ധര്‍മടം മണ്ഡലത്തില്‍ ഏഴായിരത്തിലേറെ ഇരട്ടവോട്ടെന്ന് യു.ഡി.എഫ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനംചെയ്യുന്ന ധർമടം മണ്ഡലത്തിൽ ഇരട്ടവോട്ടുകൾ തള്ളാൻ ഫോം -7ൽ പരാതി നൽകിയിട്ടും ഇടതു ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ്. നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏഴായിരത്തോളം ഇരട്ട വോട്ടുകൾ മണ്ഡലത്തിൽ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഒഴിവാക്കാൻ കൊടുത്ത അപേക്ഷയിൽ ബന്ധപ്പെട്ട വോട്ടർമാരെ വിളിപ്പിക്കാതെ പരാതിക്കാരെ മാത്രം വിളിപ്പിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ സി.പി.എമ്മിന്റെ ഭൂരിപക്ഷം കൂട്ടാൻ കൂട്ടുനിൽക്കുകയാണ്. കളക്ടറുടെ അനുമതിയുണ്ടെങ്കിലേ ഒഴിവാക്കാനാകൂവെന്നാണ് പറയുന്നത്. എന്നാൽ ഫോം -7ൽ പരാതി കിട്ടിയാൽ അന്വേഷിച്ച് ആള് സ്ഥലത്തില്ലാതിരിക്കുകയോ മരിച്ചുപോകുകുയോ കാണാതാകുകയോ ചെയ്തതാണെന്ന് ബോധ്യപ്പെട്ടാൽ ആരുടെയും അനുമതി ഇല്ലാതെ തള്ളാം. വേങ്ങാട് പഞ്ചായത്തിലെ 70-ാം നമ്പർ ബൂത്തിൽ 120 വോട്ടുകൾ തള്ളാൻ കൊടുത്തെങ്കിലും ആർക്കും നോട്ടീസ് പോലും കൊടുത്തിട്ടില്ല. 143-ാം നമ്പർ ബൂത്തിൽ നൂറോളം വോട്ടുകൾ തള്ളണമെന്ന് അപേക്ഷ കൊടുത്തെങ്കിലും നടപടിയില്ല. മണ്ഡലത്തിൽ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷവും പതിനായിരത്തോളം വോട്ടുകൾ ചേർക്കാൻ അപേക്ഷ വന്നിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സി.പി.എം. ഇരട്ട വോട്ടുകൾ ചേർക്കാൻ നടത്തുന്ന ശ്രമമാണ്. വോട്ടിങ് 95 ശതമാനം കടക്കാതിരിക്കാനാണ് മരിച്ചവരുടെ പേര് പട്ടികയിൽ ചേർക്കുന്നത്. പരിധിയിൽ കൂടുതൽ ഓപ്പൺ വോട്ട് ചെയ്യാനും സി.പി.എം. ശ്രമം നടത്തുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി സി. രഘുനാഥ്, സെക്രട്ടറി എൻ. രാമകൃഷ്ണൻ, യു.ഡി.എഫ്. മണ്ഡലം കമ്മറ്റി ചെയർമാൻ കെ.പി. ജയാനന്ദൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എൻ.പി. താഹിർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. തന്റെ പക്കൽ മുപ്പതിൽ താഴെ പരാതിയെ കിട്ടിയുള്ളുവെന്ന് 70-ാം നമ്പർ ബൂത്തിലെ ബൂത്തുലെവൽ ഓഫീസർ ആർ.കെ. ഗണേശൻ വ്യക്തമാക്കി. അന്വേഷണത്തിൽ ഇവർ ശരിയായ വോട്ടർമാരാണെന്നാണ് വ്യക്തമായത്. ചിലർ പഠിക്കാനും മറ്റും പോയതിനാൽ സ്ഥലത്തില്ലായിരുന്നു. അവരുടെ വോട്ട് നിഷേധിക്കാൻ ഇത് മതിയായ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/2PpMF7D
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍