വഴി വീതി കൂട്ടിയതും തുണച്ചില്ല, കൂറ്റന്‍ ലോറിക്ക് രണ്ടാം ദിനവും ലക്ഷ്യത്തിലെത്താനായില്ല

കുറവിലങ്ങാട്: പകലോമറ്റം ഞരളംകുളത്ത് നിർമാണം പുരോഗമിക്കുന്ന ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനിൽ സ്ഥാപിക്കാനുള്ള പടുകൂറ്റൻ ട്രാൻസ്ഫോർമറുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം രണ്ടാം ദിനവും ഫലം കണ്ടില്ല. കഴിഞ്ഞ ഒരു മാസത്തോളമായി കോഴയിൽ കാത്തുകിടന്ന ട്രെയിലറുകൾ സബ് സ്റ്റേഷൻ നിർമാണം നടക്കുന്ന സ്ഥലത്തിന് സമീപത്തേക്ക് വെള്ളിയാഴ്ച രാവിലെ എത്തിയിരുന്നു. വളവും കയറ്റവും വില്ലൻ നിർമാണ സ്ഥലത്ത് വെള്ളിയാഴ്ച ട്രെയിലർ എത്തിക്കാനും തൊട്ടടുത്ത ദിവസങ്ങളിൽ വിദഗ്ധസംഘം എത്തി ഇറക്കി സ്ഥാപിക്കാനുമാണ് നിശ്ചയിച്ചിരുന്നത്. വലിയ ട്രെയിലർ എത്തിക്കാൻ സബ് സ്റ്റേഷൻ നിർമാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി വീതികൂട്ടി ഒരുക്കങ്ങളും നടത്തിയിരുന്നു. ട്രെയിലറിലെ തൊഴിലാളികൾ എത്തി വഴിനിർമാണം വിലയിരുത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ നിർമാണ സ്ഥലത്തിന് അടുത്തുവരെ ട്രെയിലറുകൾ എത്തി. വളവും കയറ്റവും കടന്നുവേണം നിർമാണ സ്ഥലത്ത് എത്താൻ. ഇവിടെ കടക്കാൻ മൂന്ന് പുള്ളർ യന്ത്രങ്ങൾവരെ ഘടിപ്പിച്ച് നോക്കി. റോഡ് റോളർ അടക്കം ഉപയോഗിച്ച് വഴിയിലും നിർമാണം നടത്തി. വെള്ളിയാഴ്ച വൈകുംവരെ ശ്രമിച്ചിട്ടും വാഹനം നിർമാണസ്ഥലത്തേക്ക് എത്തിക്കാനായില്ല. ശനിയാഴ്ചയും വീണ്ടും മൂന്ന് പുള്ളറുകൾ ഉപയോഗിച്ച് ശ്രമം നടത്തിയെങ്കിലും പുകപടലങ്ങൾ ഉയർന്ന് അന്തരീക്ഷം മൂടിയതല്ലാതെ ട്രാൻസ്ഫോർമർ വഹിക്കുന്ന ട്രെയിലറുകൾ മുന്നോട്ട് നീങ്ങിയില്ല. 400 കിലോവോൾട്ട് ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനിൽ സ്ഥാപിക്കാനുള്ള 315 എം.വി.ഐ. ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളാണ് ട്രെയിലറിൽ ഉള്ളത്. മാർച്ച് 30-ന് ഹൈദരാബാദിൽനിന്ന് പുറപ്പെട്ട രണ്ട് വലിയ ട്രെയിലർ ലോറികളിലാണ് ട്രാൻസ്ഫോർമറുകൾ എത്തിച്ചത്. മേയ് ആദ്യദിവസം കോഴായിൽ എത്തി പാർക്ക് ചെയ്തിരുന്നു. ലോക്ഡൗൺ : ലക്ഷ്യം വൈകിപ്പിച്ചേക്കും മേയ് മാസം 10-നും 15-നും ഇടയിലുള്ള ഒരു ദിവസം നിർദ്ദിഷ്ടസ്ഥലത്തേക്ക് ട്രാൻസ്ഫോർമറുകൾ എത്തിക്കാനായിരുന്നു ലക്ഷ്യം. ഈ ദിവസങ്ങളിൽ ട്രാൻസ്ഫോർമർ എത്തിക്കാനാണ് ഷെഡ്യൂൾ ചെയ്തിരുന്നതും. തെലങ്കാനയിൽ ഫാക്ടറിയിൽ നിർമാണം പൂർത്തിയായതോടെ ട്രാൻസ്ഫോർമറുകളുമായി വാഹനം നേരത്തെ പുറപ്പെട്ട് നേരത്തെ എത്തുകയും ചെയ്തിരുന്നു. എന്നാൽ ലോക്ഡൗണും അത് മൂലമുണ്ടായ തൊഴിലാളിക്ഷാമവും കാര്യങ്ങൾ വൈകിപ്പിച്ചു. 2022-ലെ റിപ്പബ്ലിക് ദിനത്തിൽ നാടിന് സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമാണം പുരോഗമിച്ചിരുന്നത്. ഇതും വൈകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ജി.ഐ.എസ്. പരിപാലനച്ചെലവ് ഗണ്യമായി കുറഞ്ഞതും വൈദ്യുതിതടസ്സ സാധ്യതകൾ തീരെക്കുറവായതുമായ സാങ്കേതികവിദ്യയാണ് ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ(ജി.ഐ.എസ്.). നിലവിലെ സബ് സ്റ്റേഷനുകളിൽ വൈദ്യുതി ബ്രേക്കിങ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത് തുറസ്സായ സ്ഥലങ്ങളിലാണ്. ഇവയ്ക്കിടയിലെ ഇൻസുലേഷൻ അന്തരീക്ഷവായുവാണ്. ഇതിന് ഏറെ സ്ഥലം വേണ്ടിവരും. ജി.ഐ.എസ്. സംവിധാനത്തിൽ ബ്രേക്കിങ് സ്വിച്ചുകൾ സ്ഥാപിക്കുന്നത് അടച്ചിട്ട മുറിയിലാണ്. ഇതിനുള്ളിൽ വാതകം നിറയ്ക്കും. ഇവിടെ സൾഫർ ഹെക്സാ ഫ്ളൂറൈഡ് ആണ് നിറയ്ക്കുന്നത്. Content Highlights:Heavy Truck Stuck In Road, Gas Insulated Sub Station, Kottayam

from mathrubhumi.latestnews.rssfeed https://ift.tt/3uzZlYg
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍