മുംബൈ: 'യാത്രക്കാർ എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം' എന്ന അറിയിപ്പല്ല, മുംബൈയിൽനിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിൽ അന്ന് മുഴങ്ങിയത്. 'മിസ്റ്റർ ജവേരി, ദയവായി താങ്കൾ സീറ്റ് ബെൽറ്റ് ധരിക്കണം' എന്നാണ്. കാരണം 360 സീറ്റുള്ള ബോയിങ് 777 വിമാനത്തിൽ അന്ന് ഒരൊറ്റ യാത്രക്കാരനേ ഉണ്ടായിരുന്നുള്ളൂ, ഭവേഷ് ജവേരി. സ്വപ്നതുല്യമായ യാത്ര എന്നാണ് മേയ് 19-ലെ യാത്രയെ ജവേരി വിശേഷിപ്പിക്കുന്നത്. വമ്പൻ വിമാനത്തിൽ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായ് വരെ യാത്രചെയ്യാൻ ചെലവായത് വെറും 18,000 രൂപ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ.യിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കാരണമാണ് ഈ നാൽപ്പതുകാരന് ഇങ്ങനെയൊരവസരം വീണുകിട്ടിയത്. യു.എ.ഇ.യിലെ സ്റ്റാർജെംസ് ഗ്രൂപ്പിന്റെ സി.ഇ.ഒ.യായ ജവേരി 20 വർഷമായി ദുബായിലാണ് താമസം. ഇതിനകം 240 തവണയെങ്കിലും ഗൾഫിലേക്ക് പറന്നിട്ടുണ്ട്. പക്ഷേ. ഇത്തരമൊരു യാത്ര ആദ്യമാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ളവർക്ക് യു.എ.ഇ.യിൽ യാത്രാവിലക്കുണ്ട്. യു.എ.ഇ. പൗരൻമാർക്കും നയതന്ത്രപ്രതിനിധികൾക്കും ഗോൾഡൻ വിസയുള്ളവർക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. യു.എ.ഇ.യുടെ ഗോൾഡൻ വിസയുള്ളയാളാണ് ജവേരി. സാധാരണ ബിസിനസ് ക്ലാസിൽ യാത്രചെയ്യാറുള്ള ജവേരി തിരക്കുണ്ടാവില്ല എന്നതുകൊണ്ട് ഇത്തവണ ഇക്കോണമി ക്ലാസ് ടിക്കറ്റാണ് എടുത്തത്. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വേറെ യാത്രക്കാർ ആരുമില്ലെന്ന് മനസ്സിലായത്. വിമാനജീവനക്കാർ കൈയടികളോടെയാണ് ജവേരിയെ സ്വീകരിച്ചത്. വിമാനം മുഴുവൻ ചുറ്റിക്കാണാൻ പൈലറ്റ് അവസരം ഒരുക്കുകയും ചെയ്തു. ബോയിങ് 777 വിമാനം വാടകയ്ക്കെടുത്ത് ദുബായിലേക്ക് പറത്തണമെങ്കിൽ ചുരുങ്ങിയത് 70 ലക്ഷം രൂപ വേണ്ടിവരുമെന്ന് വ്യോമയാന രംഗത്തുള്ളവർ പറയുന്നു. ആളില്ലാതെയാണ് തിരിച്ചുവരുന്നതെങ്കിൽ തുക ഇരട്ടിയാകും. കോവിഡിന്റെ യാത്രാവിലക്കുണ്ടെങ്കിലും ദുബായിൽനിന്ന് മുംബൈയിലേക്കുളള വിമാനത്തിൽനിറയെ യാത്രക്കാരുണ്ടാകാറുണ്ട്. ആളില്ലെങ്കിലും തിരിച്ചുപോയേ പറ്റൂ എന്നതുകൊണ്ടാണ് ഒരൊറ്റ യാത്രക്കാരനുമായി വിമാനം പറന്നത്. ആഭരണവിൽപ്പനശാലയിൽ സെയിൽസ്മാനായി നിസ്സാരശമ്പളത്തിന് 2001-ൽ ദുബായിലെത്തിയയാളാണ് ജവേരി. 2004-ൽ സ്വന്തം കമ്പനി തുടങ്ങി. അദ്ദേഹത്തിന്റെ രത്നവിൽപ്പനാ ശൃംഖലയ്ക്ക് ഇന്ന് കോടികളുടെ ആസ്തിയുണ്ട്. Content Highlights:Emirates flight operate with just one passenger on board
from mathrubhumi.latestnews.rssfeed https://ift.tt/3ukFGvz
via IFTTT
0 അഭിപ്രായങ്ങള്‍