ന്യൂഡൽഹി: ഓൺലൈൻ വാർത്താ പോർട്ടലുകളും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും പുതിയ ഐ.ടി. ചട്ടം പാലിച്ചോയെന്ന് കാട്ടി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രസർക്കാർ. ട്വിറ്റർ, ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ പ്രബല സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളോടും കഴിഞ്ഞദിവസം സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. സാമൂഹിക മാധ്യമങ്ങൾ, ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ, വാർത്താ പോർട്ടലുകൾ എന്നിവയുടെ ഉള്ളടക്കം നിയന്ത്രിക്കാൻ ഫെബ്രുവരി 25-ന് കൊണ്ടുവന്ന ചട്ടം പാലിച്ചത് സംബന്ധിച്ചാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റിപ്പോർട്ട് തേടിയത്. ഒ.ടി.ടി. പ്ലാറ്റ്ഫോം, വാർത്താ പോർട്ടൽ, ഡിജിറ്റൽ മീഡിയ എന്നിവയ്ക്ക് സ്വയംനിയന്ത്രണ സംവിധാനം, ധാർമികതാ ചട്ടം, ത്രിതല തർക്കപരിഹാര സംവിധാനം എന്നിവ വേണമെന്ന് മാർഗനിർദേശം. സിനിമകൾക്ക് സമാനമായി യൂണിവേഴ്സൽ (യു.), അഡൾട്ട്സ് (എ.), യു./എ. എന്നിങ്ങനെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും ഉള്ളടക്കത്തെ തരംതിരിക്കണം. ഉപയോക്താവിന്റെ വയസ്സ് പരിശോധിക്കാൻ വിശ്വസനീയമായ സംവിധാനമൊരുക്കണം. വാർത്താ പോർട്ടലുകൾ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിക്കുന്ന മാധ്യമപ്രവർത്തന മാനദണ്ഡങ്ങളും കേബിൾ ടെലിവിഷൻ ശൃംഖലാ നിയന്ത്രണ നിയമത്തിന്റെ പ്രോഗ്രാം കോഡും പാലിക്കണം. പോർട്ടലുകളുടെ പ്രസാധകർ തർക്കപരിഹാര ഓഫീസറെ നിയമിക്കുകയും 15 ദിവസത്തിനുള്ളിൽ പരാതികളിൽ തീർപ്പു കല്പിക്കുകയും വേണം. പ്രസാധകർക്ക് ഒന്നോരണ്ടോ സ്വയംനിയന്ത്രണ സമിതികളെ നിയോഗിക്കാം. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ജഡ്ജിമാരോ ഉന്നതവ്യക്തികളോ ആയിരിക്കണം സമിതിയെ നയിക്കേണ്ടതെന്നും ചട്ടത്തിലുണ്ട്. പരമ്പരാഗത ടെലിവിഷൻ വാർത്താ മാധ്യമങ്ങളെയും അവയുടെ ഡിജിറ്റൽ സംവിധാനങ്ങളെയും പുതിയ ഐ.ടി. ചട്ടങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ.ബി.എ.) കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. Content highlights: Give details on compliance with new rules in 15 days: Centre to OTT, digital media platforms
from mathrubhumi.latestnews.rssfeed https://ift.tt/3uth8jY
via IFTTT
0 അഭിപ്രായങ്ങള്‍