കോൺഗ്രസ് നേത്വനിരയിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന കാലത്താണ് 2001ൽ ചെറിയാൻഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. ഇടത് സഹയാത്രികനായി പിന്നിട്ട കഴിഞ്ഞ 20 വർഷക്കാലത്തെ അനുഭവങ്ങൾ പങ്കിടുകയാണ് അദ്ദേഹം. മൂന്ന് തവണ സി.പി.എം. നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. മാതൃഭൂമി പ്രതിനിധി എം.പി.സൂര്യദാസിന് നൽകിയ അഭിമുഖത്തിൽ നിലപാട് വിശദീകരിക്കുകയാണ് ചെറിയാൻഫിലിപ്പ്. 2001ൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചുകൊണ്ടാണല്ലോ തിരുത്തൽവാദത്തിന് തുടക്കമിട്ടത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ? തുടർച്ചയായി രണ്ടു തവണ എം.എൽ.എ.മാരായവർ മാറിനിക്കണമെന്ന് യൂത്ത്കോൺഗ്രസിൽ പ്രവർത്തിച്ചകാലം മുതൽ ഞാൻ വാദിച്ചിരുന്നു. സീറ്റുകൾ കുത്തകയാക്കിവെക്കുന്നതിനോടായിരുന്നു എതിർപ്പ്. അത് ഒരിക്കലും ഉമ്മൻചാണ്ടിയെപോലുള്ള നേതാക്കളെ ഉദ്ദേശിച്ചായിരുന്നില്ല. അദ്ദേഹത്തെ പോലുള്ളവരെ പാർട്ടിക്ക് വീണ്ടും മത്സരിപ്പിക്കേണ്ടിവരും. തുടർച്ചയായി രണ്ടുതവണ ജയിച്ചവർ മാറിനിൽക്കണമെന്ന നിലപാട് പാർട്ടി അംഗീകരിക്കാതെ വന്നപ്പോഴാണ് 2001ൽ പുതുപ്പള്ളിയിൽ മത്സരിച്ചത്. അത് ഉമ്മൻചാണ്ടിക്കെതിരായ വ്യക്തിവിരോധം കൊണ്ടാണെന്ന് ചിലർ വ്യാഖ്യാനിച്ചു. അത് ശരിയല്ല. അത് ഒരു പ്രതീകാത്മകപോരാട്ടമായിരുന്നു. അതിൽ ഒട്ടും കുറ്റബോധമില്ല. പ്രതീകാത്മകമായ ആ പോരാട്ടം കോൺഗ്രസിൽ എന്തെങ്കിലും ചലനം സൃഷ്ടിച്ചോ.? അന്ന് ഞാൻ തുടങ്ങിവെച്ച പോരാട്ടമാണ് പിൽക്കാലത്ത് പലർക്കും സീറ്റ് ലഭിക്കാൻ കാരണമായത്.ഞാൻ ആർക്കൊക്കെ വേണ്ടിയാണോ പോരാടിയത് അവർക്കൊക്കെ പിന്നീട് സീറ്റ് കിട്ടി. എം.കെ.രാഘവൻ, കെ.പി.ധനപാലൻ തുടങ്ങിയവർ ഇതിൽപ്പെടും. ഇടതുപക്ഷവുമായി ആലോചിച്ച് ഉറപ്പിച്ചിട്ടാണോ അന്ന് പുതുപ്പള്ളിയിൽ മത്സരിച്ചത് ? നിലപാടിന്റെ പേരിൽ ഞാൻ പുതുപ്പള്ളിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പറഞ്ഞപ്പോൾ ആദ്യം എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ഗൗരവമായി കണ്ടില്ല. അത് വെറുതെ പറയുകയാണെന്നാണ് അവർ കരുതിയത്. പക്ഷേ പുതുപ്പള്ളിൽ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ മാത്രമാണ് ഞാൻ സീരിയസാണെന്ന് അവർ മനസിലാക്കിയത്. ഇടതുമായി ആലോചിച്ചല്ല പത്രിക നൽകിയത്. മത്സരിക്കാൻ ഉറപ്പിച്ചപ്പോൾ ആ സന്ദർഭം സി.പി.എം. പ്രയോജനപ്പെടുത്തിയെന്നേയുള്ളു. അവർ എനിക്ക് പിന്തുണ തന്നു. പിണറായിവിജയനാണോ താങ്കളെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചത് ? പിണറായി വിജയൻ 1970ൽ എം.എൽ.എ. ആയകാലം മുതൽ എനിക്ക് അദ്ദേഹവുമായി അടുപ്പമുണ്ട്. അന്നുമുതൽ അദ്ദേഹത്തോട് വലിയ മതിപ്പ് തോന്നിയിട്ടുണ്ട്. പിണറായിയുമായി അടുക്കാൻ പ്രയാസമാണ്. അടുത്താൽ അകലാനും പ്രയാസം. അദ്ദേഹം നൽകിയ സ്നേഹത്തിന്റെ മാസ്മരികവലയത്തിലാണ് അന്നുമുതൽ ഞാൻ. കോൺഗ്രസുമായി അകന്നപ്പോൾ എന്നെ ഇടതുപക്ഷത്തേക്ക് സ്വീകരിച്ചതും സംരക്ഷിച്ചതും പിണറായിവിജനാണ്. ഒരുകാലത്ത് എ.കെ.ആന്റണിയുടെ വിശ്വസ്തനായ താങ്കൾ ഇപ്പോൾ പിണറായി വിജയന്റെയും വിശ്വസ്തനാണ്. രണ്ട് ധ്രുവങ്ങളിലുള്ള ഇവരുമായി അടുത്തതിന്റെ രസതന്ത്രം എന്താണ്? കോൺഗ്രസിലായിരുന്നപ്പോൾ ഞാൻ നല്ല കോൺഗ്രസുകാരനും ഇടതുപക്ഷത്തായപ്പോൾ നല്ല ഇടതുപക്ഷക്കാരനുമായി എന്നതാണ് സത്യം. കോൺഗ്രസിൽ പ്രവർത്തിച്ചപ്പോഴും ഇ.എം.എസുമായി ഏറെ അടുപ്പമുണ്ടായി. കോൺഗ്രസിൽ ആന്റണി ഗ്രൂപ്പിലായിരുന്നിട്ടും കെ.കരുണാകരനുമായും നല്ല ബന്ധത്തിലായിരുന്നു. കരുണാകരന് സ്വന്തം ഗ്രൂപ്പ് നേതാക്കളെക്കാൾ ഇഷ്ടം എന്നോടായിരുന്നു.പലപ്പോഴും സ്വകാര്യങ്ങൾ പങ്കുവെക്കാറുണ്ട്. ആന്റണി എനിക്ക് ഗുരുതുതുല്യനാണ്. യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ ചേരാൻ വന്നപ്പോൾ രക്ഷാകർത്താവിന്റെ കോളത്തിൽ ഒപ്പിട്ടത് ഉമ്മൻചാണ്ടിയാണ്. കോൺഗ്രസ് വിട്ട ശേഷം ഇന്നുവരെ പിണറായി വിജയനാണ് എന്റെ സംരക്ഷകൻ. വർഷങ്ങളായി ഓണത്തിനും വിഷുവിനും ഞാൻ ഭക്ഷണം കഴിക്കുന്നത് പിണറായി വിജയന്റെ വീട്ടിൽവെച്ചാണ്. എന്റെ വലംനെഞ്ചിൽ ആന്റണിയും ഇടംനെഞ്ചിൽ പിണറായി വിജയനുമാണ്. രണ്ടുപേരെയും ഉപേക്ഷിക്കുക പ്രയാസം. ഇടതുപക്ഷത്തേക്ക് മാറിയതുകൊണ്ട് രാഷ്ട്രീയജീവിതത്തിൽ നേട്ടമുണ്ടായില്ല എന്ന് കരുതുന്നുണ്ടോ ? സി.പി.എം. മൂന്ന് തവണ എന്നെ മത്സരിപ്പിച്ചു. പുതുപ്പള്ളി, കല്ലൂപ്പാറ, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. നേരത്തെ കോൺഗ്രസിലുള്ളപ്പോൾ കോട്ടയത്ത് മത്സരിച്ചു. എന്നെക്കാൾ പ്രഗത്ഭരായ എതിരാളികളോടാണ് മത്സരിച്ച് തോറ്റത്. തോറ്റതുകൊണ്ട് ഞാൻ ഒരു പരാജിതനാണെന്ന് കരുതുന്നില്ല. എതിരാളികളുടെ കോട്ടയിൽ പോയി മത്സരിച്ചതുകൊണ്ട് ജയിക്കാനായില്ല. എന്റെ മനസിൽ ആരോടും ശത്രുതയില്ല. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഉത്തരവാദി ഞാൻ മാത്രം. രാഷ്ട്രീയത്തിൽ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം ഞാൻ സൂക്ഷിച്ചിട്ടില്ല. സി.പി.എം. ഒരു ഷുവർസീറ്റ് നൽകിയില്ല എന്ന പരാതിയുണ്ടോ ? എനിക്ക് ഷുവർസീറ്റ് നൽകണമെന്ന് പിണറായി വിജയൻ ആഗ്രഹിച്ചിരുന്നു. പാർട്ടിനേതൃത്വവും അതിന് ശ്രമിച്ചിരുന്നു. പക്ഷേ എന്നെ മത്സരിപ്പിക്കണമെന്ന് ആഗ്രഹിച്ച സീറ്റുകളിൽ ജില്ലാ ഘടകങ്ങൾ വേറെ പേരുകൾ നിർദ്ദേശിക്കും. എന്നെപോലുള്ള പാർട്ടിക്കുപുറത്തുള്ള ആളെ അടിച്ചേൽപ്പിച്ച് സ്ഥാനാർഥിയാക്കുക എളുപ്പമല്ല. എങ്കിലും കെ.ടി.ഡി.സി. ചെയർമാൻ തുടങ്ങിയ പല പദവികളും നൽകി പരിഗണിച്ചിട്ടുണ്ട്. പാർട്ടി മെമ്പർഷിപ്പ് പോലുമില്ലാത്ത എനിക്ക് എ.കെ.ജി. സെന്ററിൽ മുറിയും ഭക്ഷണവും നൽകി 20 വർഷമായി സംരക്ഷിച്ചത് മറന്നുപോവരുത്. ഇടതുമുന്നണിയിൽ പ്രവർത്തിച്ച 20 വർഷത്തിൽ ഒന്നും നേടിയില്ലെന്ന് തോന്നുന്നുണ്ടോ ? രാഷ്ട്രീയത്തിൽ എന്തുനേടിയെന്ന ചോദ്യം അപ്രസക്തമാണ്. എന്തുനേടിയെന്ന ചോദ്യത്തിന് ഉത്തരമില്ല. പുതിയ അറിവുകളാണ് പുതിയ രാഷ്ട്രീയ നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്നത്. എടുത്ത നിലപാടുകൾ ശരിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇരുമുന്നണികളിലും പ്രവർത്തിച്ച പരിചയത്തിൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും എങ്ങനെ വിലയിരുത്തുന്നു ? അഖിലേന്ത്യാതലത്തിൽ നേതൃശൂന്യതയാണ് കോൺഗ്രസിനെ അലട്ടുന്നതെങ്കിൽ കേരളത്തിൽ നേതാക്കളുടെ ബാഹുല്യമാണ് കോൺഗ്രസിന്റെ പ്രശ്നം. എൽ.ഡി.എഫിന്റെ തുരുപ്പ് ശീട്ട് പിണറായിവിജയൻ തന്നെയാണ്. തീരുമാനം എടുത്താൽ അതിൽ ഉറച്ചുനിൽക്കുന്ന നേതാവാണ് അദ്ദേഹം. പതിറ്റാണ്ടുകളോളം ഇ.എം.എസിനെ കേന്ദ്രീകരിച്ചാണ് കേരളം രാഷ്ട്രീയം ചലിച്ചതെങ്കിൽ ഇപ്പോൾ പിണറായിയാണ് കേരളരാഷ്ട്രീയത്തിലെ കേന്ദ്രബിന്ദു. ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭാസീറ്റിലേക്ക് താങ്കളെ പരിഗണിക്കുമെന്ന് കേൾക്കുന്നുണ്ടല്ലോ ? അതൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. കാഡർ പാർട്ടിയിൽ അതൊക്കെ അപ്പോൾ മാത്രമാണ് തീരുമാനിക്കുന്നത്. നേരത്തെ ആരെയെങ്കിലും കണ്ടുവെക്കുന്ന പതിവില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2NVmbdK
via IFTTT
0 അഭിപ്രായങ്ങള്‍