബാബു പറഞ്ഞു. മൂന്ന് ലോഗോകളാണ് ആരോഗ്യവകുപ്പിനായി സമർപ്പിച്ചത്. അതിൽ നിന്നാണ് നിലവിൽ ഉപയോഗിക്കുന്ന ബ്രേക്ക് ദ ചെയിൻ ലോഗോ ആരോഗ്യവകുപ്പ് തിരഞ്ഞെടുത്തത്. പിന്നീട് എസ്.എം.എസ്. എന്ന ഒറ്റ പ്രയോഗം കൊണ്ട് സോപ്പ്, മാസ്ക്, സാനിറ്റൈസർ എന്ന പ്രധാനമായ പ്രതിരോധത്തെ ഉൾപ്പെടുത്താനും ഇവർക്ക് സാധിച്ചു. വിഷു, തിരഞ്ഞെടുപ്പ് എന്നിങ്ങനെ പ്രധാന ദിവസങ്ങളിൽ ചെറു വീഡിയോകളിലൂടെയും ഇവർ കോവിഡ് പ്രതിരോധം തീർക്കുന്നതിനായുള്ള അവബോധം ജനങ്ങളിലേക്കെത്തിച്ചു. ജാവയല്ല പ്രതിരോധമാണ് പവർഫുൾ എന്നും മുഖമേതായാലും മാസ്ക് മുഖ്യമെന്നുമെല്ലാം ഇവർ കുറിച്ചു. കണ്ടന്റ് റൈറ്റിങ് വി.കെ.പി. വിഷ്ണു, വീഡിയോ അനിമേഷൻ എം.എം. സന്ദീപ്, സ്ക്രിപ്റ്റ് എം.ടി. ശ്രീജിത്ത്, ടീം മാനേജ്മെന്റ് ജുവൽ ബാബു എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. വരും ദിവസങ്ങളിലും കൂടുതൽ വ്യത്യസ്തമായ ആശയങ്ങളുമായി എത്തുമെന്ന് സംഘം പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/3i5iG14
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍