വിവാഹത്തിനായുള്ള മതംമാറ്റം തടയുന്ന നിയമവുമായി ഗുജറാത്ത്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ കർശന വ്യവസ്ഥകളോടെ മതസ്വാതന്ത്ര്യനിയമം ഭേദഗതി ചെയ്തു. വിവാഹത്തിനായുള്ള നിർബന്ധിത മതംമാറ്റം കുറ്റകരമാക്കി. കുറ്റക്കാരായ സംഘടനാ നേതാക്കൾക്കും തടവും പിഴയും നിർദേശിക്കുന്നതാണ് നിയമം. ലൗ ജിഹാദ് വിരുദ്ധനിയമം എന്നപേരിൽ പ്രചരിക്കുന്ന ഈ നിയമം നേരത്തേ ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളും നടപ്പാക്കിയിരുന്നു. 2003 മുതൽ ഗുജറാത്തിൽ പ്രാബല്യത്തിലുള്ള നിയമം ശക്തമാക്കുകയാണ് ഇപ്പോൾ ചെയ്തത്. മതംമാറ്റത്തിനുള്ള മറ്റ് മാർഗങ്ങളും എളുപ്പമല്ലാതാക്കുന്നതാണ് നിയമം. മറ്റുസംസ്ഥാനങ്ങളിൽ കുറഞ്ഞശിക്ഷ ഒരു വർഷമാണെങ്കിൽ ഇവിടെ മൂന്നു വർഷമാക്കിയിട്ടുണ്ട്. തെറ്റായ വഴികളിലൂടെയുള്ള മതപരിവർത്തനത്തിലാണ് വിവാഹംകൂടി ഉൾപ്പെടുത്തിയത്. വിവാഹം ചെയ്യുന്നയാളെ മാത്രമല്ല, അതിന് പ്രേരിപ്പിക്കുന്നവരെയും പ്രതികളാക്കാം. ശരിയായ പേര്, ജാതി, മതം എന്നിവ ഒളിപ്പിച്ചുവെച്ച് വിവാഹം ചെയ്യുന്നതും കുറ്റകരമാണ്. പ്രലോഭനങ്ങളിലൂടെയുള്ള മതംമാറ്റത്തിൽ മെച്ചപ്പെട്ട ജീവിതം, ദൈവകൃപ എന്നിവ വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാക്കി. മൂന്നുമുതൽ അഞ്ചുവർഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇരകൾ സ്ത്രീകളോ പ്രായപൂർത്തിയാകാത്തവരോ പട്ടികജാതി, പട്ടിക വർഗക്കാരോ ആണെങ്കിൽ നാലുമുതൽ ഏഴുവർഷം വരെയാണ് തടവ്. കുറ്റത്തിന് നേതൃത്വം നൽകുന്ന സംഘടനകളുടെ ഭാരവാഹികളെ 10 വർഷംവരെ തടവിനും അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും ശിക്ഷിക്കാം. ദൈവകൃപാ വാഗ്ദാനവും കുറ്റമായതോടെ വിവിധ മതസംഘടനകളുടെ പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെടും. സർക്കാരിന്റെ യാതൊരു സഹായത്തിനും അർഹതയുമുണ്ടാവില്ല. നിർബന്ധിത വിവാഹത്തിനെതിരേ ഇരയുമായി രക്തബന്ധമുള്ള ആർക്കും പോലീസിൽ പരാതിപ്പെടാം. ഇര സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിയുടേതാണ്. മതംമാറ്റുന്നതിനു വേണ്ടി സ്ത്രീകളെ വശീകരിച്ച് വിവാഹം ചെയ്യുന്നതടക്കമുള്ള പഴുതുകൾ അടയ്ക്കുന്നതിനാണ് ഭേദഗതിയെന്നും നിയമം വിശദീകരിക്കുന്നു. കേരളവും ചർച്ചയിൽ ഗുജറാത്ത് നിയമസഭയിൽ മതപരിവർത്തനനിയമം സംബന്ധിച്ച ചർച്ചയിൽ ബി.ജെ.പി. കേരളത്തിലെ സ്ഥിതിയും ഉന്നയിച്ചു. ബിൽ അവതരിപ്പിച്ച് സംസാരിച്ച ആഭ്യന്തരസഹമന്ത്രി പ്രദീപ് സിങ് ജഡേജ പെൺകുട്ടികളെ ജിഹാദികളുടെ ഇരകളാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ലൗ ജിഹാദിന് ഇരയാകുന്ന സ്ത്രീകളെ മുസ്ലിം തീവ്രവാദ സംഘടനകൾ ജിഹാദി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന കേരളത്തിലെ ക്രൈസ്തവ സഭകളുടെ പരാതിയും അദ്ദേഹം ഉദ്ധരിച്ചു. ചില അയൽ രാജ്യങ്ങളുടെ അവസ്ഥയും പറഞ്ഞു. ജിഹാദി പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എ. ഇമ്രാൻ ഖേഡാവാല നിയമത്തിന്റെ പകർപ്പ് സഭയിൽ കീറിയെറിഞ്ഞു. ഹിന്ദു പെൺകുട്ടികളെ ഒരു പ്രത്യേക സമുദായത്തിലെ യുവാക്കൾ പ്രലോഭിപ്പിച്ച് മതംമാറ്റുന്നെന്ന പ്രദീപ് സിങ് ജഡേജയുടെ പരാമർശത്തിനെതിരായിരുന്നു പ്രതിഷേധം. ഇതര മതക്കാർ മുസ്ലിം പെൺകുട്ടികളെ വിവാഹം ചെയ്ത് മതംമാറ്റിയതിന് നൂറു തെളിവ് താൻ തരാമെന്നായിരുന്നു ഖേഡാവാലയുടെ അവകാശവാദം. ഏതു മതത്തിലേക്കായാലും നിർബന്ധിത പരിവർത്തനം തെറ്റാണെന്നും അതിന് ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിൽ ലൗ ജിഹാദെന്ന പരാമർശമില്ലാത്തപ്പോൾ അങ്ങനെ പ്രചാരണം നടത്തുന്നതിനെ മറ്റൊരു കോൺഗ്രസ് എം.എൽ.എയായ ഗ്യാസുദ്ദിൻ ഷെയ്ഖും വിമർശിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിലവിലെ വകുപ്പുകൾതന്നെ പര്യാപ്തമാണെന്നും കോൺഗ്രസ് അംഗങ്ങൾ വാദിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/3sNzQTe
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍